ഇന്ത്യന്‍ ടീമില്‍ കോലി മാത്രം, ഓസീസില്‍ അഞ്ച് താരങ്ങള്‍; പേടിക്കണം നമ്മള്‍ ഈ കണക്ക്
ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നാളെ ഞായറാഴ്‌ചയാണ് ഇന്ത്യ-ഓസ്ട്രേലിയ കലാശപ്പോര്

അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിന് ഓസ്‌ട്രേലിയക്കെതിരെ ഇറങ്ങുമ്പോൾ ഇന്ത്യന്‍ റണ്‍മെഷീന്‍ വിരാട് കോലിക്ക് ഒരു അപൂർവ നേട്ടം സ്വന്തമാകും. ഏകദിന ലോകകപ്പിൽ രണ്ട് ഫൈനൽ കളിക്കുന്ന ആറാമത്തെ ഇന്ത്യൻ താരമാവാനാണ് കോലി ഒരുങ്ങുന്നത്. സച്ചിൻ ടെൻഡുൽക്കര്‍, വിരേന്ദര്‍ സെവാഗ്, യുവരാജ് സിംഗ്, ഹര്‍ഭജൻ സിംഗ്, സഹീര്‍ ഖാൻ എന്നിവരാണ് ഏകദിന ഫോര്‍മാറ്റില്‍ രണ്ട് ലോകകപ്പ് ഫൈനലുകള്‍ കളിച്ച ഇന്ത്യൻ താരങ്ങൾ. 2003ൽ ഓസ്ട്രേലിയയോട് തലകുനിച്ച് മടങ്ങിയ ഇവര്‍ക്കെല്ലാം 2011ൽ എം എസ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ വിശ്വകിരീടത്തിൽ മുത്തമിടാനായി.
വാങ്കഡേയിൽ 2011ല്‍ ചാമ്പ്യൻമാരായ ടീമിലെ രണ്ട് താരങ്ങൾ ഇത്തവണത്തെ ടീമിലുണ്ട്. വിരാട് കോലിയും സ്‌പിന്നര്‍ ആര്‍ അശ്വിനും. എന്നാല്‍ ശ്രീലങ്കക്കെതിരായ ഫൈനൽ കളിച്ചത് ഇവരില്‍ കോലി മാത്രമായിരുന്നു. അന്ന് ടീമിലെ ബേബിയായിരുന്ന കോലിയാണ് ഇപ്പോൾ ടീം ഇന്ത്യയുടെ ബാറ്റിംഗ് നെടുംതൂണ്‍. അതേസമയം ഓസ്ട്രേലിയൻ നിരയിൽ രണ്ടാം ഫൈനലിന് പാഡുകെട്ടുന്നവര്‍ അഞ്ച് താരങ്ങളാണ്. ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, ഗ്ലെൻ മാക്സ്‍വെൽ, മിച്ചൽ സ്റ്റാര്‍ക്ക്, ജോഷ് ഹേസൽവുഡ് എന്നിവര്‍ 2015 ലോകകപ്പ് ഫൈനലിൽ കളിച്ചവരായിരുന്നു. അന്ന് കിരീടം നേടിയ സംഘത്തിലെ മിച്ചൽ മാര്‍ഷ്, പാറ്റ് കമ്മിൻസ് എന്നിവരും ഇത്തവണ ഫൈനലിനുണ്ട്.
ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നാളെ ഞായറാഴ്‌ചയാണ് ഇന്ത്യ-ഓസ്ട്രേലിയ കലാശപ്പോര്. ഫൈനലിനായി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. മത്സരത്തിന് മുന്നോടിയായി ഇരു ടീമും ഇന്ന് അവസാനവട്ട പരിശീലനത്തിന് ഇറങ്ങും. ഫൈനലിനുള്ള ഒഫീഷ്യല്‍സിനെ ഐസിസി പ്രഖ്യാപിച്ചിട്ടുണ്ട്. ഇംഗ്ലണ്ടുകാരായ റിച്ചാര്‍ഡ് കെറ്റിൽബറോയും റിച്ചാര്‍ഡ് ഇല്ലിംഗ്വര്‍ത്തുമാണ് ഫീല്‍ഡ് അംപയര്‍മാര്‍. വെസ്റ്റ് ഇന്‍ഡീസിന്‍റെ ജോയൽ വിൽസൻ മൂന്നാം അംപയറും സിംബാബ്‌വെയുടെ ആന്‍ഡി പൈക്രോഫ്റ്റ് നാലാം അംപയറുമാകും.
Read more: അഹമ്മദാബാദില്‍ ടോസ് കിട്ടിയാല്‍ ബൗളിംഗോ ബാറ്റിംഗോ? പിച്ചൊരുക്കിയ ക്യൂറേറ്റര്‍ പറയാനുളളത് ഇങ്ങനെ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം