പവറാർന്നൊരടി! ചരിത്രത്താളുകളില്‍ പൊന്‍ലിപികളാല്‍ പേരെഴുതി ഹിറ്റ്മാന്‍; വമ്പനടിക്കാർ വരെ പിന്നില്‍

By Web TeamFirst Published Dec 7, 2022, 9:09 PM IST
Highlights

447 മത്സരങ്ങളില്‍ നിന്നാണ് ഗെയില്‍ 500 സിക്സുകള്‍ നേടിയതെങ്കില്‍ ഹിറ്റ്മാന് വേണ്ടി വന്നത് 428 മത്സരങ്ങള്‍ മാത്രമാണ്. 2007ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ രോഹിത് ശര്‍മ നിലവില്‍ ട്വന്‍റി 20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടിയിട്ടുള്ള താരമാണ്

മിര്‍പുര്‍: ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ പൊരുതി വീണെങ്കിലും ചരിത്രത്താളുകളില്‍ പൊന്‍ലിപികളില്‍ പേരെഴുതി ചേര്‍ത്ത് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 500 സിക്സുകള്‍ പറത്തുന്ന താരമായാണ് രോഹിത് മാറിയത്. വെസ്റ്റ് ഇന്‍ഡീസിന്‍റെ വെടിക്കെട്ട് വീരന്‍ ക്രിസ് ഗെയിലിന് ശേഷം രാജ്യാന്തര ക്രിക്കറ്റില്‍ 500 സിക്സ് നേടുന്ന താരമാകാനും രോഹിത്തിന് സാധിച്ചു.

447 മത്സരങ്ങളില്‍ നിന്നാണ് ഗെയില്‍ 500 സിക്സുകള്‍ നേടിയതെങ്കില്‍ ഹിറ്റ്മാന് വേണ്ടി വന്നത് 428 മത്സരങ്ങള്‍ മാത്രമാണ്. 2007ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ രോഹിത് ശര്‍മ നിലവില്‍ ട്വന്‍റി 20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടിയിട്ടുള്ള താരമാണ്. ഏകദിനത്തില്‍ നാലാം സ്ഥാനവും രോഹിത്തിനുണ്ട്. ക്രിസ് ഗെയില്‍, ഷാഹിദ് അഫ്രീദി, സനത് ജയസൂര്യ എന്നിവരാണ് ഇന്ത്യന്‍ നായകന് മുന്നിലുള്ളത്.

ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തില്‍ പരിക്കേറ്റിട്ടും ബാറ്റിംഗിറങ്ങിയ രോഹിത് ശര്‍മ്മയ്ക്ക് ബിഗ് സല്യൂട്ട് നല്‍കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. ഫീല്‍ഡിംഗിനിടെ വിരലിന് പരിക്കേറ്റിട്ടും ടീം ആവശ്യപ്പെട്ട ഘട്ടത്തില്‍ 9-ാമനായി ക്രീസിലിറങ്ങി 28 പന്തില്‍ മൂന്ന് ഫോറും അഞ്ച് സിക്‌സറും ഉള്‍പ്പടെ പുറത്താവാതെ 51 റണ്‍സ് രോഹിത് നേടിയിരുന്നു. രോഹിത്തിന്‍റെ പോരാട്ടത്തിനിടയിലും തലനാരിഴയ്‌ക്കാണ് ടീം ഇന്ത്യ തോല്‍വിയിലേക്ക് വഴുതിവീണത്. ഇന്ത്യ വന്‍ തോല്‍വി ഉറപ്പിച്ച ഘട്ടത്തില്‍ ഒന്‍പതാമനായി ക്രീസിലെത്തുകയായിരുന്നു രോഹിത് ശര്‍മ്മ.

അവസാന ഓവറില്‍ 20 റണ്‍സ് ജയിക്കാന്‍ ടീം ഇന്ത്യക്ക് വേണ്ടിയിരുന്നപ്പോള്‍ പരിക്കിനിടയിലും പോരാട്ടം കാഴ്ചവെച്ചു ഹിറ്റ്‌മാന്‍. കൈവിരലില്‍ പരിക്കേറ്റ രോഹിത് ശര്‍മ്മയ്ക്ക് ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനം നഷ്ടമാകും. വിദഗ്ധ ഡോക്‌ടറുടെ സേവനത്തിനായി രോഹിത് മുംബൈയിലേക്ക് മടങ്ങും എന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡാണ് സ്ഥിരീകരിച്ചത്. രോഹിത്തിന് പുറമെ പേസര്‍മാരായ കുല്‍ദീപ് സെന്നും ദീപക് ചാഹറും പരമ്പരയില്‍ നിന്ന് പുറത്തായിട്ടുണ്ട്. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ് ഇന്ത്യന്‍ ടീം ഇതിനകം പരമ്പര കൈവിട്ടിട്ടുണ്ട്. 

അവസാന ഓവര്‍ വരെ ആവേശം; ഹിറ്റ്മാന്‍ വെടിക്കെട്ടിനും രക്ഷിക്കാനായില്ല, ഏകദിന പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്

click me!