
ബെംഗളൂരു: ബോർഡർ-ഗാവസ്കർ ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ഇന്ത്യന്‍ ആരാധകർക്ക് സന്തോഷ വാർത്ത. പരമ്പരയിലെ അവസാന രണ്ട് ടെസ്റ്റുകള്‍ ബുമ്ര കളിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ബുമ്ര ബൗളിംഗ് ആരംഭിച്ചുകഴിഞ്ഞു. 'അതേ, ബുമ്ര ബൗളിംഗ് ആരംഭിച്ചിട്ടുണ്ട്. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമുണ്ടാകില്ല എന്ന് പ്രതീക്ഷിക്കുന്നതായും, താരം ഫിറ്റാണെന്ന് പ്രഖ്യാപിക്കാനാകും എന്ന് കരുതുന്നതായും' ബിസിസിഐ വൃത്തങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കി.
ധരംശാലയില്‍ മാർച്ച് ഒന്നാം തിയതിയാണ് ഇന്ത്യ-ഓസീസ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. മത്സരത്തില്‍ ബുമ്ര തിരിച്ചെത്തിയേക്കും. കഴിഞ്ഞ വർഷം ഇംഗ്ലണ്ട് പര്യടനത്തെ തുടർന്നാണ് ജസ്പ്രീത് ബുമ്ര നടുവേദന പരാതിപ്പെടുന്നതത്. പിന്നാലെ നട്ടെല്ലിന് പരിക്ക് സ്ഥിരീകരിക്കപ്പെട്ട താരം ദീർഘകാലമായി ചികില്‍സയിലാണ്. വെസ്റ്റ് ഇന്‍ഡീസ് പര്യടനവും ഏഷ്യാ കപ്പും ദക്ഷിണാഫ്രിക്കന്‍ പരമ്പരയും ടി20 ലോകകപ്പും നഷ്ടമായി. ഇതിനിടെ ഓസീസിനെതിരെ ഒരു മത്സരത്തില്‍ ആറ് ഓവർ എറിഞ്ഞെങ്കിലും പരിക്ക് താരത്തെ വീണ്ടും വലയ്ക്കുകയായിരുന്നു. ഒടുവില്‍ ശ്രീലങ്കയ്ക്ക് എതിരായ പരമ്പരയ്ക്കുള്ള സ്ക്വാഡിലേക്ക് ഉള്‍പ്പെടുത്തിയെങ്കിലും അവസാന നിമിഷം ഒഴിവാക്കി. പിന്നാലെ ന്യൂസിലന്‍ഡിന് എതിരായ പരമ്പരയില്‍ ഉള്‍പ്പെടുത്താതിരുന്ന ബുമ്രയെ ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള സ്ക്വാഡിലും പേര് ചേർത്തിരുന്നില്ല. നാല് ടെസ്റ്റുകളാണ് ബോർഡർ-ഗാവസ്കർ ട്രോഫിയിലുള്ളത്.
ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ(ഫിറ്റ്‌നസ്), മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്‌ഘട്ട്, സൂര്യകുമാര്‍ യാദവ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!