Latest Videos

മൂന്നാം ടി20ക്ക് മണിക്കൂറുകള്‍ മാത്രം; രണ്ട് താരങ്ങളുടെ കാര്യത്തില്‍ തീരുമാനമാകാതെ ടീം ഇന്ത്യ

By Web TeamFirst Published Feb 1, 2023, 4:52 PM IST
Highlights

ഇന്ത്യക്ക് ഏറ്റവും വലിയ ആശങ്ക ഓപ്പണര്‍മാരായ ഇഷാന്‍ കിഷന്‍ ശുഭ്‌മാന്‍ ഗില്‍ എന്നിവരുടെ ഫോമില്ലായ്‌മയാണ്

അഹമ്മദാബാദ്: ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്‍റി 20 പരമ്പരയിലെ വിജയികളെ തീരുമാനിക്കുന്ന നിര്‍ണായക മൂന്നാം മത്സരം ഇന്നാണ്. ആദ്യ രണ്ട് മത്സരങ്ങള്‍ ഓരോന്ന് വീതം ഇരു ടീമുകളും വിജയിച്ചതിനാല്‍ അഹമ്മദാബാദില്‍ ഇന്ന് വിജയിക്കുന്നവര്‍ക്ക് ടി20 പരമ്പര സ്വന്തമാകും. മത്സരത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോഴും പ്ലേയിംഗ് ഇലവനിലെ രണ്ട് മാറ്റങ്ങളുടെ കാര്യത്തില്‍ ഇന്ത്യന്‍ മാനേജ്‌മെന്‍റില്‍ ആശങ്ക തുടരുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യക്ക് ഏറ്റവും വലിയ ആശങ്ക ഓപ്പണര്‍മാരായ ഇഷാന്‍ കിഷന്‍, ശുഭ്‌മാന്‍ ഗില്‍ എന്നിവരുടെ ഫോമില്ലായ്‌മയാണ്. ഗില്ലിനേക്കാള്‍ പ്രഹരശേഷിയുള്ള പൃഥ്വി ഷാ അവസരം കാത്ത് പുറത്തിരിക്കുകയാണ്. അതിനാല്‍ ഷായെ ഇന്ന് കളിപ്പിക്കണോ എന്നതാണ് ക്യാപ്റ്റനും പരിശീലകനും മുന്നിലുള്ള പ്രധാന ചോദ്യം. ഇന്നലെ പരിശീലനത്തിനിടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡും ഇക്കാര്യം ചര്‍ച്ച ചെയ്‌തെങ്കിലും തീരുമാനമായില്ല എന്നാണ് ഇന്‍സൈഡ് സ്‌പോര്‍ടിന്‍റെ റിപ്പോര്‍ട്ട്. 2021 ജൂണില്‍ ശ്രീലങ്കയ്ക്ക് എതിരെ കളിച്ച ശേഷം പൃഥ്വി ഷായ്ക്ക് രാജ്യാന്തര ടി20യില്‍ അവസരം ലഭിച്ചിട്ടില്ല. അന്നാവട്ടെ ഷായ്ക്ക് അക്കൗണ്ട് തുറക്കാനായില്ല. അഞ്ച് ടി20കളില്‍ ഗില്ലിന് 76 ഉം 26 മത്സരങ്ങളില്‍ ഇഷാന്‍ കിഷന് 652 ഉം റണ്‍സ് വീതമാണുള്ളത്. 

ഇന്ന് അവസാന അങ്കത്തില്‍ പേസര്‍ ഉമ്രാന്‍ മാലിക്കിനെ തിരിച്ച് വിളിക്കണോ എന്ന ചോദ്യവും അവശേഷിക്കുന്നു. അങ്ങനെയെങ്കില്‍ യുസ്‌വേന്ദ്ര ചാഹലാവും പ്ലേയിംഗ് ഇലവന് പുറത്താവുക. കിവികള്‍ക്കെതിരെ ആദ്യ ട്വന്‍റി 20യില്‍ ഒരോവറില്‍ 16 റണ്‍സ് വഴങ്ങിയ മാലിക്കിന് പിന്നീട് ഓവറുകള്‍ നല്‍കാതിരുന്നപ്പോള്‍ രണ്ടാം ടി20യില്‍ പകരമെത്തിയ ചാഹലിന് രണ്ട് ഓവറുകളേ നല്‍കിയിരുന്നുള്ളൂ.

ഇന്ത്യന്‍ ട്വന്‍റി 20 സ്‌ക്വാഡ്: സൂര്യകുമാര്‍ യാദവ്, ശുഭ്‌മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, പൃഥ്വി ഷാ, ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), ദീപക് ഹൂഡ, വാഷിംഗ്‌ടണ്‍ സുന്ദര്‍, ശിവം മാവി, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ജിതേഷ് ശര്‍മ്മ(വിക്കറ്റ് കീപ്പര്‍), കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്‌ദീപ് സിംഗ്, ഉമ്രാന്‍ മാലിക്.  

സൂര്യോദയത്തില്‍ കിംഗ് കോലിയുടെ സിംഹാ‌സനം തെറിച്ചു; ട്വന്‍റി 20യില്‍ സ്‌കൈക്ക് പുതിയ റെക്കോര്‍ഡ്

click me!