പരിക്കേറ്റിട്ടും സ്റ്റിച്ചിട്ട കൈയുമായി രോഹിത് ശ‍ര്‍മ്മ ഇന്ന് ബാറ്റിംഗിന് ഇറങ്ങിയിരുന്നു

ധാക്ക: കൈവിരലില്‍ പരിക്കേറ്റ രോഹിത് ശര്‍മ്മയ്ക്ക് ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനം നഷ്ടമാകും. വിദഗ്ധ ഡോക്‌ടറുടെ സേവനത്തിനായി രോഹിത് മുംബൈയിലേക്ക് മടങ്ങും എന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡാണ് സ്ഥിരീകരിച്ചത്. രോഹിത്തിന് പുറമെ പേസര്‍മാരായ കുല്‍ദീപ് സെന്നും ദീപക് ചാഹറും പരമ്പരയില്‍ നിന്ന് പുറത്തായിട്ടുണ്ട്. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ് ഇന്ത്യന്‍ ടീം ഇതിനകം പരമ്പര കൈവിട്ടിട്ടുണ്ട്. ആദ്യ ഏകദിനത്തില്‍ ഒരു വിക്കറ്റിനും ഇന്ന് നടന്ന രണ്ടാം ഏകദിനത്തില്‍ 5 റണ്‍സിനുമാണ് ഇന്ത്യ തോറ്റത്. 

പരിക്കേറ്റിട്ടും സ്റ്റിച്ചിട്ട കൈയുമായി രോഹിത് ശ‍ര്‍മ്മ ഇന്ന് ബാറ്റിംഗിന് ഇറങ്ങിയിരുന്നു. സ്ഥിരം ഓപ്പണറായ രോഹിത് ഒന്‍പതാമനായി ക്രീസിലെത്തി 28 പന്തില്‍ മൂന്ന് ഫോറും അഞ്ച് സിക്‌സറും ഉള്‍പ്പടെ പുറത്താവാതെ 51 റണ്‍സ് അടിച്ചെടുത്തു. 102 പന്തില്‍ 82 റണ്‍സ് നേടിയ ശ്രേയസ് അയ്യരും 56 പന്തില്‍ 56 റണ്‍സെടുത്ത അക്‌സര്‍ പട്ടേലും മാത്രമാണ് തിളങ്ങിയ മറ്റ് ബാറ്റര്‍മാര്‍. ഇതോടെ 271 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയുടെ മറുപടി ബാറ്റിംഗ് 50 ഓവറില്‍ 9 വിക്കറ്റിന് 266 റണ്‍സില്‍ ഒതുങ്ങി. 

Scroll to load tweet…

അഞ്ച് റണ്‍സിന്‍റെ ജയത്തോടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ബംഗ്ലാദേശ് 2-0ന് സ്വന്തമാക്കി. ബാറ്റിംഗില്‍ സെഞ്ചുറിയും രണ്ട് വിക്കറ്റുമായി മെഹിദി ഹസന്‍ മിറാസും അവസാന ഓവറില്‍ രോഹിത് ക്രീസില്‍ നില്‍ക്കേ 20 റണ്‍സ് പ്രതിരോധിച്ച മുസ്‌താഫിസൂറിന്‍റെ ബൗളിംഗുമാണ് ബംഗ്ലാദേശിന് ജയം സമ്മാനിച്ചത്. നേരത്തെ മെഹ്ദി ഹസന്‍റെ (83 പന്തില്‍ 100) സെഞ്ചുറിയാണ് ബംഗ്ലാദേശിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മഹ്മുദുള്ളയുടെ (77) ഇന്നിംഗ്‌സും നിര്‍ണായകമായി. ഇന്ത്യക്കായി സ്‌പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. പേസര്‍മാരായ മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

വിരലിന് പരിക്കേറ്റിട്ടും എങ്ങനെ ബാറ്റിംഗിനിറങ്ങി, സിക്‌സര്‍മഴ പെയ്യിച്ചു; മനസുതുറന്ന് രോഹിത് ശര്‍മ്മ