Asianet News MalayalamAsianet News Malayalam

അവസാന ടിക്കറ്റില്‍ ഇന്ത്യന്‍ സ്ക്വാഡിലേക്ക്; മൊഹാലിയില്‍ ഉമേഷ് യാദവിനെ കാത്തിരിക്കുന്നത് 'ഓണം ബംപർ'

മൊഹാലി ടി20യില്‍ അവസരം ലഭിച്ചാല്‍ 43 മാസത്തിന് ശേഷം വൈറ്റ് ബോളില്‍ ഇന്ത്യക്കായി കളിക്കാനുള്ള വഴിയാകും ഉമേഷ് യാദവിന് മുന്നില്‍ തുറക്കുക

IND vs AUS Umesh Yadav likely to play first T20I against Australia in Mohali
Author
First Published Sep 18, 2022, 5:58 PM IST

മൊഹാലി: ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയില്‍ അപ്രതീക്ഷിതമായി ലഭിച്ച അവസരം പേസർ ഉമേഷ് യാദവിന് ഓണം ബംപറായേക്കും. മൊഹാലിയിലെ ആദ്യ ടി20യില്‍ തന്നെ ഉമേഷിന് ഇന്ത്യ അവസരം നല്‍കിയേക്കും എന്നാണ് സൂചന. 

മൊഹാലി ടി20യില്‍ അവസരം ലഭിച്ചാല്‍ 43 മാസത്തിന് ശേഷം വൈറ്റ് ബോളില്‍ ഇന്ത്യക്കായി കളിക്കാനുള്ള വഴിയാകും ഉമേഷ് യാദവിന് മുന്നില്‍ തുറക്കുക. 2019 ഫെബ്രുവരിയില്‍ വിശാഖപട്ടണത്ത് ഓസീസിന് എതിരെയാണ് ഉമേഷ് ഇതിന് മുമ്പ് രാജ്യാന്തര ടി20 കളിച്ചത്. ഇതേ വേദിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 2018ലായിരുന്നു ഉമേഷിന്‍റെ അവസാന ഏകദിനം. എന്നാല്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഉമേഷ് ഐപിഎല്ലിലടക്കം സജീവമായിരുന്നു. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ കെകെആറിനായി 7.06 ഇക്കോണമിയില്‍ 16 വിക്കറ്റ് താരം വീഴ്ത്തിയിരുന്നു. ഇതാണ് മുഹമ്മദ് ഷമി കൊവിഡ് ബാധിതനായി പുറത്തായതോടെ ഉമേഷ് യാദവില്‍ സെലക്ടർമാരുടെ കണ്ണെത്താന്‍ കാരണം. 

ഏഷ്യാ കപ്പില്‍ ശരാശരിക്ക് താഴെ പ്രകടനം പേസർമാർ കാഴ്ചവെച്ചത് ഇന്ത്യ ഫൈനലിലെത്താതെ പുറത്താകാന്‍ കാരണമായിരുന്നു. ഇതുമാണ് പരിചയസമ്പന്നരായ മുഹമ്മദ് ഷമിക്കും ഉമേഷ് യാദവിനും വീണ്ടും അവസരം നല്‍കാന്‍ സെലക്ടമാരെ പ്രേരിപ്പിച്ചത്. കഴിഞ്ഞ മാസം റോയല്‍ ലണ്ടന്‍ കപ്പിനിടെ പരിക്കേറ്റ ഉമേഷ് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ചികില്‍സയിലും പരിശീലനത്തിലുമായിരുന്നു. ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്ക് മുമ്പ് ഇന്ത്യന്‍ സ്‍ക്വാഡിനൊപ്പം ചേരാന്‍ ഉമേഷ് യാദവ് ഇന്ന് രാവിലെ ഏഴ് മണിക്ക് ചണ്ഡീഗഢ് വിമാനത്താവളത്തില്‍ എത്തി. ഇവിടെ നിന്ന് നേരെ ടീം ഹോട്ടലിലേക്കാണ് താരം പോയത്. 

ഓസീസിനെതിരായ ഇന്ത്യന്‍ സ്‍ക്വാഡ്: രോഹിത് ശർമ്മ(ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഹാർദിക് പാണ്ഡ്യ, രവിചന്ദ്ര അശ്വിന്‍, അക്സർ പട്ടേല്‍, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ദിനേശ് കാർത്തിക്, യുസ്‍വേന്ദ്ര ചാഹല്‍, ഭുവനേശ്വർ കുമാർ, ഉമേഷ് യാദവ്, ഹർഷല്‍ പട്ടേല്‍, ദീപക് ചാഹർ, ജസ്പ്രീത് ബുമ്ര.

ഷമിക്ക് പകരം എന്തുകൊണ്ട് ഉമേഷ് യാദവ്? അളന്നുമുറിച്ച മറുപടിയുമായി രോഹിത് ശർമ്മ

Follow Us:
Download App:
  • android
  • ios