നമിച്ചു, ഈ വിരല്‍ വച്ചാണോ രോഹിത് 5 സിക്‌സടിച്ചത്! കരയിക്കും ഹിറ്റ്‌മാന്‍റെ ചിത്രങ്ങള്‍

By Jomit JoseFirst Published Dec 7, 2022, 9:30 PM IST
Highlights

രണ്ടാം ഏകദിനത്തില്‍ തന്നെ വളരെ പാടുപെട്ടാണ് രോഹിത് ശര്‍മ്മ ബാറ്റിംഗിന് ഇറങ്ങിയത്

ധാക്ക: ബംഗ്ലാദേശിന് എതിരായ ഏകദിന പരമ്പര ടീം ഇന്ത്യക്ക് കണ്ണീര്‍ സീരീസാണ്. ആദ്യ ഏകദിനം ഒരു വിക്കറ്റിന് തോറ്റ ടീം രണ്ടാം മത്സരവും കൈവിട്ട് പരമ്പര നഷ്ടമാക്കി. ഇതിന് പുറമെ പരിക്കേറ്റ നായകന്‍ രോഹിത് ശര്‍മ്മ അഭിമാനം കാക്കാനുള്ള മൂന്നാം ഏകദിനത്തില്‍ കളിക്കുകയുമില്ല. വിരലിലെ പരിക്കാണ് ഹിറ്റ്‌മാനെ പുറത്താക്കിയിരിക്കുന്നത്. 

രണ്ടാം ഏകദിനത്തില്‍ തന്നെ വളരെ പാടുപെട്ടാണ് രോഹിത് ശര്‍മ്മ ബാറ്റിംഗിന് ഇറങ്ങിയത്. സ്ഥിരം ഓപ്പണറായ രോഹിത് ടീം തോല്‍വിയുടെ അരികില്‍ നില്‍ക്കേ 9-ാമനായി ക്രീസിലെത്തി വെടിക്കെട്ട് അര്‍ധസെഞ്ചുറി സ്വന്തമാക്കി. എന്നാല്‍ ഇടത്തേ തള്ളവിരലില്‍ സ്റ്റിച്ചിട്ടാണ് രോഹിത് കളിക്കാനെത്തിയത്. വിരലില്‍ ഗ്ലൗസിന് പുറമെയുള്ള ബാന്‍ഡേജ് ടെലിവിഷന്‍ ദൃശ്യങ്ങളില്‍ കാണാനായി. ഇത് ആരാധകര്‍ക്ക് കണ്ണുനനയ്ക്കുന്ന കാഴ്‌ചയായി. സ്റ്റിച്ചിട്ട വിരലുമായി ബാറ്റേന്തിയ രോഹിത്തിന് ബിഗ് സല്യൂട്ട് നല്‍കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. ഫീല്‍ഡിംഗിനിടെ മുറിവേറ്റതിനെ തുടര്‍ന്നാണ് തള്ളവിരലിന് സ്റ്റിച്ചിടേണ്ടിവന്നത്. എന്നാല്‍ പൊട്ടലുകളൊന്നുമില്ല എന്നത് രോഹിത്തിനും ഇന്ത്യന്‍ ടീമിനും ആശ്വാസമായി. രോഹിത്തിനിടെ സ്‌കാനിംഗിന് വിധേയനാക്കിയിരുന്നു. 

പരിക്കേറ്റ കൈയുമായി ബാറ്റിംഗിന് ഇറങ്ങിയ രോഹിത് ശര്‍മ്മ 28 പന്തില്‍ മൂന്ന് ഫോറും അഞ്ച് സിക്‌സറും ഉള്‍പ്പടെ പുറത്താവാതെ 51 റണ്‍സ് അടിച്ചെടുത്തിരുന്നു. പക്ഷേ അഞ്ച് റണ്‍സിന്‍റെ തോല്‍വി ഇന്ത്യ നേരിട്ടു. ബംഗ്ലാദേശിന്‍റെ 271 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയുടെ മറുപടി ബാറ്റിംഗ് 50 ഓവറില്‍ 9 വിക്കറ്റിന് 266 റണ്‍സെടുക്കാനേയായുള്ളൂ. 102 പന്തില്‍ 82 റണ്‍സ് നേടിയ ശ്രേയസ് അയ്യരും 56 പന്തില്‍ 56 റണ്‍സെടുത്ത അക്‌സര്‍ പട്ടേലും മാത്രമാണ് തിളങ്ങിയ മറ്റ് ബാറ്റര്‍മാര്‍. സെഞ്ചുറിയും രണ്ട് വിക്കറ്റുമായി മെഹിദി ഹസന്‍ മിറാസാണ്(83 പന്തില്‍ 100) ബംഗ്ലാ കടുവകളുടെ വിജയശില്‍പി. 

മൂന്നാം ഏകദിനത്തിന് രോഹിത് ശര്‍മ്മയില്ല, താരം നാട്ടിലേക്ക് മടങ്ങും; മറ്റ് രണ്ട് പേരും പുറത്ത്


 

click me!