ഗില്‍ ടീം ഇന്ത്യയുടെ പ്രിന്‍സ്, സാക്ഷ്യപ്പെടുത്തി കിംഗ് കോലി; സീനിയര്‍ താരങ്ങളുടെ കടമ എന്തെന്നും മറുപടി

By Web TeamFirst Published Jun 6, 2023, 7:52 PM IST
Highlights

ഐപിഎല്ലില്‍ ഇത്തവണ മൂന്ന് സെഞ്ചുറികളോടെ 890 റണ്‍സാണ് ശുഭ്‌മാന്‍ ഗില്‍ അടിച്ചുകൂട്ടിയത്

ഓവല്‍: ഇന്ത്യന്‍ ക്രിക്കറ്റിലെ കിംഗാണ് വിരാട് കോലി. റണ്‍ മെഷീനായി മാറിയതോടെയാണ് കോലിക്ക് അങ്ങനെയൊരു പേര് കിട്ടിയത്. ഇപ്പോള്‍ കരിയറിന്‍റെ തുടക്കത്തില്‍ തന്നെ മൂന്ന് ഫോര്‍മാറ്റിലും ശുഭ്‌മാന്‍ ഗില്‍ മികവ് കാട്ടുന്നതോടെ ഗില്ലിനെ പ്രിന്‍സ് എന്നാണ് ആരാധകര്‍ വിശേഷിക്കുന്നത്. ഓവലില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ ഓസ്‌ട്രേലിയയെ നേരിടാന്‍ ടീം ഇന്ത്യ തയ്യാറെടുത്ത് നില്‍ക്കേ ഗില്ലിനെ പ്രശംസകൊണ്ട് മൂടിയിരിക്കുകയാണ് കിംഗ് കോലി. ഗില്‍ അസാമാന്യ പ്രതിഭയാണ് എന്ന് കോലി വാഴ്‌ത്തി. 

'കിംഗ്, പ്രിന്‍സ് വിളികളൊക്കെ പൊതുജനങ്ങള്‍ക്കും ആരാധകര്‍ക്കും ഹരമാണ്. കരിയറില്‍ ദീര്‍ഘവീഷണം നല്‍കാനും മികവ് വര്‍ധിപ്പിക്കാനും യുവതാരങ്ങളെ സഹായിക്കുക എല്ലാ സീനിയര്‍ പ്ലെയേഴ്‌സിന്‍റേയും കടമയാണ്. ശുഭ്‌മാന്‍ ഗില്‍ ക്രിക്കറ്റിനെ കുറിച്ച് എന്നോട് ഏറെ സംസാരിച്ചിട്ടുണ്ട്. ഈ പ്രായത്തില്‍ തന്നെ നല്ല പ്രതിഭയുള്ള താരം. കാര്യങ്ങള്‍ ചോദിച്ച് പഠിക്കാന്‍ ഒരു മടിയും കാണിക്കാത്തവന്‍. ക്രിക്കറ്റിന്‍റെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ സ്ഥിരതയോടെ മികവ് കാട്ടാനുള്ള സ്‌കില്‍ ഗില്ലിനുണ്ട്. ഗില്ലിന്‍റെ പ്രതിഭ എത്രത്തോളമാണ് എന്ന് അറിയാവുന്നതിനാല്‍ തന്നെ അയാളുടെ കഴിവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. അതിമനോഹരമായി കളിക്കുന്ന ശുഭ്‌മാന്‍ ഗില്ലിന് ടെസ്റ്റ് ക്രിക്കറ്റിലും ആ മികവ് തുടരാന്‍ കഴിയട്ടേ എന്നാശംസിക്കുന്നു. ഗില്ലിനെ പോലെ മികവ് വര്‍ധിപ്പിക്കുന്ന ഒരു താരം രാജ്യത്തിനായി മികച്ച പ്രകടനം പുറത്തെടുക്കും എന്നുറപ്പാണ്' എന്നും കോലി ഐസിസിയുടെ വീഡിയോയില്‍ പറഞ്ഞു. 

കഴിഞ്ഞ ഒരു വര്‍ഷമായി ഗംഭീര ഫോമിലാണ് ശുഭ്‌മാന്‍ ഗില്‍. വലംകൈയന്‍ ഓപ്പണര്‍ ഏകദിനത്തില്‍ റെക്കോര്‍ഡ് ഇരട്ട സെഞ്ചുറി നേടിയതിന് പിന്നാലെ ഐപിഎല്ലില്‍ ഇത്തവണ മൂന്ന് സെഞ്ചുറികളോടെ 890 റണ്‍സ് അടിച്ചുകൂട്ടി. ഐപിഎല്ലില്‍ വിരാട് കോലിയും തകര്‍പ്പന്‍ ഫോമിലായിരുന്നു. ഇതിനകം 15 ടെസ്റ്റുകള്‍ കളിച്ച ഇരുപത്തിമൂന്നുകാരനായ ശുഭ്‌മാന്‍ ഗില്‍ 890 റണ്‍സ് നേടി. 24 ഏകദിനങ്ങളില്‍ 1311 ഉം ആറ് രാജ്യാന്തര ടി20കളില്‍ 202 ഉം 91 ഐപിഎല്‍ മത്സരങ്ങളില്‍ 2790 ഉം റണ്‍സ് ഗില്ലിനുണ്ട്. ടെസ്റ്റില്‍ രണ്ടും ഏകദിനത്തില്‍ നാലും രാജ്യാന്തര ടി20യില്‍ ഒന്നും സെഞ്ചുറി വീതം ഗില്ലിനുണ്ട്. ടെസ്റ്റില്‍ 128 ഉം ഏകദിനത്തില്‍ 208 ഉം ടി20യില്‍ 126 ഉം ആണ് ഉയര്‍ന്ന സ്കോര്‍.

Read more: ഹിറ്റ്‌മാന്‍റെ ലക്ഷ്യം ടെസ്റ്റ് കിരീടം മാത്രമല്ല! മോഹത്തിന്‍റെ ചെപ്പ് തുറന്ന് രോഹിത് ശര്‍മ്മ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!