Latest Videos

ധോണി ഇല്ലാതെ എന്ത് ആഘോഷം; കാര്യവട്ടത്ത് ഭീമന്‍ കട്ടൗട്ടുയര്‍ത്തി ആരാധകര്‍, സഞ്ജുവിനും ഇടം

By Jomit JoseFirst Published Sep 28, 2022, 3:52 PM IST
Highlights

രോഹിത് ശര്‍മ്മ, വിരാട് കോലി തുടങ്ങീ ഇന്ത്യന്‍ കാരങ്ങളുടെ വലിയ കട്ടൗട്ടുകളും ഫ്ലക്‌സുകളും ഗ്രീന്‍ഫീല്‍ഡിന് പുറത്ത് നേരത്തെതന്നെ ഇടംപിടിച്ചിരുന്നു

കാര്യവട്ടം: ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20 തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. മത്സരത്തിനായി കാര്യവട്ടത്തേക്ക് ഒഴുകിയെത്തുകയാണ് ആരാധകര്‍. ആരാധകരെ സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്‌ത് മൈതാന പരിസരത്ത് താരങ്ങളുടെ കൂട്ടന്‍ കട്ടൗട്ടുകളുണ്ട്. കാര്യവട്ടത്ത് മുമ്പ് ടീം ഇന്ത്യയുടെ മത്സരം നടന്നപ്പോഴും ആരാധകര്‍ താരങ്ങളുടെ കട്ടൗട്ടുകള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇക്കുറി ഏറ്റവും ശ്രദ്ധേയം ഒരു മുന്‍താരത്തിന്‍റെ ഭീമന്‍ കട്ടൗട്ടാണ്. 

രോഹിത് ശര്‍മ്മ, വിരാട് കോലി തുടങ്ങിയ ഇന്ത്യന്‍ കാരങ്ങളുടെ വലിയ കട്ടൗട്ടുകളും ഫ്ലക്‌സുകളും ഗ്രീന്‍ഫീല്‍ഡിന് പുറത്ത് നേരത്തെതന്നെ ഇടംപിടിച്ചിരുന്നു. കേരളത്തിന് പ്രിയപ്പെട്ട മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണിന്‍റെ കട്ടൗട്ടുമുണ്ട് ഇതില്‍. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 പരമ്പരയ്ക്കുള്ള സ്‌ക്വാഡിലില്ലെങ്കിലും സഞ്ജുവിനായി ആര്‍പ്പുവിളിക്കുകയാണ് ആരാധകര്‍. എന്നാല്‍ ഈ കൂറ്റന്‍ കട്ടൗട്ടുകള്‍ക്കിടയില്‍ ഏറ്റവും ശ്രദ്ധേയം ഇതിഹാസ നായകന്‍ എം എസ് ധോണിയുടേതാണ്. ധോണിയില്ലാതെ എന്ത് ആഘോഷം എന്നാണ് കട്ടൗട്ടിന്‍റെ ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് ആരാധകര്‍ പറയുന്നത്. മുമ്പ് കാര്യവട്ടത്ത് ക്രിക്കറ്റ് മത്സരം നടന്നപ്പോഴും ധോണിയുടെ കൂറ്റന്‍ കട്ടൗട്ട് ആരാധകര്‍ ഉയര്‍ത്തിയിരുന്നു. 

മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കാര്യവട്ടം വേദിയാവുന്ന മത്സരത്തിനായി ആവേശത്തിലാണ് കാണികള്‍. ഇന്നലെ മുതല്‍ ആരാധകര്‍ തലസ്ഥാനത്തേക്ക് എത്തിക്കൊണ്ടിരുന്നു. 4.30 മുതല്‍ കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കും. കര്‍ശന നിയന്ത്രണങ്ങളോടെയാണ് ആരാധകരുടെ പ്രവേശം. മത്സരം കാണാന്‍ വരുന്നവര്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുവരണം. ടിക്കറ്റ് സ്‌കാന്‍ ചെയ്യുന്നതിനൊപ്പം തിരിച്ചറിയല്‍ കാര്‍ഡ് കൂടി പരിശോധിച്ചാവും സ്റ്റേഡിയത്തിനുള്ളിലേക്ക് കടത്തിവിടൂ. 14 ഗേറ്റുകള്‍ വഴിയാണ് പ്രവേശനം. മത്സരം ഒരു പന്ത് പോലും എറിയാനാവാതെ ഉപേക്ഷിച്ചാല്‍ ആരാധകര്‍ക്ക് ടിക്കറ്റ് തുക മുഴുവന്‍ ലഭിക്കും. മത്സരത്തിനെത്തുന്നവര്‍ക്ക് മാസ്‌കും നിര്‍ബന്ധമാണ്. 

ചിത്രത്തിന് കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

കേരളത്തിലേത് മികച്ച കാണികള്‍, സഞ്ജു മികച്ച താരം, ഇന്ത്യന്‍ പദ്ധതികളുടെ ഭാഗം; പ്രശംസിച്ച് ഗാംഗുലി    

click me!