
അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇക്കുറി വിസ്‌മയ കുതിപ്പിലെങ്കിലും ടീം ഇന്ത്യക്ക് മേല്‍ മാനസിക മുന്‍തൂക്കവുമായി ഓസീസ്. ലോകകപ്പിലെ നേർക്കുനേർ പോരുകളുടെ കണക്കില്‍ ഇന്ത്യക്കെതിരെ ഓസ്ട്രേലിയയ്ക്ക് വ്യക്തമായ ആധിപത്യമുണ്ട് എന്നതാണ് കാരണം. ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്ന 13 മത്സരങ്ങളിൽ എട്ടിലും ജയം ഓസീസിനായിരുന്നു. കാലവും താരങ്ങളും മാറിയെങ്കിലും ഓസീസിന്‍റെ എട്ടിൽ ഏഴും ഇന്ത്യയുടെ അഞ്ചിൽ മൂന്നും ജയം ആദ്യം ബാറ്റ് ചെയ്‌തപ്പോഴാണ് എന്നത് അഹമ്മദാബാദിലെ ടോസില്‍ നിര്‍ണായകമാകുമോ എന്ന് കണ്ടറിയാം.
ഇന്ത്യയും ഓസ്ട്രേലിയയും ഏകദിന ലോകകപ്പിൽ ആദ്യം ഏറ്റുമുട്ടിയത് 1983ലായിരുന്നു. ഓരോ മത്സരം ജയിച്ച് തുല്യത പാലിക്കാനായിരുന്നു അന്ന് വിധി. 1987ലും അതിന്‍റെ ആവര്‍ത്തനമുണ്ടായി. എന്നാല്‍ 1992 മുതൽ 2003വരെ നാല് ലോകകപ്പുകളിലായി അഞ്ച് തവണ ഏറ്റുമുട്ടിയപ്പോൾ സമ്പൂര്‍ണ ജയവുമായി ഓസീസ് സമഗ്രാധിപത്യം കാട്ടി. 2003 ഫൈനലില്‍ ജോഹാന്നസ്ബര്‍ഗിലേറ്റ മുറിപ്പാട് മറന്നിട്ടില്ല ഇന്ത്യന്‍ ആരാധകര്‍. 2011 ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലിൽ ധോണിപ്പട ഓസീസിനോട് മധുരപ്രതികാരം ചെയ്തു. എന്നാല്‍ അടുത്ത സെമിയിൽ ഇന്ത്യയുടെ കണ്ണുനീര്‍ വീഴ്‌ത്തി ഓസീസ് പകരംചോദിച്ചു. അതേസമയം ഈ ലോകകപ്പിലേതുൾപ്പെടെ അവസാനത്തെ രണ്ട് അങ്കത്തിലും ജയം ഇന്ത്യക്കൊപ്പം നിന്നത് രോഹിത്തിനും കൂട്ടര്‍ക്കും പ്രതീക്ഷയാണ്.
കണക്കിലെ മേൽക്കോയ്‌മയുമായി ഓസീസും ടൂര്‍ണമെന്‍റിലെ അപരാജിതരായി ഇന്ത്യയും നേര്‍ക്കുനേര്‍ വരുമ്പോൾ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് ആരാധകര്‍ ഉശിരന്‍ പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. നാളെ ഞായറാഴ്‌ച ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് ഒന്നരയ്‌ക്ക് കലാശപ്പോരിന് ടോസ് വീഴും. രണ്ട് മണിക്ക് മത്സരം ആരംഭിക്കും. നീണ്ട 10 വര്‍ഷത്തെ ലോകകപ്പ് കിരീട വരള്‍ച്ച അവസാനിപ്പിക്കാനാണ് രോഹിത് ശര്‍മ്മയും സംഘവും അഹമ്മദാബാദില്‍ ഇറങ്ങുന്നത്. 2011ല്‍ എം എസ് ധോണിയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു ടീം ഇന്ത്യ അവസാനമായി കിരീടം ചൂടിയത്. മത്സരത്തിന് മുന്നോടിയായി ഇന്ത്യയും ഓസീസിനും ഇന്ന് അഹമ്മദാബാദില്‍ അവസാനവട്ട പരിശീലനത്തിന് ഇറങ്ങും.
Read more: ഇന്ത്യന്‍ ടീമില്‍ കോലി മാത്രം, ഓസീസില്‍ അഞ്ച് താരങ്ങള്‍; പേടിക്കണം നമ്മള്‍ ഈ കണക്ക്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!