കഴിഞ്ഞ തവണ പിച്ചിനെ മനസിലാക്കുന്നതില്‍ പാളിയ ടീം ഇന്ത്യ ആ വീഴ്‌ച ഇക്കുറി ആവര്‍ത്തിക്കരുത് എന്നാണ് നാസര്‍ ഹുസൈന്‍റെ പക്ഷം

ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്ക് എതിരെ ഓവലില്‍ ഇറങ്ങും മുമ്പ് ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി ഇംഗ്ലണ്ട് മുന്‍ നായകന്‍ നാസര്‍ ഹുസൈന്‍. കഴിഞ്ഞ തവണ ന്യൂസിലന്‍ഡിനോടുള്ള ഫൈനലില്‍ പ്ലേയിംഗ് ഇലവനെ നിശ്ചയിക്കുന്നതില്‍ പിഴച്ച ടീം ഇന്ത്യ ഇക്കുറി സാഹചര്യം അനുസരിച്ച് ഒരു സ്‌പിന്നറെ പുറത്തിരുത്തുന്നതില്‍ ഭയക്കാന്‍ പാടില്ല എന്നാണ് നാസര്‍ ഹുസൈന്‍ പറയുന്നത്. നിലവില്‍ പുറത്തുവന്ന ചിത്രങ്ങള്‍ പ്രകാരം പേസിനെ അകമഴിഞ്ഞ് പിന്തുണയ്‌ക്കുന്ന പുല്ലുള്ള പിച്ചാണ് ഫൈനലിനായി ഓവലില്‍ ക്യുറേറ്റര്‍മാര്‍ തയ്യാറാക്കിയിരിക്കുന്നത്. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ പ്രഥമ സീസണിലെ ഫൈനലില്‍ കിവികള്‍ക്കെതിരെ സ്‌പിന്‍ സഖ്യമായ രവീന്ദ്ര ജഡേജയെയും രവിചന്ദ്രന്‍ അശ്വിനേയും ഇറക്കിയിട്ടും ടീം ഇന്ത്യക്ക് വിജയിക്കാനായിരുന്നില്ല. മത്സരത്തില്‍ കാര്യമായ ഇംപാക്‌ടുണ്ടാക്കാന്‍ ഇരു താരങ്ങള്‍ക്കുമായില്ല. ഫൈനലില്‍ ഇന്ത്യ എട്ട് വിക്കറ്റിന്‍റെ തോല്‍വി വഴങ്ങുകയും ചെയ്തു. കഴിഞ്ഞ തവണ പിച്ചിനെ മനസിലാക്കുന്നതില്‍ പാളിയ ടീം ഇന്ത്യ ആ വീഴ്‌ച ഇക്കുറി ആവര്‍ത്തിക്കരുത് എന്നാണ് നാസര്‍ ഹുസൈന്‍റെ പക്ഷം. 

'ഓസ്ട്രേലിയയില്‍ കളിച്ചത് വച്ച് നോക്കിയാല്‍ ഇന്ത്യക്ക് ഏത് സാഹചര്യത്തിലും വിജയിക്കാം. ഓവലില്‍ തെളിച്ചമുള്ള കാലാവസ്ഥയാണ് എങ്കില്‍ രണ്ട് സ്‌പിന്നര്‍മാര്‍, രണ്ട് പേസര്‍മാര്‍, മൂന്നാം പേസറായി ഷര്‍ദ്ദുല്‍ താക്കൂര്‍ എന്ന ഫോര്‍മേഷനില്‍ ഇന്ത്യക്ക് ഇറങ്ങാം. കഴിഞ്ഞ ഫൈനലില്‍ സാഹചര്യങ്ങള്‍ മനസിലാക്കുന്നതില്‍ ഇന്ത്യക്ക് പിഴച്ചു. പേസും സ്വിങും മുന്നിട്ട് നിന്ന പിച്ചിലാണ് ഇന്ത്യ രണ്ട് സ്‌പിന്നര്‍മാരെ കളിപ്പിച്ചത്. എന്നാല്‍ കിവികള്‍ ഒരാളെയെ ഇറക്കിയുള്ളൂ. ഓവലില്‍ മികച്ച മത്സരങ്ങള്‍ ഇന്ത്യ കളിച്ചിട്ടുണ്ട്. അവസാനം ഇംഗ്ലണ്ടിനെ തോല്‍പിച്ച മത്സരം മികച്ചതായിരുന്നു. ബാറ്റിംഗ് കരുത്ത് കൂട്ടാനാണേല്‍ ജഡേജയേയും അശ്വിനേയും കളിപ്പിക്കാം. എന്നാല്‍ മഴയും പുല്ലുമുള്ള സാഹചര്യമാണേല്‍ അതിന്‍റെ ആവശ്യമില്ല. അതിനാല്‍ സാഹചര്യം അനുസരിച്ച് ഇവരില്‍ ഒരാളെ ഒഴിവാക്കാം. ലോകോത്തര ബൗളര്‍മാര്‍ ഏത് സാഹചര്യത്തിലും മികച്ച പ്രകടനം പുറത്തെടുക്കും' എന്നും നാസര്‍ ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു. 

Read more: ക്രിക്കറ്റ് പ്രേമികള്‍ക്ക് മണ്‍സൂണ്‍ ലോട്ടറി! ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം സൗജന്യമായി കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാംAsianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News