Asianet News MalayalamAsianet News Malayalam

ഇന്‍ഡോറിലും ഇന്ത്യ, ഏകദിന പരമ്പര തൂത്തുവാരി; രോഹിത്തും സംഘവും ഒന്നാം റാങ്കില്‍

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ടീം ഇന്ത്യ രോഹിത് ശര്‍മ്മ, ശുഭ്‌മാന്‍ ഗില്‍ എന്നിവരുടെ സെഞ്ചുറിക്കരുത്തില്‍ 50 ഓവറില്‍ 9 വിക്കറ്റിന് 385 റണ്‍സ് അടിച്ചെടുത്തിരുന്നു

Team India clinch ODI series by 3 0 against New Zealand and secure 1st rank in ICC mens ODI Team Ranking
Author
First Published Jan 24, 2023, 9:00 PM IST

ഇന്‍ഡോര്‍: ഇന്‍ഡോര്‍ ഏകദിനത്തില്‍ ന്യൂസിലന്‍ഡിനെ 90 റണ്‍സിന് തകര്‍ത്ത് ടീം ഇന്ത്യക്ക് പരമ്പരയും(3-0) ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനവും. 386 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവികള്‍ ഓപ്പണര്‍ ദേവോണ്‍ കോണ്‍വേയുടെ മിന്നും സെഞ്ചുറിക്കിടയിലും 41.2 ഓവറില്‍ 295 റണ്‍സില്‍ പുറത്തായി. കോണ്‍വേ 100 പന്തില്‍ 138 റണ്‍സ് നേടി. ബാറ്റിംഗില്‍ സെഞ്ചുറികളുമായി രോഹിത് ശര്‍മ്മയും ശുഭ്‌മാന്‍ ഗില്ലും ബൗളിംഗില്‍ മൂന്ന് വിക്കറ്റ് വീതവുമായി ഷര്‍ദ്ദുല്‍ ഠാക്കൂറും കുല്‍ദീപ് യാദവും രണ്ടാളെ പുറത്താക്കി യുസ്‌വേന്ദ്ര ചാഹലും തിളങ്ങി. അര്‍ധസെഞ്ചുറിയും ഒരു വിക്കറ്റുമായി ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവും നിര്‍ണായകമായി. ആദ്യ ഏകദിനം 12 റണ്ണിനും രണ്ടാമത്തേത് 8 വിക്കറ്റിനും വിജയിച്ച ഇന്ത്യ ഇതോടെ പരമ്പര തൂത്തുവാരി. 

കൊടുങ്കാറ്റായി കോണ്‍വേ, പക്ഷേ എറിഞ്ഞിട്ടു

ഇന്ത്യ മുന്നോട്ടുവെച്ച 386 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ന്യൂസിലന്‍ഡിന് രണ്ടാം പന്തില്‍ ഹാര്‍ദിക് പാണ്ഡ്യ ആദ്യ തിരിച്ചടി നല്‍കി. ടീം അക്കൗണ്ട് തുറക്കും മുമ്പ് ഫിന്‍ അലനെ(2 പന്തില്‍ 0) ഹാര്‍ദിക് പാണ്ഡ്യ ബൗള്‍ഡാക്കി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ദേവോണ്‍ കോണ്‍വേയും ഹെന്‍‌‌റി നിക്കോള്‍സും ന്യൂസിലന്‍ഡിനെ 100 കടത്തി. 15-ാം ഓവറിലെ അഞ്ചാം പന്തില്‍ കുല്‍ദീപ് യാദവാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 40 പന്തില്‍ 42 റണ്‍സെടുത്ത നിക്കോള്‍സ് എല്‍ബിയില്‍ പുറത്താവുകയായിരുന്നു. കോണ്‍വേ-നിക്കോള്‍സ് സഖ്യം രണ്ടാം വിക്കറ്റില്‍ 106 റണ്‍സെടുത്തു. 

എന്നാല്‍ ഒരുവശത്ത് തകര്‍ത്തടിച്ച് ദേവോണ്‍ കോണ്‍വേ 71 പന്തില്‍ മൂന്നാം ഏകദിന സെഞ്ചുറി കണ്ടെത്തി. മൂന്നാമനായി ഡാരില്‍ മിച്ചലിന്‍റെ വിക്കറ്റ് വീണതോടെ കിവികള്‍ വീണ്ടും ഞെട്ടി. 31 പന്തില്‍ 24 റണ്‍സെടുത്ത മിച്ചലിനെ 26-ാം ഓവറിലെ ആദ്യ പന്തില്‍ ഷാര്‍ദുല്‍ ഠാക്കൂര്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍റെ കിഷന്‍റെ കൈകളില്‍ എത്തിക്കുകയായിരുന്നു. തൊട്ടടുത്ത ബോളില്‍ ക്യാപ്റ്റന്‍ ടോം ലാഥം ഗോള്‍ഡന്‍ ഡക്കായി ഹാര്‍ദിക് പാണ്ഡ്യയുടെ കൈകളിലെത്തി. എന്നാല്‍ ഹാട്രിക് തികയ്ക്കാന്‍ ഠാക്കൂറിനായില്ല. തന്‍റെ അടുത്ത ഓവറില്‍ ഗ്ലെന്‍ ഫിലിപ്‌സിനെ(7 പന്തില്‍ 5) കോലിയുടെ കൈകളിലാക്കി ഠാക്കൂര്‍. 

