പവര്‍പ്ലേയില്‍ കെ എല്‍ രാഹുലിന്‍റെ മുട്ടിക്കളി; ഇന്ത്യക്ക് നാണക്കേടിന്‍റെ റെക്കോര്‍ഡ്

By Web TeamFirst Published Sep 28, 2022, 10:06 PM IST
Highlights

ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 107 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്ക് തുടക്കത്തിലെ നായകന്‍ രോഹിത് ശര്‍മ്മയെ നഷ്‌ടമായതാണ് ഒരു തിരിച്ചടിയായത്

കാര്യവട്ടം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയായ ആദ്യ ടി20യില്‍ ദക്ഷിണാഫ്രിക്കയുടെ കുഞ്ഞന്‍ സ്കോര്‍ പിന്തുടര്‍ന്ന ഇന്ത്യക്ക് നാണക്കേടിന്‍റെ റെക്കോര്‍ഡ്. പവര്‍പ്ലേയില്‍ വെറും 17 റണ്‍സ് മാത്രമാണ് രോഹിത് ശര്‍മ്മയ്‌ക്കും സംഘത്തിനും നേടാനായത്. രാജ്യാന്തര ടി20യില്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ പവര്‍പ്ലേ സ്കോറാണിത്. 2016ല്‍ പാകിസ്ഥാനെതിരെ ധാക്കയില്‍ മൂന്ന് വിക്കറ്റിന് 21 റണ്‍സ് കുറിച്ചതായിരുന്നു നേരത്തെയുണ്ടായിരുന്ന റെക്കോര്‍ഡ്. 2021ല്‍ ഇംഗ്ലണ്ടിനെതിരെ അഹമ്മദാബാദില്‍ 22/3 എന്ന സ്കോര്‍ നേടിയതാണ് കുറഞ്ഞ മൂന്നാമത്തെ പവര്‍പ്ലേ സ്കോര്‍.  

ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 107 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്ക് തുടക്കത്തിലെ നായകന്‍ രോഹിത് ശര്‍മ്മയെ നഷ്‌ടമായതാണ് ഒരു തിരിച്ചടിയായത്. കെ എല്‍ രാഹുലിന്‍റെ മെല്ലെപ്പോക്ക് മറ്റൊരു പ്രഹരമായി. ആറ് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 26 പന്തുകളും രാഹുലാണ് നേരിട്ടത്. എന്നാല്‍ രാഹുലിന് 11 റണ്‍സേ നേടാനായുള്ളൂ. ഈ നേരം ക്രീസില്‍ ഒപ്പമുണ്ടായിരുന്ന വിരാട് കോലിക്ക് എട്ട് പന്തില്‍ മൂന്ന് റണ്‍സുമായിരുന്നു ഉണ്ടായിരുന്നത്. രോഹിത്തിനെ മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ പേസര്‍ കാഗിസോ റബാഡ വിക്കറ്റിന് പിന്നില്‍ ക്വിന്‍റണ്‍ ഡികോക്കിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. രണ്ട് പന്തില്‍ അക്കൗണ്ട് തുറക്കാന്‍ ഹിറ്റ്‌മാനായില്ല. 

കാര്യവട്ടത്ത് നേരത്തെ നാല് ഓവറില്‍ 32 റണ്‍സിന് മൂന്ന് വിക്കറ്റുമായി അര്‍ഷ്‌ദീപ് സിംഗും 26ന് രണ്ട് പേരെ മടക്കി ഹര്‍ഷല്‍ പട്ടേലും 24ന് രണ്ട് പേരെ പുറത്താക്കി ദീപക് ചാഹറും 16 റണ്‍സിന് ഒരാളെ പറഞ്ഞയച്ച് അക്‌സര്‍ പട്ടേലുമാണ് പ്രോട്ടീസിനെ 20 ഓവറില്‍ വെറും 106ല്‍ ചുരുട്ടിക്കെട്ടിയത്. എട്ടാമനായി ഇറങ്ങി 35 പന്തില്‍ 41 റണ്‍സെടുത്ത സ്‌പിന്നര്‍ കേശവ് മഹാരാജാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്പര്‍. എയ്‌ഡന്‍ മാര്‍ക്രാം(24 പന്തില്‍ 25), വെയ്‌ന്‍ പാര്‍ണല്‍(37 പന്തില്‍ 24) എന്നിവര്‍ മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ രണ്ടക്കം കണ്ട മറ്റ് താരങ്ങള്‍. 

ഇന്ത്യന്‍ പേസര്‍മാരുടെ ആറാട്ട്; ഗ്രീന്‍ഫീല്‍ഡില്‍ ദക്ഷിണാഫ്രിക്കയ്ക്ക് നാണക്കേടിന്‍റെ റെക്കോര്‍ഡ്

click me!