IND vs NZ | വിരാട് കോലിക്കൊപ്പം രോഹിത് ശര്‍മ്മ; രോഹിത്-രാഹുല്‍ വെടിക്കെട്ടില്‍ റെക്കോര്‍ഡുകളുടെ പെരുമഴ

By Web TeamFirst Published Nov 20, 2021, 11:05 AM IST
Highlights

രോഹിത് ശര്‍മ്മ വിരാട് കോലിയുടെ ലോക റെക്കോര്‍ഡിന് ഒപ്പമെത്തിയപ്പോള്‍ രോഹിത്-രാഹുല്‍ വെടിക്കെട്ടില്‍ പിറന്നത് ഒരുപിടി സ്വ‌പ്‌നനേട്ടങ്ങള്‍

റാഞ്ചി: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യില്‍(India vs New Zealand 2nd T20I) തകര്‍പ്പന്‍ തുടക്കം ഇന്ത്യക്ക്(Team India) നല്‍കിയ രോഹിത് ശര്‍മ്മയും(Rohit Sharma) കെ എല്‍ രാഹുലും(KL Rahul) 117 റണ്‍സിന്‍റെ കൂട്ടുകെട്ട് സ്ഥാപിച്ചിരുന്നു. മത്സരം ഏഴ് വിക്കറ്റിന് ജയിച്ച് പരമ്പര ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ ഈ കൂട്ടുകെട്ടാണ് നിര്‍ണായകമായത്. ഇതോടെ ഒരുപിടി റെക്കോര്‍ഡുകള്‍ ഇരുവരും പേരിലാക്കി. വിരാട് കോലിയുടെ(Virat Kohli) ലോക റെക്കോര്‍ഡിന് ഒപ്പമെത്തുകയും ചെയ്തു രോഹിത് ശര്‍മ്മ. 

രാജ്യാന്തര ടി20യില്‍ രോഹിത് ശര്‍മ്മ- കെ എല്‍ രാഹുല്‍ സഖ്യം അഞ്ചാം തവണയാണ് സെഞ്ചുറി കൂട്ടുകെട്ട് സ്ഥാപിക്കുന്നത്. ഇതോടെ പാകിസ്ഥാന്‍റെ ബാബര്‍ അസം-മുഹമ്മദ് റിസ്‌വാന്‍ സഖ്യത്തിന്‍റെ നേട്ടത്തിന് ഒപ്പമെത്തി ഇന്ത്യന്‍ താരങ്ങള്‍. ഓപ്പണിംഗില്‍ നാലാം തവണയാണ് രാഹുലും രോഹിത്തും 100 റണ്‍സ് ചേര്‍ക്കുന്നത്. മുമ്പ് ബാബറും റിസ്‌വാനും ഇന്ത്യയുടെ രോഹിത്തും ധവാനും നാല് സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിട്ടുണ്ട്. 

രാജ്യാന്തര ടി20യില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി കൂട്ടുകെട്ടിന്‍റെ ഭാഗമായ താരം എന്ന റെക്കോര്‍ഡ് രോഹിത് ശര്‍മ്മ സ്വന്തമാക്കി. പാകിസ്ഥാന്‍റെ ബാബര്‍ അസമും ന്യൂസിലന്‍ഡിന്‍റെ മാര്‍ട്ടിന്‍ ഗുപ്റ്റിലുമാണ് പിന്നിലായത്. 

ഓപ്പണര്‍മാരായി 1000 റണ്‍സ് ചേര്‍ക്കുന്ന ഏഴാം കൂട്ടുകെട്ട് എന്ന നേട്ടവും രോഹിത്തും രാഹുലും സ്വന്തമാക്കി. വെറും 19 ഇന്നിംഗ്‌സില്‍ 55 ശരാശരിയിലാണ് ഇരുവരുടേയും നേട്ടം. ഇന്ത്യന്‍ താരങ്ങളില്‍ ധവാന്‍-രോഹിത് സഖ്യം മാത്രമാണ് മുമ്പ് സവിശേഷ ആയിരം ക്ലബിലെത്തിയിട്ടുള്ളത്. ഓസ്‌ട്രേലിയയില്‍ നിന്ന് മാത്രമേ മുമ്പ് രണ്ട് ഓപ്പണിംഗ് സഖ്യങ്ങള്‍ 1000 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചിട്ടുള്ളൂ. 

റാഞ്ചിയിലെ 117 റണ്‍സോടെ രാജ്യാന്തര ടി20യില്‍ തുടര്‍ച്ചയായി അഞ്ച് 50+ കൂട്ടുകെട്ട് സ്ഥാപിച്ച ആദ്യ ഇന്ത്യ ജോഡി എന്ന നേട്ടവും രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലും പേരിലാക്കി. ടി20 ലോകകപ്പില്‍ അഫ്‌ഗാനെതിരെ 140 റണ്‍സ് നേടിയാണ് ഇരുവരും തുടങ്ങിയത്. രാജ്യാന്തര ടി20യില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറി നേടിയ വിരാട് കോലിയുടെ(25) റെക്കോര്‍ഡിന് ഒപ്പമെത്താനും രോഹിത്തിനായി.  

റാഞ്ചിയില്‍ നടന്ന രണ്ടാം ടി20യില്‍ ഏഴ് വിക്കറ്റ് വിജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി. കിവീസിന്‍റെ 153 റൺസ് രോഹിത്തും സംഘവും 16 പന്ത് ശേഷിക്കേ മൂന്ന് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ മറികടന്നു. രാഹുൽ 49 പന്തിൽ ആറ് ഫോറും രണ്ട് സിക്‌സറും ഉൾപ്പടെ 65 റണ്‍സെടുത്തു. കിവികളെ പൊരിച്ച രോഹിത് അഞ്ച് സിക്‌സറും ഒരു ഫോറുമടക്കം 36 പന്തിൽ 55 ഉം നേടി. ഓപ്പണിംഗ് വിക്കറ്റില്‍ രോഹിത്തും രാഹുലും 117 റണ്‍സ് ചേര്‍ത്തപ്പോള്‍ 14-ാം ഓവര്‍ വരെ കൂട്ടുകെട്ട് നീണ്ടു. രണ്ട് വിക്കറ്റുമായി അരങ്ങേറ്റം ഗംഭീരമാക്കിയ ഹർഷൽ പട്ടേലാണ് മാൻ ഓഫ് ദ മാച്ച്.  

IND vs NZ | കിംഗ് കോലി പിന്നിലായി; തകര്‍പ്പന്‍ റെക്കോര്‍ഡുമായി മാര്‍ട്ടിന്‍ ഗുപ്റ്റില്‍
 

click me!