
മുംബൈ: ടീം ഇന്ത്യക്കെതിരെ മുംബൈ ക്രിക്കറ്റ് ടെസ്റ്റിന്‍റെ (India vs New Zealand 2nd Test Mumbai) ആദ്യ ഇന്നിംഗ്‌സില്‍ 10 വിക്കറ്റ് (Perfect 10) നേടിയ പന്തും ജേഴ്‌സിയും മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ (Mumbai Cricket Association) മ്യൂസിയത്തിന് സമ്മാനിച്ച് ന്യൂസിലന്‍ഡ് സ്‌പിന്നര്‍ അജാസ് പട്ടേല്‍ (Ajaz Patel). ടെസ്റ്റ് അവസാനിച്ചതിന് പിന്നാലെയാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് വിജയ് പാട്ടീലിന് (Vijay Patil) ഇവ രണ്ടും അജാസ് കൈമാറിയത്.
അതേസമയം 'പെര്‍ഫക്‌ട് 10' സ്‌കോര്‍ ഷീറ്റും പ്രത്യേക ഉപഹാരവും മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍റേതായി അജാസ് പട്ടേലിന് വിജയ് പാട്ടീല്‍ സമ്മാനിച്ചു. മുംബൈയില്‍ മികച്ച പിച്ചൊരുക്കിയ നദീം മേമനെയും രമേഷ് മാമൂന്‍കറിനേയും അജാസ് പട്ടേലും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും അഭിനന്ദിച്ചു. മുംബൈയിലെ ഗ്രൗണ്ട് സ്റ്റാഫിന് ഇന്ത്യന്‍ ടീം 35,000 രൂപ സമ്മാനിച്ചു.
അജാസ് മുംബൈയുടെ പുത്രന്‍
അജാസ് പട്ടേലിന്‍റെ ജന്‍മനാട് കൂടിയാണ് മുംബൈ. മുംബൈയില്‍ ജനിച്ച അജാസ് പട്ടേല്‍ എട്ടാം വയസ് വരെ ജീവിച്ചത് മുംബൈയില്‍ തന്നെയായിരുന്നു. എട്ടാം വയസിലാണ് അജാസിന്‍റെ മാതാപിതാക്കള്‍ രണ്ട് സഹോദരിമാര്‍ക്കൊപ്പം അജാസിനെയും കൂട്ടി ന്യൂസിലന്‍ഡിലെ ഓക്‌ലന്‍ഡിലെത്തിയത്. ഇടംകൈയന്‍ പേസറായിട്ടായിരുന്നു കരിയറിന്‍റെ തുടക്കം. എന്നാല്‍ തന്‍റെ 30-ാം വയസില്‍ പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള കിവീസ് ടീമിലേക്ക് വിളിയെത്തിയതോടെയാണ് അരങ്ങേറ്റത്തിന് വഴിയൊരുങ്ങിയത്.
വാംഖഡെയില്‍ രണ്ടിന്നിംഗ്‌സിലുമായി 14 ഇന്ത്യന്‍ വിക്കറ്റുകളാണ് അജാസ് പിഴുതത്. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ 10 വിക്കറ്റുകളും വീഴ്‌ത്തി ചരിത്രനേട്ടം അജാസ് കുറിച്ചു. 47.5 ഓവറില്‍ 119 റണ്‍സിനാണ് അജാസ് ഇന്ത്യയുടെ എല്ലാ വിക്കറ്റുകളും കവര്‍ന്നത്. ടെസ്റ്റ് ചരിത്രത്തില്‍ മൂന്നാം തവണ മാത്രമാണ് ഒരു ബൗളര്‍ ഇന്നിംഗ്സിലെ 10 വിക്കറ്റും വീഴ്ത്തുന്നത്. ജിം ലേക്കറും അനില്‍ കുംബ്ലെയുമാണ് അജാസിന്‍റെ മുന്‍ഗാമികള്‍. ഇന്ത്യന്‍ താരങ്ങള്‍ ഒപ്പിട്ട ജേഴ്‌സി മത്സര ശേഷം അജാസിന് സമ്മാനിച്ചിരുന്നു.
അജാസിനെ അഭിനന്ദിച്ച് കുംബ്ലെ
ഒരിന്നിംഗ്‌സിലെ 10 വിക്കറ്റുകളും എന്ന നാഴികക്കല്ല് സ്വന്തമാക്കിയ അജാസ് പട്ടേലിനെ അഭിനന്ദിച്ച് മുന്‍ഗാമിയും ഇതിഹാസ സ്‌പിന്നറുമായ അനില്‍ കുംബ്ലെ രംഗത്തെത്തിയിരുന്നു. 'പെര്‍ഫെക്‌ട് 10 സ്വന്തമാക്കിയ അജാസ് പട്ടേലിന് ക്ലബിലേക്ക് സ്വാഗതം, മികച്ച രീതിയില്‍ പന്തെറിഞ്ഞു. ടെസ്റ്റിന്‍റെ ആദ്യ രണ്ട് ദിനത്തിനിടയില്‍ ഈ നേട്ടം സ്വന്തമാക്കുക സവിശേഷ ശ്രമമാണ്' എന്നുമായിരുന്നു കുംബ്ലെയുടെ ട്വീറ്റ്.
IND vs NZ : അന്ന് നിങ്ങളെന്നെ അടിച്ചുപറത്തിയത് ഞാന്‍ മറന്നിട്ടില്ല, സെവാഗിനോട് അജാസ് പട്ടേല്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!