ഏകദിന ലോകകപ്പിന് ശേഷം നിരവധി സീനിയര്‍ താരങ്ങളെ മാറ്റിനിര്‍ത്തി ട്വന്‍റി 20 ടീം അഴിച്ചുപണിയാന്‍ ബിസിസിഐ  

മുംബൈ: ഈ വര്‍ഷത്തെ ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമില്‍ ഒട്ടേറെ മാറ്റങ്ങള്‍ വരുമെന്ന് ഉറപ്പായി. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ പല സീനിയര്‍ താരങ്ങളുടെയും കസേര തെറിക്കും. ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വിവരം അനുസരിച്ച് ലോകകപ്പിന് ശേഷം നായകന്‍ രോഹിത് ശര്‍മ്മ, മുന്‍ നായകന്‍ വിരാട് കോലി എന്നിവരുടെ രാജ്യാന്തര ട്വന്‍റി 20 ഭാവി സംബന്ധിച്ച് സെലക്‌ടര്‍മാര്‍ ചര്‍ച്ച ചെയ്യും. വെറ്ററന്‍ സ്‌പിന്നര്‍ രവിചന്ദ്ര അശ്വന്‍, പേസര്‍മാരായ മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവരുടെ ഭാവി സംബന്ധിച്ചും സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ ചര്‍ച്ചയുണ്ടാകും. 

ഇന്ത്യന്‍ ക്രിക്കറ്റിലെ തലമുറ മാറ്റത്തില്‍ പ്രധാനമായും ചര്‍ച്ച മുപ്പത്തിനാലുകാരനായ വിരാട് കോലിയുടെയും മുപ്പത്തിയാറുകാരനായ രോഹിത് ശര്‍മ്മയുടേയും കാര്യത്തിലാണ്. വരാനിരിക്കുന്ന പുതിയ മുഖ്യ സെലക്‌ടറുടെ കീഴിലായിരിക്കും സൂപ്പര്‍ താരങ്ങളുടെ ഭാവി സംബന്ധിച്ച് നിര്‍ണായക ചര്‍ച്ച നടക്കുക. ഇന്ത്യന്‍ മുന്‍ പേസര്‍ അജിത് അഗാര്‍ക്കര്‍ ചീഫ് സെലക്‌ട‌റാവും എന്ന സൂചന നേരത്തെ പുറത്തുവന്നിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിലെ സഹപരിശീലകന്‍റെ റോള്‍ ഒഴിഞ്ഞ അഗാര്‍ക്കര്‍ സെലക്‌ടര്‍ സ്ഥാനത്തേക്ക് അപേക്ഷിച്ചിട്ടുണ്ട്. 

'താരങ്ങളുമായി ഭാവി ചര്‍ച്ച ചെയ്യുകയാണ് മുഖ്യ സെലക്‌ടറുടെ പ്രധാന ചുമതലകളിലൊന്ന്. വിരാട് കോലിയും രോഹിത് ശര്‍മ്മയും കഴിയുന്നത്ര കാലം ടീമില്‍ തുടരണം എന്നാണ് ആഗ്രഹം. എന്നാല്‍ എല്ലാ വലിയ താരങ്ങള്‍ക്കും അവരുടെ ഭാവി സംബന്ധിച്ച് തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ട സമയം വരും. മൂന്ന് ഫോര്‍മാറ്റിലും ഐപിഎല്ലിലും കളിക്കുക അത്ര അനായാസമായ കാര്യമല്ല' എന്നും ബിസിസിഐ ഉന്നതന്‍ ഇന്‍സൈഡ് സ്പോര്‍ടിനോട് പറഞ്ഞു. ഏകദിന ലോകകപ്പിന് ശേഷം ടെസ്റ്റിലും ട്വന്‍റി 20യിലേക്കും ശ്രദ്ധ നല്‍കുന്നതിന്‍റെ ഭാഗമായാണ് താരങ്ങളുടെ ഭാവി ബിസിസിഐ ചര്‍ച്ച ചെയ്യുക. 2024ലെ ടി20 ലോകകപ്പിനായി 20 താരങ്ങളുടെ സാധ്യതാ സ്‌ക്വാഡിനെ സെലക്‌ടര്‍മാര്‍ക്ക് ഒരുക്കേണ്ടതുണ്ട്. 

Read more: ഏകദിന ലോകകപ്പ്: 400+ സ്കോര്‍ നേടുന്ന ടീമുകളെ പ്രവചിച്ച് സുനില്‍ ഗവാസ്‌കര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാംAsianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News