വ്യാഴാഴ്ച ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് ടി20 ലോകകപ്പിലെ ഇന്ത്യ-നമീബിയ പോരാട്ടം.അസുഖം കാരണം ആദ്യ മത്സരത്തിൽ കളിക്കാതിരുന്ന ജസ്പ്രീത് ബുമ്ര നമീബിയക്കെതിരെ തിരിച്ചെത്തുമെന്ന് ഉറപ്പാണ്.

ദില്ലി: ടി20 ലോകകപ്പിൽ നമീബിയക്കെതിരായ രണ്ടാം മത്സരത്തിന് ഇന്ത്യ ഒരുങ്ങുമ്പോൾ പ്ലേയിംഗ് ഇലവനിൽ നിർണായക മാറ്റങ്ങൾ പ്രവചിച്ച് മുൻ താരം സഞ്ജയ് ബംഗാർ. ഫിറ്റ്‌നസ് വീണ്ടെടുത്ത് വാഷിംഗ്ടൺ സുന്ദർ ടീമിനൊപ്പം ചേരുന്നുണ്ടെങ്കിലും താരത്തിന് പ്ലേയിംഗ് ഇലവനിൽ സ്ഥാനം ലഭിക്കാൻ സാധ്യതയില്ലെന്ന് ബംഗാർ നിരീക്ഷിച്ചു. അതേസമയം, പേസ് നിരയിൽ ജസ്പ്രീത് ബുമ്ര തിരിച്ചെത്തുമ്പോൾ നിർഭാഗ്യവശാൽ പുറത്തുപോവുക മുഹമ്മദ് സിറാജ് ആയിരിക്കുമെന്നും ബംഗാര്‍ പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

വ്യാഴാഴ്ച ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് ടി20 ലോകകപ്പിലെ ഇന്ത്യ-നമീബിയ പോരാട്ടം.അസുഖം കാരണം ആദ്യ മത്സരത്തിൽ കളിക്കാതിരുന്ന ജസ്പ്രീത് ബുമ്ര നമീബിയക്കെതിരെ തിരിച്ചെത്തുമെന്ന് ഉറപ്പാണ്. എന്നാൽ ബുമ്ര വരുമ്പോൾ ആര് പുറത്തുപോകും എന്ന ചോദ്യത്തിന് മുഹമ്മദ് സിറാജിന്‍റെ പേരാണ് ബംഗാർ നിർദ്ദേശിക്കുന്നത്.

വാഷിംഗ്ടൺ സുന്ദർ ടീമിലേക്ക് വരുന്നത് നല്ല വാർത്തയാണ്. അദ്ദേഹത്തിന്‍റെ കഴിവിൽ ടീമിന് വലിയ വിശ്വാസമുണ്ട്. എന്നാൽ ഡൽഹിയിൽ അദ്ദേഹം പ്ലേയിംഗ് ഇലവനിലേക്ക് വരുമെന്ന് ഞാൻ കരുതുന്നില്ല. ജസ്പ്രീത് ബുമ്ര ഉറപ്പായും തിരിച്ചെത്തും. പകരം വഴിമാറിക്കൊടുക്കേണ്ടി വരിക മികച്ച ഫോമിലുള്ള മുഹമ്മദ് സിറാജിനായിരിക്കുമെന്നും ബംഗാർ സ്റ്റാർ സ്പോർട്സിലെ ചര്‍ച്ചയില്‍ പറഞ്ഞു. ഹർഷിത് റാണയ്ക്ക് പകരക്കാരനായി ടീമിലെത്തിയ സിറാജ് അമേരിക്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ 29 റൺസിന് 3 വിക്കറ്റ് വീഴ്ത്തി തിളങ്ങിയിരുന്നു.

അമേരിക്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ 77 റൺസിന് 6 വിക്കറ്റ് എന്ന നിലയിലേക്ക് ഇന്ത്യ തകർന്നെങ്കിലും ഇതിനെക്കുറിച്ച് ബാറ്റർമാർ അമിതമായി ആശങ്കപ്പെടേടേണ്ടതില്ലെന്ന് ഇന്ത്യയുടെ മുൻ ബാറ്റിംഗ് പരിശീലകൻ കൂടിയായ ബംഗാർ പറഞ്ഞു. വാങ്കഡെയിൽ സംഭവിച്ചത് വല്ലപ്പോഴും സംഭവിക്കുന്നൊരു പ്രതിഭാസം മാത്രമാണ്. ഇന്ത്യയുടെ ആക്രമണാത്മക ബാറ്റിംഗ് ശൈലിയിൽ ഇത്തരം തകർച്ചകൾ സ്വാഭാവികമാണ്. കഴിഞ്ഞ 18 മാസമായി ഇന്ത്യ പിന്തുടരുന്ന നിര്‍ഭയ ബാറ്റിംഗ് ശൈലി തന്നെ തുടരണം. സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ എന്നിവർക്ക് സാഹചര്യത്തിനനുസരിച്ച് കളി മാറ്റാൻ കഴിവുണ്ട്. വിക്കറ്റുകൾ തുടർച്ചയായി വീഴുമ്പോൾ അൽപം കരുതലോടെ ബാറ്റ് ചെയ്യാൻ ഇവർ ശ്രദ്ധിക്കണമെന്നും ബംഗാര്‍ പറഞ്ഞു.

ആദ്യ മത്സരത്തിൽ അമേരിക്കയെ 29 റൺസിന് തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് സൂര്യകുമാർ യാദവും സംഘവും നമീബിയയെ നേരിടാൻ ഇറങ്ങുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക