വീണ്ടും പരിക്ക്; ബംഗ്ലാദേശിന് എതിരായ ആദ്യ ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് അടുത്ത തലവേദന

By Jomit JoseFirst Published Dec 13, 2022, 7:27 PM IST
Highlights

ഗില്ലിന്‍റെ വിരലില്‍ കനത്തില്‍ ബാന്‍ഡേജ് ഇട്ടിരിക്കുന്നതിന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്

ചിറ്റഗോങ്: ബംഗ്ലാദേശിന് എതിരായ ആദ്യ ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് പരിക്കിന്‍റെ മറ്റൊരു ആശങ്ക. രോഹിത് ശ‍ര്‍മ്മ പരിക്കേറ്റ് പുറത്തായതിന് പിന്നാലെ പകരക്കാരന്‍ ഓപ്പണറായി പ്രതീക്ഷിക്കുന്ന ശുഭ്‌മാന്‍ ഗില്ലിന് പരിശീലനത്തിനിടെ കൈവിരലിന് പരിക്കേറ്റതാണ് പുതിയ ആശങ്ക സൃഷ്ടിക്കുന്നത്. ഗില്ലിന് ഫിറ്റ്‌നസ് പരീക്ഷ ജയിക്കാനായില്ലെങ്കില്‍ അഭിമന്യു ഈശ്വരനായിരിക്കും പകരം ഓപ്പണറാവുക. ഗില്ലിന്‍റെ വിരലില്‍ കനത്തില്‍ ബാന്‍ഡേജ് ഇട്ടിരിക്കുന്നതിന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിരല്‍ ഡിസ്‌ലൊക്കേഷന്‍ ആയതിനെ തുടര്‍ന്നാണ് രോഹിത് ശര്‍മ്മ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പുറത്തായത്. 

രോഹിത് ശര്‍മ്മയ്ക്ക് പുറമെ രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര എന്നിവരും പരിക്കിന്‍റെ പിടിയിലാണ്. ബംഗ്ലാദേശിനെതിരെ ഇന്ത്യ-എ ടീമിനെ 1-0ന് വിജയിപ്പിക്കാന്‍ ബംഗാള്‍ ഓപ്പണറായ അഭിമന്യു ഈശ്വരനായിരുന്നു. ഓപ്പണിംഗില്‍ ബാക്ക് ടു ബാക്ക് ശതകങ്ങളുമായി തിളങ്ങിയിട്ടുള്ള താരം കൂടിയാണ് അഭിമന്യു. 

ബംഗ്ലാദേശിനെതിരെ പരിക്കേറ്റ സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ അഭാവത്തിൽ കെ എൽ രാഹുല്‍ ആണ് ടീം ഇന്ത്യയെ നയിക്കുന്നത്. കെ എല്‍ രാഹുലിനൊപ്പം യുവ താരം ശുഭ്‌മാന്‍ ഗില്‍ ഇന്ത്യന്‍ ഓപ്പണറായേക്കും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ബംഗ്ലാദേശിനും ഓസ്ട്രേലിയക്കും എതിരായ അടുത്ത ആറ് ടെസ്റ്റുകളില്‍ അഞ്ചില്‍ എങ്കിലും ഇന്ത്യക്ക് ജയിക്കണം. അതിനാല്‍ തന്നെ ലഭ്യമായ ഏറ്റവും ശക്തമായ പ്ലേയിംഗ് ഇലവനെ ടീം ഇന്ത്യ അണിനിരത്തും. ചിറ്റഗോങ്ങില്‍ ഇന്ത്യന്‍ സമയം രാവിലെ 9 മണിക്കാകും മത്സരം തുടങ്ങുക. 

ഇന്ത്യ ടെസ്റ്റ് സ്‌ക്വാഡ്: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, അഭിമന്യു ഈശ്വരന്‍, നവ്‌ദീപ് സെയ്‌നി, സൗരഭ് കുമാര്‍, ജയ്‌ദേവ് ഉനദ്‌കട്ട്. 

വിമര്‍ശകര്‍ക്ക് മറുപടി നല്‍കാന്‍ ഒരുപിടി താരങ്ങള്‍; ബംഗ്ലാദേശിനെതിരായ സാധ്യതാ ഇലവന്‍

click me!