അണ്ടര്‍ 19 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യയുടെ മുന്നേറ്റം.

ബുലവായോ: അണ്ടര്‍ 19 ലോകകപ്പില്‍ ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. അഫ്ഗനിസ്ഥാനാണ് എതിരാളികള്‍. ഹരാരെയില്‍ ഇന്ത്യന്‍ സമയം ഒച്ചയ്ക്ക് ഒന്നിനാണ് കളി തുടങ്ങുക. അഞ്ചുതവണ ചാന്പ്യന്‍മാരായ ഇന്ത്യ ഫൈനല്‍ ലക്ഷ്യമിട്ടിറങ്ങുന്നത് ഒറ്റക്കളിയിലും തോല്‍വി അറിയാതെ. ആദ്യ ഫൈനല്‍ സ്വപ്നം കാണുന്ന അഫ്ഗാനിസ്ഥാന്‍ ടൂര്‍ണമെന്റില്‍ ശ്രീലങ്കയോട് മാത്രം തോറ്റു. ഓപ്പണര്‍ ആരോണ്‍ ജോര്‍ജും സ്പിന്നര്‍ മുഹമ്മദ് ഇനാനുമാണ് ഇന്ത്യന്‍ ടീമിലെ മലയാളി സാന്നിധ്യം.

ക്യാപ്റ്റന്‍ ആയുഷ് മാത്രേ, കൗമാര വിസ്മയം വൈഭവ് സൂര്യവംശി, ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഏക സെഞ്ചുറിയന്‍ വിഹാന്‍ മല്‍ഹോത്ര, വിക്കറ്റ് കീപ്പര്‍ അഭിഗ്യാന്‍ കുണ്ടു, വേദാന്ത് ത്രിവേദി എന്നിവരുള്‍പ്പെട്ട ബാറ്റിംഗ് നിരശക്തം. പക്ഷേ ഇതുവരെയുള്ള കളികളില്‍ ഇന്ത്യയെ സുരക്ഷിതമാക്കിയത് അംബരീഷ്, ഹെനില്‍ പട്ടേല്‍, കനിഷ്‌ക് ചൗഹാന്‍, ദീപേഷ് ദേവന്ദ്രന്‍ എന്നിവരുടെ ബൗളിംഗ് കരുത്തിലായിരുന്നു. ആയുഷ് മാത്രേയുടെയും വിഹാന്‍ മല്‍ഹോത്രയുടേയും ഓള്‍റൗണ്ട് മികവും ഇന്ത്യക്ക് കരുത്താവും.

വൈഭവ് സൂര്യവംശി യഥാര്‍ഥ ഫോമിലേക്ക് എത്തിയാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പം. ഓരോ മത്സരത്തിലും വ്യത്യസ്ത ഇലവനെ കളത്തിലിറക്കിയ ഇന്ത്യ സെമിയില്‍ പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നേക്കില്ല. ഫൈസല്‍ ഷിനോസാദ, മഹ്ബൂബ് ഖാന്‍, അബ്ദുല്‍ അസീസ്, നൂറിസ്ഥാനി ഒമര്‍സായി, ആഖ്വില്‍ ഖാന്‍ എന്നിവരുടെ പ്രകടനം അഫ്ഗാനിസ്ഥാന് നിര്‍ണായകം. അണ്ടര്‍ 19 ക്രിക്കറ്റില്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനും നേര്‍ക്കുനേര്‍ വരുന്ന പതിമൂന്നാമത്തെ മത്സരം. പത്തില്‍ ഇന്ത്യയും രണ്ടില്‍ അഫ്ഗാനിസ്ഥാനും ജയിച്ചു.

ഇന്ത്യ: ആരോണ്‍ ജോര്‍ജ്, വൈഭവ് സൂര്യവംശി, ആയുഷ് മാത്രേ (ക്യാപ്റ്റന്‍), വേദാന്ത് ത്രിവേദി, വിഹാന്‍ മല്‍ഹോത്ര, അഭിഗ്യാന്‍ കുണ്ടു (വിക്കറ്റ് കീപ്പര്‍), ആര്‍ എസ് അംബ്രീഷ്, കനിഷ്‌ക് ചൗഹാന്‍, ഖിലാന്‍ പട്ടേല്‍, ദീപേഷ് ദേവേന്ദ്രന്‍, ഹെനില്‍ പട്ടേല്‍, ഹര്‍വന്‍ഷ് പങ്കാലിയ, മുഹമ്മദ് ഇനാന്‍, ഉദ്ധവ് മോഹന്‍, കിഷന്‍ കുമാര്‍ സിംഗ്.

YouTube video player