32-ാം ഓവറില്‍ കോണ്‍വേയുടെ പോരാട്ടം ഉമ്രാന്‍ മാലിക് അവസാനിപ്പിച്ചു. 100 പന്തില്‍ 12 ഫോറും 8 സിക്‌സും പറത്തി 138 റണ്‍സെടുത്ത കോണ്‍വേ രോഹിത്തിന്‍റെ കൈകളില്‍ എത്തുകയായിരുന്നു. 22 പന്തില്‍ 26 റണ്‍സെടുത്ത മൈക്കല്‍ ബ്രേസ്‌വെലിനെ കുല്‍ദീപിന്‍റെ പന്തില്‍ ഇഷാന്‍ സ്റ്റംപ് ചെയ്‌തതോടെ കളി ഇന്ത്യയുടെ കയ്യിലായി. ലോക്കീ ഫെര്‍ഗ്യൂസനെ(12 പന്തില്‍ 7) കുല്‍ദീപും ജേക്കബ് ഡഫിയെയും(2 പന്തില്‍ 0) മിച്ചല്‍ സാന്‍റ്‌നറിനേയും(29 പന്തില്‍ 34) ചാഹലും പുറത്താക്കിയതോടെ കിവീസ് പരാജയം സമ്പൂര്‍ണമായി. ബ്ലെയര്‍ ടിക്‌നര്‍ 0* റണ്‍സുമായി പുറത്താകാതെ നിന്നു. 

ഗില്ലാട്ടം തുടരുന്നു, ഹിറ്റ്‌മാന്‍ ഈസ് ബാക്ക്

നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ടീം ഇന്ത്യ രോഹിത് ശര്‍മ്മ, ശുഭ്‌മാന്‍ ഗില്‍ എന്നിവരുടെ സെഞ്ചുറിക്കരുത്തില്‍ 50 ഓവറില്‍ 9 വിക്കറ്റിന് 385 റണ്‍സ് അടിച്ചെടുത്തു. 85 പന്തില്‍ 9 ഫോറും 6 സിക്‌സറും സഹിതം 101 റണ്‍സാണ് ഹിറ്റ്‌മാന്‍ അടിച്ചുകൂട്ടിയത്. രോഹിത്തിന്‍റെ മുപ്പതാം ഏകദിന സെഞ്ചുറിയാണിത്. അതേസമയം നാലാം ഏകദിന ശതകം നേടിയ ഗില്‍ 78 പന്തില്‍ 13 ഫോറും 5 സിക്‌സും ഉള്‍പ്പടെ 112 റണ്ണെടുത്തു. ഒന്നാം വിക്കറ്റില്‍ ഗില്‍-രോഹിത് സഖ്യം 212 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രോഹിത്തിനെ ബ്രേസ്‌വെല്ലും ഗില്ലിനെ ടിക്‌നെറുമാണ് പുറത്താക്കിയത്. ഇതിന് ശേഷം കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഫിഫ്റ്റി ടീമിന് സഹായകമായി. 

വിരാട് കോലി(36), ഇഷാന്‍ കിഷന്‍(17), സൂര്യകുമാര്‍ യാദവ്(14), ഹാര്‍ദിക് പാണ്ഡ്യ(38 പന്തില്‍ 54), വാഷിംഗ്‌ടണ്‍ സുന്ദര്‍(9), ഷര്‍ദ്ദുല്‍ ഠാക്കൂര്‍(25), കുല്‍ദീപ് യാദവ്(3), ഉമ്രാന്‍ മാലിക്(2*) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്കോര്‍. ന്യൂസിലന്‍ഡിനായി ജേക്കബ് ഡഫിയും ബ്ലെയര്‍ ടിക്‌നറും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ബ്രേസ്‌വെല്‍ ഒരാളെ മടക്കി. പക്ഷേ ഡഫി 10 ഓവറില്‍ 100 റണ്‍സ് വിട്ടുകൊടുത്തു. 

അവസാനിച്ചത് 1,100 ദിവസത്തെ കാത്തിരിപ്പ്; മഞ്ജരേക്കറും രോഹിത്തും പറഞ്ഞപോലെ തന്നെ സംഭവിച്ചു!

Follow Us:
Download App:
  • android
  • ios