അവന്‍ തന്നെ വേണ്ടിവന്നു ന്യൂസിലന്‍ഡിനെ ചാരമാക്കാന്‍; 'ലോര്‍ഡ് ഷര്‍ദ്ദുലിനെ' വാഴ്ത്തി ആരാധകര്‍

Published : Jan 24, 2023, 09:37 PM ISTUpdated : Jan 24, 2023, 09:39 PM IST
അവന്‍ തന്നെ വേണ്ടിവന്നു ന്യൂസിലന്‍ഡിനെ ചാരമാക്കാന്‍; 'ലോര്‍ഡ് ഷര്‍ദ്ദുലിനെ' വാഴ്ത്തി ആരാധകര്‍

Synopsis

മൂന്നാമത്തെയും അവസാനത്തേയും ഏകദിനത്തില്‍ 90 റണ്‍സിന് വിജയിച്ചാണ് രോഹിത് ശര്‍മ്മയും സംഘവും പരമ്പര 3-0ന് തൂത്തുവാരിയത്

ഇന്‍ഡോര്‍: ഇന്‍ഡോറിലെ മൂന്നാം ഏകദിനത്തിലും വിജയിച്ചതോടെ ന്യൂസിലന്‍ഡിനെതിരായ പരമ്പര 3-0ന് ഇന്ത്യ തൂത്തുവാരിയിരിക്കുകയാണ്. അവസാന മത്സരത്തില്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശുഭ്‌മാന്‍ ഗില്ലും സെഞ്ചുറി നേടിയപ്പോഴും മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് പേസര്‍ ഷര്‍ദ്ദുല്‍ ഠാക്കൂറാണ്. നിര്‍ണായക ഘട്ടത്തില്‍ ന്യൂസിലന്‍ഡിനെ വൈറ്റ് വാഷ് ചെയ്യാന്‍ ലോര്‍ഡ് ഷര്‍ദ്ദുല്‍ വേണ്ടിവന്നു എന്നാണ് ആരാധകരുടെ പ്രശംസ. ഷര്‍ദ്ദുലിനെ പ്രശംസിക്കുന്ന ഹാഷ്‌ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗായിരിക്കുകയാണ്. 

മൂന്നാമത്തെയും അവസാനത്തേയും ഏകദിനത്തില്‍ 90 റണ്‍സിന് വിജയിച്ചാണ് രോഹിത് ശര്‍മ്മയും സംഘവും പരമ്പര 3-0ന് തൂത്തുവാരിയത്. 386 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവികള്‍ ഓപ്പണര്‍ ദേവോണ്‍ കോണ്‍വേയുടെ മിന്നും സെഞ്ചുറിക്കിടയിലും 41.2 ഓവറില്‍ 295 റണ്‍സില്‍ പുറത്തായി. കോണ്‍വേ 100 പന്തില്‍ 138 റണ്‍സ് നേടി. മത്സരത്തില്‍ ആറ് ഓവര്‍ എറിഞ്ഞ ഷര്‍ദ്ദുല്‍ 45 റണ്‍സിന് മൂന്ന് വിക്കറ്റുമായി തിളങ്ങിയിരുന്നു. കിവീസ് ഇന്നിംഗ്‌സില്‍ 26-ാം ഓവറിലെ ആദ്യ രണ്ട് പന്തുകളില്‍ ഡാരില്‍ മിച്ചല്‍, ടോം ലാഥം എന്നിവരെ പുറത്താക്കിയ ഷര്‍ദ്ദുല്‍ തന്‍റെ തൊട്ടടുത്ത ഓവറില്‍ ഗ്ലെന്‍ ഫിലിപ്‌സിന്‍റെ വിക്കറ്റും വീഴ്‌ത്തി. നേരത്തെ ബാറ്റിംഗില്‍ 17 പന്തില്‍ 3 ഫോറും ഒരു സിക്‌സും സഹിതം 25 റണ്‍സും ഷര്‍ദ്ദുല്‍ ഠാക്കൂര്‍ നേടിയിരുന്നു. 

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ടീം ഇന്ത്യ രോഹിത് ശര്‍മ്മ, ശുഭ്‌മാന്‍ ഗില്‍ എന്നിവരുടെ സെഞ്ചുറിക്കരുത്തില്‍ 50 ഓവറില്‍ 9 വിക്കറ്റിന് 385 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. 85 പന്തില്‍ 9 ഫോറും 6 സിക്‌സറും സഹിതം 101 റണ്‍സാണ് ഹിറ്റ്‌മാന്‍ അടിച്ചുകൂട്ടിയത്. രോഹിത്തിന്‍റെ മുപ്പതാം ഏകദിന സെഞ്ചുറിയാണിത്. അതേസമയം നാലാം ഏകദിന ശതകം നേടിയ ഗില്‍ 78 പന്തില്‍ 112 റണ്‍സ് നേടി. വിരാട് കോലി(36), ഇഷാന്‍ കിഷന്‍(17), സൂര്യകുമാര്‍ യാദവ്(14), ഹാര്‍ദിക് പാണ്ഡ്യ(38 പന്തില്‍ 54), വാഷിംഗ്‌ടണ്‍ സുന്ദര്‍(9), കുല്‍ദീപ് യാദവ്(3), ഉമ്രാന്‍ മാലിക്(2*) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്കോര്‍. ന്യൂസിലന്‍ഡിനായി ജേക്കബ് ഡഫിയും ബ്ലെയര്‍ ടിക്‌നറും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ബ്രേസ്‌വെല്‍ ഒരാളെ മടക്കി. പക്ഷേ ഡഫി 10 ഓവറില്‍ 100 റണ്‍സ് വിട്ടുകൊടുത്തു. 

ഇന്‍ഡോറിലും ഇന്ത്യ, ഏകദിന പരമ്പര തൂത്തുവാരി; രോഹിത്തും സംഘവും ഒന്നാം റാങ്കില്‍
 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കാത്തിരിപ്പിനൊടുവില്‍ സഞ്ജു പ്ലേയിംഗ് ഇലവനിലേക്ക്?, 3 മാറ്റങ്ങള്‍ക്ക് സാധ്യത, നാലാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം
റെക്കോര്‍ഡിട്ട് ഗ്രീന്‍, ഞെട്ടിച്ച് പതിരാനയും ലിവിംഗ്സ്റ്റണും ഇംഗ്ലിസും ഐപിഎല്‍ താരലേലത്തിലെ വിലകൂടിയ വിദേശതാരങ്ങള്‍