മൂന്ന് സെക്കന്‍റില്‍ വിരാട് കോലി സമ്മതം മൂളി: ചരിത്ര തീരുമാനത്തെ കുറിച്ച് സൗരവ് ഗാംഗുലി

By Web TeamFirst Published Nov 2, 2019, 10:42 PM IST
Highlights

ബിസിസിഐ അധ്യക്ഷനായി തെര‍ഞ്ഞെടുക്കപ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഗാംഗുലി എങ്ങനെ കോലിയെ സമ്മതിപ്പിച്ചു എന്ന് ചര്‍ച്ച ചെയ്യുകയായിരുന്നു ക്രിക്കറ്റ് പ്രേമികള്‍

മുംബൈ: സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്‍റായി ഒരാഴ്‌ചക്കകം ഇന്ത്യന്‍ ക്രിക്കറ്റില്‍ ചരിത്ര മാറ്റം കണ്ടു. ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റിന് ബിസിസിഐയും നായകന്‍ വിരാട് കോലിയും സമ്മതം മൂളിയതാണ് സംഭവം. പകല്‍-രാത്രി ടെസ്റ്റിനോട് ഇത്രനാള്‍ മുഖംതിരിച്ച് നിന്നയാളാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. 

ദാദയ്‌ക്ക് മുന്നില്‍ കീഴടങ്ങി കോലി

ബംഗ്ലാദേശിനെതിരെ കൊല്‍ക്കത്തയില്‍ ഡേ-നൈറ്റ് ടെസ്റ്റ് കളിക്കാന്‍ ഇന്ത്യന്‍ ടീം സമ്മതം മൂളിയത് ദാദയുടെ സമ്മര്‍ദം മൂലമാണ്. ബിസിസിഐ അധ്യക്ഷനായി തെര‍ഞ്ഞെടുക്കപ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഗാംഗുലി എങ്ങനെ കോലിയെ സമ്മതിപ്പിച്ചു എന്ന് ചര്‍ച്ച ചെയ്യുകയായിരുന്നു ക്രിക്കറ്റ് പ്രേമികള്‍. വെറും മൂന്ന് സെക്കന്‍റേ ദാദയ്‌ക്ക് ഇതിന് വേണ്ടിവന്നുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം. 

ആദ്യ പകല്‍-രാത്രി ടെസ്റ്റിനെ കുറിച്ച് സൗരവ് ഗാംഗുലിയുടെ പ്രതികരണമിങ്ങനെ. "ഇന്ത്യ എന്തുകൊണ്ടാണ് അഡ്‌ലെയ്‌ഡില്‍ ഡേ-നൈറ്റ് മത്സരം കളിക്കാതിരുന്നത് എന്ന് അറിയില്ല. ടീം ഇന്ത്യ പകല്‍-രാത്രി ടെസ്റ്റ് കളിക്കാന്‍ തയ്യാറാണോ എന്നറിയാന്‍ ഒരു മണിക്കൂര്‍ നേരമാണ് കോലിയുമായി കൂടിക്കാഴ്‌ചക്ക് തീരുമാനിച്ചത്. എന്നാല്‍ മൂന്ന് സെന്‍റിനുള്ളില്‍ കോലി മറുപടി തന്നു"- സൗരവ് വ്യക്തമാക്കി. കൊല്‍ക്കത്തയില്‍ സെലക്‌ഷന്‍ കമ്മിറ്റി മീറ്റിംഗിന് മുന്‍പ് ഒക്‌ടോബര്‍ 24നായിരുന്നു ഗാംഗുലി- കോലി കൂടിക്കാഴ്‌ച.

കഴിഞ്ഞ വര്‍ഷം അഡ്‌ലെയ്‌ഡില്‍ ഓസീസിനെതിരെ ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റ് കളിക്കാന്‍ ടീം ഇന്ത്യ വിസമ്മതിച്ചിരുന്നു. പകല്‍ രാത്രി ടെസ്റ്റ് മത്സരങ്ങള്‍ക്ക് ഐസിസി 2015ല്‍ അനുമതി നല്‍കിയ ശേഷം ഇന്ത്യ ആദ്യമായാണ് പിങ്ക് പന്തില്‍ കളിക്കുന്നത്. ബംഗ്ലാദേശും ഇതിന് മുന്‍പ് കളിച്ചിട്ടില്ല. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ നവംബര്‍ 22 മുതലാണ് ചരിത്ര ടെസ്റ്റ് നടക്കുക. 

പിങ്ക് ബോള്‍ ക്രിക്കറ്റിന് കയ്യടിച്ച് സച്ചിനും

ടീം ഇന്ത്യ പകല്‍-രാത്രി മത്സരങ്ങള്‍ക്ക് സമ്മതം മൂളിയത് സ്വാഗതം ചെയ്ത് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ബിസിസിഐക്ക് ഒരു ഉപദേശവും നല്‍കി സച്ചിന്‍. "മഞ്ഞുവീഴ്‌ച ശക്തമായാൽ സ്‌പിന്നര്‍മാരും പേസര്‍മാരും ഒരുപോലെ ബുദ്ധിമുട്ടിലാകും. എന്നാല്‍ കാണികളെ കൂടുതലായി ടെസ്റ്റിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ പരീക്ഷണം സഹായിക്കും" എന്നും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

"നിറഞ്ഞ ഗാലറിയിലാണ് ടി20 മത്സരങ്ങളെല്ലാം നടക്കാറ്. ടെസ്റ്റ് ക്രിക്കറ്റിനെ ഫലപ്രദമായി ഉപയോഗിച്ചാല്‍ കാണികളെ തിരിച്ചെത്തിക്കാനാകും. കാണികളില്ലാതെ ടെസ്റ്റ് ക്രിക്കറ്റിന് അതിജീവിക്കാനാവില്ലെന്ന് കോലിക്ക് വ്യക്തമായിട്ടുണ്ട്. പകല്‍-രാത്രി മത്സരങ്ങള്‍ ടെസ്റ്റ് ക്രിക്കറ്റിലേക്ക് കാണികളെ തിരിച്ചെത്തിക്കുമെന്നാണ് കരുതുന്നത്" എന്നും സൗരവ് ഗാംഗുലി വ്യക്തമാക്കി. 

click me!