അജാസിന്‍റെ റെക്കോര്‍ഡ് പ്രകടനവും പക്ഷെ ന്യൂസിലന്‍ഡിനെ തുണച്ചില്ല. ടെസ്റ്റ് ചരിത്രത്തിലെ റണ്ണുകളുടെ അടിസ്ഥാനത്തിലെ തങ്ങളുടെ ഏറ്റവും വലിയ വിജയവുമായി ഇന്ത്യ രണ്ട് മത്സര പരമ്പര 1-0ന് സ്വന്തമാക്കി. എങ്കിലും ഇന്ത്യക്കെതിരെ ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ബൗളറെന്ന നേട്ടം അജാസ് സ്വന്തമാക്കിയിരുന്നു.

മുംബൈ: മുംബൈ ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യയുടെ പത്തു വിക്കറ്റുകളും വീഴ്ത്തി ചരിത്ര നേട്ടം സ്വന്തമാക്കിയ ന്യൂസിലന്‍ഡിന്‍റെ ഇടം കൈയന്‍ സ്പിന്നര്‍ അജാസ് പട്ടേലിനെ(Ajaz Patel) അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്(Virender Sehwag). മുംബൈ ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ പത്തും രണ്ടാം ഇന്നിംഗ്സില്‍ നാലും വിക്കറ്റ് വിഴ്ത്തിയ അജാസ് മത്സരത്തില്‍ പതിനാല് വിക്കറ്റെടുത്തിരുന്നു.

അജാസിന്‍റെ റെക്കോര്‍ഡ് പ്രകടനവും പക്ഷെ ന്യൂസിലന്‍ഡിനെ തുണച്ചില്ല. ടെസ്റ്റ് ചരിത്രത്തിലെ റണ്ണുകളുടെ അടിസ്ഥാനത്തിലെ തങ്ങളുടെ ഏറ്റവും വലിയ വിജയവുമായി ഇന്ത്യ രണ്ട് മത്സര പരമ്പര 1-0ന് സ്വന്തമാക്കി. എങ്കിലും ഇന്ത്യക്കെതിരെ ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ബൗളറെന്ന നേട്ടം അജാസ് സ്വന്തമാക്കിയിരുന്നു. പരമ്പരനേട്ടത്തിനൊപ്പം ഐസിസി ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനവും ഇന്ത്യ ന്യൂസിലന്‍ഡില്‍ നിന്ന് തിരിച്ചു പിടിച്ചരുന്നു.

മുംബൈ ടെസ്റ്റിലെ അത്ഭുത പ്രകടനത്തിന് പിന്നാലെ അജാസിന്‍റെ പ്രകടനത്തെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന് അജാസ് നല്‍കി മറുപടിയാണ് ആരാധകര്‍ ഇപ്പോള്‍ ആഘോഷമാക്കുന്നത്. അജാസിന്‍റെ വിസ്മയ പ്രകടനത്തേ അഭിനന്ദിച്ച സെവാഗ് ഇന്ത്യയുടെ ജയത്തേക്കാള്‍ കൂടുതലായി ആളുകള്‍ ചര്‍ച്ച ചെയ്യുന്നത് താങ്കളുടെ വിസ്മയ ബൗളിംഗ് പ്രകടനമാണെന്ന് ട്വിറ്ററില്‍ കുറിച്ചിരുന്നു. കരിയറില്‍ ഇനിയും വലിയ നേട്ടങ്ങള്‍ താങ്കള്‍ക്ക് സ്വന്തമാക്കാനാവാട്ടെ എന്നും സെവാഗ് അജാസിനെ ആശംസിച്ചു.

Scroll to load tweet…

എന്നാല്‍ സെവാഗിന്‍റെ അഭിനന്ദനത്തിന് നന്ദി പറഞ്ഞ അജാസ്, രസകരമായ ഒരു കഥയും പങ്കുവെച്ചു. ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനത്തില്‍ ഒരിക്കല്‍ നെറ്റ് ബൗളറായി പന്തെറിയാനെത്തിയ തന്നെ സെവാഗ് ഓവലിലെ ഈഡന്‍ പാര്‍ക്കിന്‍റെ പുറത്തേക്ക് അടിച്ചുപറത്തിയത് ഇപ്പോഴും മറന്നിട്ടില്ലെന്നായിരുന്നു അജാസിന്‍റെ മറുപടി.

മുംബൈയില്‍ ജനിച്ചശേഷം എട്ടാം വയസില്‍ മാതാപിതാക്കള്‍ക്കൊപ്പം ന്യൂസിലന്‍ഡിലേക്ക് കുടിയേറിയതാണ് അജാസ്. ഇടംകൈയന്‍ പേസറായി കരിയര്‍ തുടങ്ങിയ 33കാരനായ അജാസ് കരിയറില്‍ ഇതുവരെ 11 ടെസ്റ്റില്‍ നിന്ന് 43 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇതില്‍ പതിനാലും വിക്കറ്റും മുംബൈയിലെ രണ്ടാം ടെസ്റ്റിലായിരുന്നു.