ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഇന്ന്; റണ്ണൊഴുക്കാന്‍ സഞ്ജു സാംസണ്‍

By Jomit JoseFirst Published Oct 6, 2022, 7:57 AM IST
Highlights

സഞ്ജു സാംസൺ, ശുഭ്‌മാൻ ഗിൽ, ഇഷാൻ കിഷൻ, ഷാർദ്ദുൽ ഠാക്കൂർ, ദീപക് ചഹർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, രവി ബിഷ്ണോയ് തുടങ്ങിയവർ ടീമിലുണ്ട്

ലഖ്‌നൗ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് ഇന്ന് ലഖ്‌നൗവിൽ തുടക്കമാവും. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. രോഹിത് ശർമ്മയും വിരാട് കോലിയുമടക്കമുള്ളവർ ട്വന്‍റി 20 ലോകകപ്പിനായി ഓസ്ട്രേലിയയിലേക്ക് പോകുന്നതിനാൽ ശിഖർ ധവാനാണ് ഇന്ത്യയെ നയിക്കുന്നത്. ശ്രേയസ് അയ്യരാണ് വൈസ് ക്യാപ്റ്റൻ. 

സഞ്ജു സാംസൺ, ശുഭ്‌മാൻ ഗിൽ, ഇഷാൻ കിഷൻ, ഷർദ്ദുൽ ഠാക്കൂർ, ദീപക് ചഹർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, രവി ബിഷ്ണോയി തുടങ്ങിയവർ ടീമിലുണ്ട്. ട്വന്റി 20 പരമ്പര നഷ്ടമായ ദക്ഷിണാഫ്രിക്കയ്ക്ക് ലോകകപ്പിന് മുൻപ് ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള അവസരമാണിത്. പരമ്പരയിൽ മൂന്ന് മത്സരങ്ങളാണുള്ളത്. സീനിയർ താരങ്ങളുടെ അഭാവമുണ്ടെങ്കിലും ഇന്ത്യൻ ടീം മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ക്യാപ്റ്റൻ ശിഖ‌‍ർ ധവാൻ വ്യക്തമാക്കി. യുവതാരങ്ങൾക്ക് മികവ് തെളിയിക്കാൻ മികച്ച അവസരമാണ് ഈ പരമ്പരയെന്നും ധവാൻ പറഞ്ഞു. 

ഏകദിന പരമ്പരയ്ക്കായി 16 അംഗ ടീമിനെയാണ് സെലക്‌ടര്‍മാര്‍ പ്രഖ്യാപിച്ചത്. രജത് പടിദാര്‍, മുകേഷ് കുമാര്‍ എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. സമീപകാലത്തെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇരുവരേയും ടീമിലുള്‍പ്പെടുത്തിയത്. സീനിയര്‍ താരങ്ങള്‍ സ്ക്വാഡിലില്ലെങ്കിലും ഏകദിന പരമ്പരയും നേടാമെന്ന പ്രതീക്ഷയിലാണ് ധവാനും കൂട്ടരും. ന്യൂസിലന്‍ഡ് എയ്‌ക്കെതിരെ റണ്ണൊഴുക്കിയതിന്‍റെ കരുത്തിലാണ് സഞ്ജു സാംസണ്‍. രോഹിത് ശര്‍മ്മയുടെ നേതൃത്വത്തില്‍ ടി20 പരമ്പര നേരത്തെ ഇന്ത്യ നേരത്തെ 2-1ന് സ്വന്തമാക്കിയിരുന്നു. 

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍(ക്യാപ്റ്റന്‍), റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍,(വൈസ് ക്യാപ്റ്റന്‍), രജത് പടിദാര്‍, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), ഷഹ്‌ബാസ് അഹമ്മദ്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, രവി ബിഷ്‌ണോയി, മുകേഷ് കുമാര്‍, ആവേശ് ഖാന്‍, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍. 

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പൂരത്തിന് നാളെ തുടക്കം; എല്ലാ കണ്ണുകളും സഞ്ജുവില്‍; സാധ്യതാ ടീം

click me!