ഇന്ത്യക്ക് കണക്ക് ബാക്കിയുണ്ട്, പാകിസ്ഥാന് ജയിച്ച് തുടങ്ങണം; ഏഷ്യാ കപ്പില്‍ ഇന്ന് തീപ്പാറും പോര്

By Web TeamFirst Published Aug 28, 2022, 8:02 AM IST
Highlights

കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം നടന്ന ഏഴ് ട്വന്റി 20 പരമ്പരകളും സ്വന്തമാക്കിയാണ് ഇന്ത്യ ഏഷ്യാ കപ്പിന് ഇറങ്ങുന്നത്. ഏഷ്യാ കപ്പില്‍ 14 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ എട്ട് തവണയും ജയം ഇന്ത്യക്കൊപ്പമായിരുന്നു.

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിന്. ചിരവൈരികളായ പാകിസ്ഥാനെയാണ് ഇന്ത്യ ആദ്യ മത്സരത്തില്‍ നേരിടുന്നത്. ഗ്രൂപ്പ് എയില്‍ പാകിസ്ഥാനെ കൂടാതെ ഹോങ്കോംഗും മത്സരിക്കുന്നുണ്ട്. ഗ്രൂപ്പില്‍ നിന്ന് രണ്ട് ടീമുകളാണ് സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടുക. സൂപ്പര്‍ ഫോറിലെത്തുന്ന നാല് ടീമുകള്‍ വീണ്ടും നേര്‍ക്കുനേര്‍ വരുന്ന രീതിയിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഗ്രൂപ്പ് ബിയില്‍ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവരാണ് കളിക്കുക. 

കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം നടന്ന ഏഴ് ട്വന്റി 20 പരമ്പരകളും സ്വന്തമാക്കിയാണ് ഇന്ത്യ ഏഷ്യാ കപ്പിന് ഇറങ്ങുന്നത്. ഏഷ്യാ കപ്പില്‍ 14 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ എട്ട് തവണയും ജയം ഇന്ത്യക്കൊപ്പമായിരുന്നു. ഏഷ്യാ കപ്പ് കിരീട നേട്ടത്തിലും പാകിസ്ഥാനേക്കാള്‍ ബഹുദൂരം മുന്നിലാണ് ഇന്ത്യ. ഏഴ് തവണ ഇന്ത്യന്‍ ടീം ഏഷ്യാ കപ്പുയര്‍ത്തിയപ്പോള്‍ പാകിസ്ഥാന്റെ നേട്ടം രണ്ട് കിരീടത്തിലൊതുങ്ങി. 

സമയം, വേദി

ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് ഇന്ത്യ- പാകിസ്ഥാന്‍ മത്സരം. ടി20 ലോകകപ്പില്‍ പാകിസ്ഥാനോട് ഇന്ത്യ തോറ്റ മവേദി കൂടിയാണിത്. അന്ന് പത്ത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ പരാജയം. ആ തോല്‍വി ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ഇന്ത്യയെ പുറത്താക്കാന്‍ പോന്നതായിരുന്നു. അന്നേറ്റ തോല്‍വിക്ക് ഇന്ത്യക്ക് പകരം വീട്ടേണ്ടതുണ്ട്. അന്ന് വിരാട് കോലിയായിരുന്നു ഇന്ത്യയുടെ ക്യാപ്റ്റന്‍. തോല്‍വിക്ക് പിന്നാലെ കോലി നായകസ്ഥാനത്ത് നിന്ന് പടിയിറങ്ങി. ഇത്തവണ ഏഷ്യാ കപ്പില്‍ രോഹിത് ശര്‍മയ്ക്ക് കീഴിലാണ് ഇന്ത്യ ഇറങ്ങുന്നത്.

തല്‍സമയം കാണാന്‍

ഇന്ത്യയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കാണ് ഏഷ്യാ കപ്പിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാര്‍. അതിനാല്‍ ഡിസ്‌നി ഹോട്സ്റ്റാര്‍ വഴി മത്സരത്തിന്റെ ലൈവ് സ്ട്രീമിങ്ങുണ്ടാകും. മത്സരവേദിയായ യുഎഇ ഉള്‍പ്പെടുന്ന മിഡില്‍ ഈസ്റ്റില്‍ ഒഎസ്എന്‍ സ്‌പോര്‍ട്‌സാണ് മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുക. എല്ലാ ദിവസവും ഇന്ത്യന്‍സമയം രാത്രി ഏഴരയ്ക്കാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. 

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, രവി ബിഷ്‌ണോയി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, ആവേശ് ഖാന്‍. സ്റ്റാന്‍ഡ്‌ബൈ: ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, ദീപക് ചാഹര്‍.
 

click me!