റാഞ്ചിയില്‍ നടന്ന ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ടി20യില്‍ 31 റൺസെടുത്ത മാര്‍ട്ടിന്‍ ഗപ്റ്റിലിന് ആകെ ഇപ്പോൾ 3248 റൺസാണുള്ളത്

റാഞ്ചി: അന്താരാഷ്ട്ര ടി20(T20I) റൺവേട്ടയിൽ ഇന്ത്യന്‍ താരം വിരാട് കോലിയെ(Virat Kohli) മറികടന്ന് ന്യൂസിലന്‍ഡിന്‍റെ മാർട്ടിൻ ഗുപ്റ്റിൽ(Martin Guptill). 3227 റൺസെടുത്ത വിരാട് കോലിയെ പിന്തള്ളിയാണ് ഗുപ്റ്റിൽ ഒന്നാമതെത്തിയത്. റാഞ്ചിയിൽ ബാറ്റിംഗിന് ഇറങ്ങും മുൻപ് 11 റൺസ് മാത്രം പിന്നിലായിരുന്നു ഗുപ്റ്റിൽ. ഭുവനേശ്വർ കുമാറിന്‍റെ ആദ്യ ഓവറിൽ തന്നെ കോലിയെ കിവീസ് ഓപ്പണർ മറികടന്നു. മത്സരത്തിൽ 31 റൺസെടുത്ത ഗപ്റ്റിലിന് ഇപ്പോൾ 3248 റൺസാണുള്ളത്. റൺവേട്ടയിൽ ഇന്ത്യന്‍ നായകന്‍ രോഹിത് ശർമ്മയാണ് മൂന്നാം സ്ഥാനത്ത്. 

റാഞ്ചിയില്‍ നടന്ന ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ടി20യില്‍ ഏഴ് വിക്കറ്റ് വിജയത്തോടെ രോഹിത് ശര്‍മ്മയും സംഘവും പരമ്പര സ്വന്തമാക്കി. കിവീസിന്‍റെ 153 റൺസ് ഇന്ത്യ 16 പന്ത് ശേഷിക്കേ മറികടന്നു. ഇതോടെ ടി20യില്‍ മുഴുവന്‍സമയ നായകനായി ചുമതലയേറ്റ രോഹിത് ശര്‍മ്മയ്‌ക്കും പൂര്‍ണസമയ പരിശീലകനായി അരങ്ങേറിയ രാഹുല്‍ ദ്രാവിഡിനും കന്നി പരമ്പര തന്നെ വിജയമായി. 

154 റണ്‍സ് വിജയലക്ഷ്യം പിന്തുടരവേ റാഞ്ചിയിൽ ക്യാപ്റ്റൻ രോഹിത് ശര്‍മ്മയും വൈസ്ക്യാപ്റ്റൻ കെ എല്‍ രാഹുലും ക്രീസിലുറച്ചപ്പോൾ തന്നെ ഇന്ത്യ പരമ്പര റാഞ്ചി. രാഹുൽ 49 പന്തിൽ ആറ് ഫോറും രണ്ട് സിക്‌സറും ഉൾപ്പടെ 65 റണ്‍സെടുത്തു. കിവികളെ പൊരിച്ച രോഹിത് അഞ്ച് സിക്‌സറടക്കം 36 പന്തിൽ 55 ഉം നേടി. സൂര്യകുമാർ യാദവ് ഒന്നിൽ വീണെങ്കിലും 12 റൺസ് വീതമെടുത്ത് വെങ്കടേഷ് അയ്യരും റിഷഭ് പന്തും ഇന്ത്യൻ ജയം അനായാസമാക്കി. ഇന്ത്യയുടെ മൂന്ന് വിക്കറ്റും ടിം സൗത്തിക്കായിരുന്നു. 

Scroll to load tweet…

ടോസിലെ ഭാഗ്യം തുടർന്നപ്പോൾ തന്നെ ഇന്ത്യ പകുതി ജയിച്ചു. ജീവൻ കിട്ടിയ ഗുപ്റ്റിലും മിച്ചലും നൽകിയത് തകർപ്പൻ തുടക്കം. കിവികൾ കൂറ്റൻ സ്കോറിലേക്കെന്ന് തോന്നിച്ചെങ്കിലും ഇന്ത്യൻ ബൗളമാർ പിടിമുറുക്കി. ഇതോടെ കിവികള്‍ 153/6 എന്ന സ്‌കോറില്‍ ചുരുങ്ങി. 34 റൺസെടുത്ത ഗ്ലെൻ ഫിലിപ്‌സാണ് ടോപ്സ്കോറർ. അരങ്ങേറ്റക്കാരൻ ഹർഷൽ പട്ടേല്‍ രണ്ട് വിക്കറ്റുമായി തിളങ്ങി. ഭുവനേശ്വർ കുമാറിനും ദീപക് ചഹറിനും അക്സർ പട്ടേലിനും രവിചന്ദ്ര അശ്വിനും ഓരോ വിക്കറ്റും ലഭിച്ചു.

അരങ്ങേറ്റം ഗംഭീരമാക്കിയ ഹർഷൽ പട്ടേലാണ് മാൻ ഓഫ് ദ മാച്ച്. പരമ്പരയിലെ അവസാന മത്സരം ഞായറാഴ്‌ച കൊൽക്കത്തയിൽ നടക്കും.

IND v NZ‌| റാഞ്ചിയിലും വിജയം റാഞ്ചി ഇന്ത്യ, ന്യൂസിലന്‍ഡ‍ിനെതിരെ ടി20 പരമ്പര