
മുംബൈ: ടീം ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായി ദിനേശ് കാര്‍ത്തിക്കും റിഷഭ് പന്തുമുണ്ട്. റിഷഭിന്‍റെ സ്‌ട്രൈക്ക് റേറ്റും കാര്‍ത്തിക്കിന്‍റെ ഫിനിഷിംഗ് മികവും ബാറ്റിംഗ് പൊസിഷനും വലിയ ചര്‍ച്ചാവിഷയമാണ്. പ്ലേയിംഗ് ഇലവനില്‍ ഇവരില്‍ ഒരു താരം മാത്രമുണ്ടാവാനാണ് സാധ്യത. നിലവില്‍ ടീം മാനേജ്‌മെന്‍റിന്‍റെ പിന്തുണ ഡികെയ്‌ക്കാണ് എന്നതിനാല്‍ ഇടംകൈയനാണെങ്കിലും റിഷഭ് ഇലവനിലെത്താനുള്ള സാധ്യത കുറവ്. എന്നാല്‍ എന്ത് വിലകൊടുത്തും റിഷഭ് പന്തിന് ഇന്ത്യ അവസരം നല്‍കണം എന്നാവശ്യപ്പെട്ടിരിക്കുകയാണ് ഓസീസ് ഇതിഹാസം ആദം ഗില്‍ക്രിസ്റ്റ്.
'റിഷഭ് പന്തിന്‍റെ ധൈര്യവും കരുത്തും അയാള്‍ ബൗളിംഗ് ആക്രമണങ്ങളെ നേരിടുന്ന രീതിയാണ്. ഇന്ത്യൻ നിരയിൽ റിഷഭ് പന്ത് നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് ഞാൻ കരുതുന്നു. റിഷഭിനും കാര്‍ത്തിക്കിനും ഒരുമിച്ച് കളിക്കാൻ കഴിയും. പക്ഷേ റിഷഭ് തീർച്ചയായും ടീമിലുണ്ടാവണമെന്ന് ഞാൻ കരുതുന്നു. പ്ലേയിംഗ് ഇലവനില്‍ രണ്ട് പേരും ഇടംപിടിച്ചാല്‍ അത് അമ്പരപ്പിക്കുന്നതാവും. അതിനുള്ള സാധ്യതയുണ്ട്. ദിനേശ് കാര്‍ത്തിക് വൈവിധ്യമുള്ള ബാറ്ററാണ്. ടോപ് ഓര്‍ഡറിലും മധ്യ, സ്ലോഗ് ഓവറുകളിലും ബാറ്റ് ചെയ്യാം' എന്നും ഗില്‍ക്രിസ്റ്റ് ഐസിസിയുടെ വീഡിയോയില്‍ ചൂണ്ടിക്കാട്ടി.
ടി20 ലോകകപ്പില്‍ റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക് എന്നിവരില്‍ ആരെ കളിപ്പിക്കും എന്ന ചോദ്യം ടീം ഇന്ത്യക്ക് മുന്നിലുണ്ട്. ഇരുവര്‍ക്കും ഒരേസമയം അവസരം നല്‍കുമോ എന്ന ചോദ്യവും സജീവം. ഏഷ്യാ കപ്പിലെ ഉദ്ഘാടന മത്സരത്തില്‍ റിഷഭ് പുറത്തിരുന്നപ്പോള്‍ കാര്‍ത്തിക്കിനാണ് അവസരം നല്‍കിയത്. ഹോങ്കോംഗിനെതിരായ അടുത്ത മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് വിശ്രമം നല്‍കിയപ്പോള്‍ ഇരു താരങ്ങളും ഇലവനിലെത്തി. ശ്രീലങ്കയ്ക്കെതിരെ റിഷഭ് കളിച്ചപ്പോള്‍ പാകിസ്ഥാനെതിരെ കാര്‍ത്തിക്കിനായിരുന്നു അവസരം. അഫ്‌ഗാനെതിരെ റിഷഭ് തിരിച്ചെത്തിയപ്പോള്‍ ഓസീസിനെതിരായ ആദ്യ ടി20യില്‍ കാര്‍ത്തിക്കിനാണ് ടീം ഇന്ത്യ അവസരം നല്‍കിയത്.
ഐപിഎല്‍ 2022 സീസണിന് ശേഷമാണ് ദിനേശ് കാര്‍ത്തിക് ഇന്ത്യന്‍ ടി20 ടീമിലേക്ക് മടങ്ങിയെത്തിയത്. ഐപിഎല്ലിലെ ഫിനിഷിംഗ് മികവോടെയായിരുന്നു ഇത്. എന്നാല്‍ ഇതിന് ശേഷം പ്രതീക്ഷിച്ച പ്രകടനം ഡികെയ്ക്ക് പുറത്തെടുക്കാനായില്ല. ഈ വര്‍ഷം 19 രാജ്യാന്തര ടി20കളിലെ 15 ഇന്നിംഗ്‌സുകളില്‍ 199 റണ്‍സ് മാത്രമാണ് ദിനേശ് കാര്‍ത്തിക്കിന് നേടാനായത്. അതേസമയം 16 രാജ്യാന്തര ടി20 ഇന്നിംഗ്‌സുകളില്‍ 25.91 ശരാശരിയിലും 133.47 സ്ട്രൈക്ക് റേറ്റിലും 311 റണ്‍സാണ് റിഷഭ് പന്ത് നേടിയത്.
ദിനേശ് കാര്‍ത്തിക്കിന്‍റെ റോള്‍ എന്ത്? ടീം ഇന്ത്യയുടെ തന്ത്രത്തിനെതിരെ മാത്യൂ ഹെയ്‌ഡന്‍