ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ടീമിന്‍റെ പരിശീലനം പ്രത്യേക റബ്ബര്‍ ബോളില്‍! എന്തുകൊണ്ട്?

Published : Jun 04, 2023, 04:22 PM ISTUpdated : Jun 04, 2023, 04:24 PM IST
ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ടീമിന്‍റെ പരിശീലനം പ്രത്യേക റബ്ബര്‍ ബോളില്‍! എന്തുകൊണ്ട്?

Synopsis

ഇന്ത്യന്‍ ടീം പരിശീലനത്തിനായി ഉപയോഗിക്കുന്ന റബ്ബര്‍ പന്തുകള്‍ പ്രത്യേകതയുള്ളവയാണ്

ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ ഇറങ്ങും മുമ്പ് ടീം ഇന്ത്യയുടെ കഠിന ഫീല്‍ഡിംഗ് പരിശീലനം. ടെസ്റ്റ് പന്തുകള്‍ക്ക് പകരം റബ്ബര്‍ പന്തുകള്‍ ഉപയോഗിച്ചാണ് ഫീല്‍ഡിംഗ് പരിശീലനം. വ്യത്യസ്‌ത നിറങ്ങളിലുള്ള റബ്ബര്‍ പന്തുകളാണ് ക്യാച്ചിംഗ് പ്രാക്‌ടീസിനായി ഉപയോഗിക്കുന്നത്. പച്ച, മഞ്ഞ നിറങ്ങളിലുള്ള പന്തുകളാണ് കൂടുതലും ഇതിനായി ഉപയോഗിച്ചത്. സാധാരണ ഗതിയില്‍ പരിശീലനത്തിനായി ഉപയോഗിക്കുന്ന ടെന്നീസ് ബോളുകളേക്കാള്‍ വ്യത്യസ്‌തമാണ് റബ്ബര്‍ പന്തുകള്‍. 

ഇന്ത്യന്‍ ടീം പരിശീലനത്തിനായി ഉപയോഗിക്കുന്ന റബ്ബര്‍ പന്തുകള്‍ പ്രത്യേകതയുള്ളവയാണ്. ഗള്ളി ക്രിക്കറ്റില്‍ ഉപയോഗിക്കുന്ന തരം പന്തുകള്‍ അല്ല ഇവ. റിയാക്ഷന്‍ ബോളുകള്‍ എന്നാണ് ഇവയുടെ പേര്. ചില രാജ്യങ്ങളില്‍ മാത്രം ഫീല്‍ഡിംഗ് പരിശീലനത്തിന് ഉപയോഗിക്കുന്നവയാണിത്. കാറ്റും തണുപ്പും സ്വാധീനിക്കുന്ന ഇംഗ്ലണ്ടിലും ന്യൂസിലന്‍ഡിലും ഈ പന്തുകള്‍ ഉപയോഗിക്കാറുണ്ട് എന്നും ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ഫീല്‍ഡിംഗ് പരിശീലകനായിരുന്നയാള്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് വ്യക്തമാക്കി.

സാധാരണ റബ്ബര്‍ പന്തുകളേക്കാള്‍ ഭാരക്കുറവുള്ള ഇവ കൂടുതല്‍ സ്വിങ് ചെയ്യും. പന്തിന്‍മേലുള്ള ശ്രദ്ധ താരങ്ങള്‍ക്ക് വര്‍ധിപ്പിക്കാനാണ് ഇത്തരം പല നിറത്തിലുള്ള പന്തുകള്‍ പരിശീലനത്തിന് ഉപയോഗിക്കുന്നത്. പന്തിന്‍റെ ലൈനും സ്വിങും മനസിലാക്കാന്‍ ഇതിലൂടെ കഴിയും. ഇത് വിക്കറ്റ് കീപ്പര്‍മാര്‍ക്കും സ്ലിപ് ഫീല്‍ഡര്‍മാര്‍ക്കും ഏറെ സഹായകമാണ്. ഇംഗ്ലണ്ടിലെ ഈര്‍പ്പമുള്ള സാഹചര്യങ്ങളില്‍ പന്തുകള്‍ കൂടുതല്‍ വ്യതിചലിക്കാനുള്ള സാധ്യതയുണ്ട്. ഇത് പലപ്പോഴും വിക്കറ്റ് കീപ്പര്‍മാര്‍ക്കും സ്ലിപ് ഫീല്‍ഡര്‍മാര്‍ക്കും വെല്ലുവിളിയാവുന്ന കാര്യമാണ്. ഇന്ത്യ-ഓസീസ് ഫൈനലിന് വേദിയാവുന്ന ഓവലിലെ കാലാവസ്ഥ സ്വിങ് ബൗളര്‍മാരെ പിന്തുണയ്‌ക്കുന്നതാണ്. അതിനാല്‍ ഈ പ്രത്യേക ഫീല്‍ഡിംഗ് പരിശീലനം ഇന്ത്യന്‍ ടീമിന് പ്രയോജനപ്പെട്ടേക്കാം. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയും ഓസീസും ഉപയോഗിക്കുന്നത് ഡ്യൂക്ക് ബോളുകളാണ്. 

Read more: ഓവലില്‍ സ്റ്റാര്‍ക്ക് മാത്രമല്ല, രോഹിത്തിന് ഭീഷണിയാവും മറ്റൊരു ഓസീസ് പേസറും!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'മുമ്പും വൈസ് ക്യാപ്റ്റനെ മാറ്റിയിട്ടുണ്ട്'; സഞ്ജു സാംസണ് വേണ്ടി വാദിച്ച് മുഹമ്മദ് കൈഫ്
ഗില്ലിന് പകരം സഞ്ജു സാംസണ്‍ വരുമോ? ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20, സാധ്യതാ ഇലവന്‍