സഞ്ജുവിന്‍റെ ബാറ്റിംഗ് മഴ കൊണ്ടുപോകുമോ? ലഖ്‌നൗവിലെ കാലാവസ്ഥാ പ്രവചനം ആരാധകരെ നിരാശരാക്കും

By Jomit JoseFirst Published Oct 6, 2022, 9:30 AM IST
Highlights

ലഖ്‌നൗവില്‍ ചൊവ്വാഴ്‌ച രാത്രി മുതല്‍ മഴയായിരുന്നു. ഇന്നലെ ശക്തമായ മഴ പെയ്തിരുന്നു. 

ലഖ്‌നൗ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് ടീം ഇന്ത്യ ഇന്ന് തുടക്കമിടുകയാണ്. വെറ്ററന്‍ താരം ശിഖര്‍ ധവാന്‍ നയിക്കുന്ന ടീമിലെ ശ്രദ്ധാകേന്ദ്രം മലയാളി താരം സഞ്ജു സാംസണാണ്. അടുത്തിടെ ന്യൂസിലന്‍ഡ് എയ്‌ക്കെതിരായ പരമ്പരയില്‍ നടത്തിയ റണ്‍വേട്ട സഞ്ജു തുടരും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എന്നാല്‍ ലഖ്‌നൗവില്‍ നിന്നുള്ള കാലാവസ്ഥാ പ്രവചനങ്ങള്‍ ആരാധകര്‍ക്കെല്ലാം ആശങ്ക പകരുന്നതാണ്. 

ഇന്നത്തെ ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനത്തിന് മഴ ഭീഷണിയുണ്ട്. ലഖ്‌നൗവില്‍ ചൊവ്വാഴ്‌ച രാത്രി മുതല്‍ മഴയായിരുന്നു. ഇന്നലെ ശക്തമായ മഴ പെയ്തിരുന്നു. ഇന്ന് കൂടുതല്‍ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ പ്രവചനം. ഉച്ചയ്‌ക്ക് 1.30ക്ക് മത്സരം ആരംഭിക്കുമ്പോള്‍ 94 ശതമാനം മഴമേഘങ്ങള്‍ മൂടാനാണ് സാധ്യത കല്‍പിക്കുന്നത്. ഇതിനാല്‍ മത്സരം വൈകി ആരംഭിക്കാനോ ഇടയ്ക്ക് തടസപ്പെടാനോ സാധ്യതയുണ്ട്. ഇന്നലെ ഭൂരിഭാഗം സമയവും ലഖ്‌നൗവിലെ പിച്ച് മൂടിയിരിക്കുകയായിരുന്നു. മത്സരം നടക്കുമെന്നാണ് പ്രതീക്ഷയെന്നും ടീം തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. 

ലഖ്‌നൗവില്‍ ഉച്ചയ്‌ക്ക് ഒരു മണിക്ക് മത്സരത്തിന് ടോസ് വീഴും. ട്വന്‍റി 20 പരമ്പര നഷ്ടമായ ദക്ഷിണാഫ്രിക്കയ്ക്ക് ലോകകപ്പിന് മുൻപ് ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള അവസരമാണിത്. രോഹിത് ശര്‍മ്മയും വിരാട് കോലിയും കെ എല്‍ രാഹുലുമടക്കമുള്ള സീനിയർ താരങ്ങളുടെ അഭാവമുണ്ടെങ്കിലും ഇന്ത്യൻ ടീം മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ക്യാപ്റ്റൻ ശിഖ‌‍ർ ധവാൻ വ്യക്തമാക്കി. രജത് പടിദാര്‍, മുകേഷ് കുമാര്‍ എന്നിവരാണ് 16 അംഗ ടീമിലെ പുതുമുഖങ്ങള്‍. 

ഇന്ത്യന്‍ സ്‌ക്വാഡ്: ശിഖര്‍ ധവാന്‍(ക്യാപ്റ്റന്‍), റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍,(വൈസ് ക്യാപ്റ്റന്‍), രജത് പടിദാര്‍, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), ഷഹ്‌ബാസ് അഹമ്മദ്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, രവി ബിഷ്‌ണോയി, മുകേഷ് കുമാര്‍, ആവേശ് ഖാന്‍, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍. 

ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഇന്ന്; റണ്ണൊഴുക്കാന്‍ സഞ്ജു സാംസണ്‍

click me!