വിമര്‍ശകര്‍ക്ക് മറുപടി നല്‍കാന്‍ ഒരുപിടി താരങ്ങള്‍; ബംഗ്ലാദേശിനെതിരായ സാധ്യതാ ഇലവന്‍

By Jomit JoseFirst Published Dec 13, 2022, 6:52 PM IST
Highlights

റിഷഭ് പന്ത് വിക്കറ്റ് കീപ്പറായി എത്തുമെന്നിരിക്കേ ചേതേശ്വര്‍ പൂജാരയും വിരാട് കോലിയും ശ്രേയസ് അയ്യരുമായിരിക്കും മധ്യനിരയിലെ മറ്റ് താരങ്ങ

ചിറ്റഗോങ്: ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരക്ക് നാളെ ചിറ്റഗോങ്ങില്‍ തുടക്കമാകും. പരിക്കേറ്റ സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ അഭാവത്തിൽ കെ എൽ രാഹുല്‍ ആണ് ടീം ഇന്ത്യയെ നയിക്കുന്നത്. കെ എല്‍ രാഹുലിനൊപ്പം യുവ താരം ശുഭ്‌മാന്‍ ഗില്‍ ഇന്ത്യന്‍ ഓപ്പണറായേക്കും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ബംഗ്ലാദശിനും ഓസ്ട്രേലിയക്കും എതിരായ അടുത്ത ആറ് ടെസ്റ്റുകളില്‍ അഞ്ചില്‍ എങ്കിലും ഇന്ത്യക്ക് ജയിക്കണം. അതിനാല്‍ തന്നെ ലഭ്യമായ ഏറ്റവും ശക്തമായ പ്ലേയിംഗ് ഇലവനെ ടീം ഇന്ത്യ അണിനിരത്തും. 

കെ എല്‍ രാഹുല്‍-ശുഭ്‌മാന്‍ ഗില്‍ സഖ്യം ഓപ്പണര്‍മാരായി വരാനാണ് സാധ്യത. സ്ഥിരതയില്ലായ്‌മ എന്ന പഴി രാഹുലിന് മറികടക്കണം. റിഷഭ് പന്ത് വിക്കറ്റ് കീപ്പറായി എത്തുമെന്നിരിക്കേ ചേതേശ്വര്‍ പൂജാരയും വിരാട് കോലിയും ശ്രേയസ് അയ്യരുമായിരിക്കും മധ്യനിരയിലെ മറ്റ് താരങ്ങള്‍. 96 ടെസ്റ്റുകളുടെ പരിചയസമ്പത്തുള്ള പൂജാരയാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍. ബംഗ്ലാദേശിനെതിരായ അവസാന ഏകദിനത്തില്‍ സെഞ്ചുറി നേടിയാണ് കോലിയുടെ വരവ്. ഈ വര്‍ഷം ടെസ്റ്റില്‍ ഏഴ് ഇന്നിംഗ്‌സില്‍ കോലിക്ക് ഒരു അര്‍ധ സെഞ്ചുറി മാത്രമേയുള്ളൂ. വിദേശ സാഹചര്യങ്ങളില്‍ ടെസ്റ്റില്‍ മികവ് തെളിയിക്കാനുള്ള അവസരമാണ് ശ്രേയസിന് വന്നുചേര്‍ന്നിരിക്കുന്നത്. സ്‌പിന്നിനെ മികച്ച രീതിയില്‍ കളിക്കുന്ന രീതി ശ്രേയസിന് തുണയായേക്കും. 
 
സ്‌പിന്‍ ബൗളിംഗിനൊപ്പം ഓള്‍റൗണ്ട് ഓപ്‌ഷനായി രവിചന്ദ്ര അശ്വിനും അക്‌സര്‍ പട്ടേലും പേസര്‍ ഷര്‍ദ്ദുല്‍ ഠാക്കൂറും എത്താനാണിട. ബംഗ്ലാദേശിലെ മുന്‍ പര്യടനത്തില്‍ 2015ല്‍ അശ്വിന്‍ മികച്ച പ്രകടനം കാഴ്‌ചവെച്ചിരുന്നു. നാട്ടിലെ ആറ് ടെസ്റ്റില്‍ 12.43 ശരാശരിയില്‍ 39 വിക്കറ്റ് നേടിയ പ്രകടനം അക്‌സറിന് തുടരേണ്ടതുണ്ട്. ഷര്‍ദ്ദുലിന് പുറമെ വെറ്ററന്‍ ഉമേഷ് യാദവും മുഹമ്മദ് സിറാജുമായിരിക്കും പേസര്‍മാര്‍. സിറാജ് ഫോമിലാണെന്നത് ടീമിന് പ്രതീക്ഷയാണ്. ന്യൂ ബോളില്‍ ഉമേഷിന്‍റെ സ്വിങ്ങാകും ശ്രദ്ധയാവുക. 

ഇന്ത്യന്‍ സാധ്യതാ ഇലവന്‍: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്. 

യുവിയെ ഏക്കാലത്തെയും മികച്ച വൈറ്റ് ബോള്‍ ക്രിക്കറ്ററെന്ന് പ്രശംസിച്ച് ഗംഭീര്‍; അസൂയയെന്ന് ആരാധകര്‍

click me!