Latest Videos

ഹിറ്റ്‌മാന്‍റെ ലക്ഷ്യം ടെസ്റ്റ് കിരീടം മാത്രമല്ല! മോഹത്തിന്‍റെ ചെപ്പ് തുറന്ന് രോഹിത് ശര്‍മ്മ

By Web TeamFirst Published Jun 6, 2023, 6:44 PM IST
Highlights

രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ ബുധനാഴ്‌ച ഓസ്ട്രേലിയക്ക് എതിരെ ടീം ഇന്ത്യ ഇറങ്ങാനിരിക്കേയാണ് രോഹിത് ശര്‍മ്മയുടെ വാക്കുകള്‍

ഓവല്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം തുടര്‍ച്ചയായ രണ്ടാംവട്ടവും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇറങ്ങാന്‍ കാത്തിരിക്കേ മനസ് തുറന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ഒന്നോ രണ്ടോ ഐസിസി ചാമ്പ്യന്‍ഷിപ്പുകള്‍ നേടാന്‍ കഴിഞ്ഞാല്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ അത് ഗംഭീരമാകും എന്നാണ് രോഹിത്തിന്‍റെ പ്രതികരണം. ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കാനും മത്സരങ്ങള്‍ ജയിക്കാനുമുള്ള ദൗത്യമാണ് എനിക്ക് കിട്ടിയിരിക്കുന്നത്. പരമാവധി ജയങ്ങളും കിരീടങ്ങളും സ്വന്തമാക്കാനാണ് അഗ്രഹിക്കുന്നത് എന്നും ഹിറ്റ്‌മാന്‍ കൂട്ടിച്ചേര്‍ത്തു. 

രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ ബുധനാഴ്‌ച ഓസ്ട്രേലിയക്ക് എതിരെ ടീം ഇന്ത്യ ഓവലില്‍ ഇറങ്ങാനിരിക്കേയാണ് രോഹിത് ശര്‍മ്മയുടെ വാക്കുകള്‍. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് പുറമെ ഈ വര്‍ഷം ഏകദിന ലോകകപ്പും 2024ല്‍ ട്വന്‍റി 20 ലോകകപ്പും ടീം ഇന്ത്യക്ക് മുന്നിലുണ്ട്. ഏകദിന ലോകകപ്പില്‍ ഹിറ്റ്‌മാനായിരിക്കും ടീം ഇന്ത്യയെ നയിക്കുക എന്നുറപ്പാണെങ്കിലും അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പില്‍ ക്യാപ്റ്റനാവാന്‍ രോഹിത്തിന് സാധ്യതകള്‍ വിരളമാണ്. ടി20യില്‍ രോഹിത്തിന് അപ്പുറത്തേക്ക് ക്യാപ്റ്റന്‍സിയെ കുറിച്ച് ബിസിസിഐ ഇതിനകം ചിന്തിച്ച് തുടങ്ങിയതിനാലാണിത്. 2013ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ആദ്യത്തെ ഐസിസി കിരീടം നേടാനാണ് ഇന്ത്യന്‍ ടീം ഓവലില്‍ കലാശപ്പോരിന് ഇറങ്ങുന്നത്. 

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് നാളെ തുടക്കമാകും. ഇംഗ്ലണ്ടിലെ ഓവലിൽ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്ന് മണി മുതലാണ് ഇന്ത്യ-ഓസീസ് മത്സരം. ഏകദിന, ട്വന്‍റി 20 ലോകകപ്പുകളും ചാമ്പ്യൻസ് ട്രോഫിയും നേടിയ ഇരു ടീമുകളുടെയും ഷോക്കേസിൽ ഇല്ലാത്തത് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മേസ് മാത്രമാണ്. ആ കുറവ് നികത്താനാണ് ഐസിസി റാങ്കിംഗിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ കൊമ്പുകോര്‍ക്കുന്നത്. സമീപകാലത്ത് ഓസ്ട്രേലിയയെ അവരുടെ നാട്ടിലും ഇന്ത്യയിലും തോൽപ്പിച്ചതിന്‍റെ ആത്മവിശ്വാസവുമായാണ് രോഹിത് ശര്‍മ്മയും സംഘവും ഇറങ്ങുന്നത്. ഇരു ടീമിലേയും വമ്പൻ താരങ്ങളുടെ നേര്‍ക്കുനേര്‍ പോരാട്ടം കൂടിയാകും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനൽ.

Read more: കപ്പടിക്കണോ, ഇന്ത്യ കഴിഞ്ഞ തവണത്തെ മണ്ടത്തരം ആവര്‍ത്തിക്കരുത്; മുന്നറിയിപ്പുമായി നാസര്‍ ഹുസൈന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!