തണ്ണിമത്തൻ കായ്‌ച്ച് കിടന്നിടത്ത് ഇനി സിക്‌സര്‍ വിളയും; പിച്ചിന്‍റെ അണിയറയില്‍ ക്യുറേറ്റർ എ എം ബിജു

By Jomit JoseFirst Published Sep 27, 2022, 8:22 PM IST
Highlights

ഉപയോഗിക്കാതെ കിടന്ന ഗ്രീൻഫീൽഡ് സ്റ്റേഡിയം നിലവിലെ രീതിയിലാക്കുക വെല്ലുവിളിയായിരുന്നുവെന്ന് പിച്ച് ഒരുക്കിയ കെസിഎ ക്യുറേറ്റർ

കാര്യവട്ടം: തണ്ണിമത്തന്‍ വിളഞ്ഞുകിടക്കുന്ന മൈതാനമായിരുന്നു കുറച്ചുനാള്‍ മുമ്പ് ഗ്രീന്‍ഫീല്‍ഡിലെ കാഴ്‌ച. ആകെമൊത്തം കാടുപിടിച്ച് പേരിലും ലുക്കിലും പച്ചനിറഞ്ഞൊരു സ്റ്റേഡിയം. എന്നാല്‍ ആ കഥ ഇന്നുമാറി. ഇതിന് പിന്നില്‍ വലിയ അധ്വാനത്തിന്‍റെ തന്നെ കഥയുണ്ട്. 

ഉപയോഗിക്കാതെ കിടന്ന ഗ്രീൻഫീൽഡ് സ്റ്റേഡിയം നിലവിലെ രീതിയിലാക്കുക വെല്ലുവിളിയായിരുന്നുവെന്ന് പിച്ച് ഒരുക്കിയ കെസിഎ ക്യുറേറ്റർ എ എം ബിജു പറയുന്നു. 'തണ്ണിമത്തൻ കിളിർത്തുകിടന്ന മൈതാനത്താണ് മികച്ച ബാറ്റിംഗ് പിച്ച് ഒരുക്കിയത്. രണ്ട് ടീമും നന്നായി ബാറ്റ് ചെയ്യണം. കാണികള്‍ക്ക് നല്ലൊരു ബാറ്റിംഗ് വിരുന്ന് നല്‍കാനാഗ്രഹിച്ചാണ് പിച്ചൊരുക്കിയത്. മികച്ച മത്സരം ഗ്രീൻഫീൽഡിൽ പ്രതീക്ഷിക്കാം. മഴ പെയ്‌താല്‍ വെറും അരമണിക്കൂര്‍ കഴിഞ്ഞയുടനെ മത്സരം പുനരാരംഭിക്കാന്‍ കഴിയുന്ന ഔട്ട്‌ഫീള്‍ഡാണ് ഗ്രീന്‍ഫീല്‍ഡിലെ പ്രത്യേകതയെന്നും' എ എം ബിജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കാര്യവട്ടത്ത് നാളെ വൈകിട്ട് ഏഴ് മണിക്കാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20 ആരംഭിക്കുക. 180ലേറെ റണ്‍സ് പിറക്കാന്‍ സാധ്യതയുള്ള ബാറ്റിംഗ് പിച്ചാണ് തയ്യാറാക്കിയിരിക്കുന്നതെന്ന ക്യുറേറ്ററുടെ വാക്കുകള്‍ ആരാധകര്‍ക്ക് ആവേശം പകരുന്നതാണ്. കാലാവസ്ഥയും മത്സരത്തിന് അനുയോജ്യമാണ്. മത്സരത്തിനായി വലിയ സുരക്ഷാ സംവിധാനങ്ങളാണ് കാര്യവട്ടത്ത് ഒരുക്കിയിരിക്കുന്നത്. മത്സരം വീക്ഷിക്കാനായി എത്തുന്നവരെ വൈകിട്ട് നാലര മുതലാകും സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുക. 

മത്സരത്തിന് മുന്നോടിയായി ഇന്ത്യ, ദക്ഷിണാഫ്രിക്ക ടീമുകള്‍ ഇന്ന് പരിശീലനം നടത്തി. ദക്ഷിണാഫ്രിക്കന്‍ ടീമായിരുന്നു ആദ്യം പരിശീലനത്തിന് ഇറങ്ങിയത്. പിന്നാലെ ഇന്ത്യന്‍ ടീമെത്തി. ടീം ഇന്ത്യ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, ബൗളിംഗ് പരിശീലകന്‍ പരാസ് മാമ്പ്രെ, ബാറ്റിംഗ് കോച്ച് വിക്രം റാത്തോര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനത്തിനിറങ്ങിയത്. വിരാട് കോലിയും റിഷഭ് പന്തും ഉള്‍പ്പടെയുള്ള താരങ്ങള്‍ ബാറ്റിംഗ് പരിശീലനം നടത്തി. മത്സരത്തിന് മുന്നോടിയായി രാഹുല്‍ ദ്രാവിഡ് പിച്ച് പരിശോധിച്ചു. ആവേശ മത്സരം കാണാന്‍ വടക്കൻ ജില്ലകളിൽ നിന്നടക്കം ആരാധകർ തിരുവനന്തപുരത്തേക്ക് വന്നുകൊണ്ടിരിക്കുകയാണ്. 

കാത്തിരിക്കുന്നത് ബാറ്റിംഗ് വിരുന്ന്, കാര്യവട്ടത്ത് റണ്ണൊഴുകും; ആരാധകരെ ത്രസിപ്പിച്ച് പിച്ചിലെ പ്രവചനം

click me!