ടെസ്റ്റ് ടീമിലിടമില്ല; പക്ഷേ ഇന്ത്യന്‍ ക്യാംപിലേക്ക് അപ്രതീക്ഷിത ക്ഷണം കിട്ടി യുവതാരങ്ങള്‍

By Web TeamFirst Published Feb 4, 2023, 10:10 AM IST
Highlights

രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരാണ് സ്‌ക്വാഡിലെ സ്‌പിന്നര്‍മാര്‍

നാഗ്‌പൂര്‍: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്ക് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നാഗ്‌‌പൂരില്‍ പരിശീലനം നടത്തുകയാണ്. നാഗ്‌പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് ഇന്ത്യന്‍ ക്യാംപ്. പരമ്പരയിലെ സ്‌ക്വാഡിലില്ലെങ്കിലും വാഷിംഗ്‌ടണ്‍ സുന്ദര്‍, സൗരഭ് കുമാര്‍, രാഹുല്‍ ചാഹര്‍, ആര്‍ സായ് കിഷോര്‍ തുടങ്ങിയ താരങ്ങള്‍ ഇന്ത്യന്‍ ടീമിനൊപ്പം നെറ്റ് ബൗളര്‍മാരായുണ്ട്. 

രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരാണ് സ്‌ക്വാഡിലെ സ്‌പിന്നര്‍മാര്‍. ഇവരില്‍ മൂന്ന് പേരാകും പ്ലേയിംഗ് ഇലവനിലെത്തുക. മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും ഉമേഷ് യാദവും ജയദേവ് ഉനദ്‌കട്ടും ടീമിലുള്ളതിനാല്‍ ബിസിസിഐ പേസര്‍മാരെ ആരെയും സ്‌ക്വാഡിലേക്ക് ചേര്‍ത്തിട്ടില്ല. എന്നാല്‍ ചില പ്രാദേശിക നെറ്റ് ബൗളര്‍മാര്‍ ടീമിനെ സഹായിക്കാനുണ്ട്. ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലും സൗരഭ് കുമാര്‍ ടീമിനൊപ്പമുണ്ടിയിരുന്നു. എന്നാല്‍ ഇതുവരെ രാജ്യാന്തര അരങ്ങേറ്റം കുറിക്കാത്ത താരമാണ്. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും തിളങ്ങിയിട്ടുള്ളവരാണ് സായ് കിഷോറും രാഹുല്‍ ചഹാറും. അതേസമയം പരിക്കിനാല്‍ 2021ന് ശേഷം ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടില്ല വാഷിംഗ്‌ടണ്‍ സുന്ദര്‍. അക്‌സര്‍ പട്ടേലിന്‍റെ ഫോമും വാഷിംഗ്‌ടണിന്‍റെ വഴിമുടക്കുകയായിരുന്നു. 

ഇന്നലെ രോഹിത് ശര്‍മ്മ, വിരാട് കോലി, രവീന്ദ്ര ജഡേജ, കെ എല്‍ രാഹുല്‍ തുടങ്ങിയ താരങ്ങള്‍ നെറ്റ്‌സില്‍ ഏറെനേരം പരിശീലിച്ചിരുന്നു. വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ രണ്ട് പരിശീലന സെഷന്‍ കൂടി ഇന്ത്യന്‍ ടീമിന് ബാക്കിയുണ്ട്. ഒന്‍പതാം തിയതി നാഗ്‌പൂരിലാണ് ഇന്ത്യ-ഓസീസ് നാല് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരം. 

ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ(ഫിറ്റ്‌നസ്), മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേ‌വ് ഉനദ്‌ഘട്ട്, സൂര്യകുമാര്‍ യാദവ്.  

വാക്‌പോര് തുടങ്ങി; സ്‌മിത്തിന് വായടപ്പിക്കുന്ന മറുപടിയുമായി അശ്വിന്‍, ഓസീസിന്‍റേത് മൈന്‍ഡ് ഗെയിം എന്ന് പരിഹാസം

click me!