ഹിറ്റ്‌മാന്‍ ഡക്ക്‌മാനായി; രോഹിത് ശര്‍മ്മ വഴുതിവീണത് നാണക്കേടിന്‍റെ റെക്കോര്‍ഡിലേക്ക്

By Jomit JoseFirst Published Oct 5, 2022, 7:25 AM IST
Highlights

ഇന്‍ഡോറില്‍ സ്റ്റാര്‍ പേസര്‍ കാഗിസോ റബാഡയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു രോഹിത് ശര്‍മ്മ

ഇന്‍ഡോര്‍: തന്‍റെ ഭാഗ്യ ഗ്രൗണ്ടുകളിലൊന്നായ ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയം ഇക്കുറി തുണച്ചില്ല, ഇതോടെ നാണക്കേടിന്‍റെ പടുകുഴിയില്‍ വീണിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മ്മ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ടി20യില്‍ പൂജ്യത്തിന് പുറത്തായതോടെയാണ് മോശം റെക്കോര്‍ഡിലേക്ക് രോഹിത് വഴുതിവീണത്. രാജ്യാന്തര ടി20യില്‍ 10 തവണ പൂജ്യത്തിന് പുറത്താകുന്ന ആദ്യ ഇന്ത്യന്‍ താരമാണ് രോഹിത്. ഇക്കാര്യത്തില്‍ രോഹിത് ശര്‍മ്മയ്ക്ക് പിന്നിലുള്ള കെ എല്‍ രാഹുലും വിരാട് കോലിയും ഏറെ പിന്നിലാണ്. രാഹുല്‍ അഞ്ചും കോലി നാലും തവണയാണ് പൂജ്യത്തിന് പുറത്തായത്. 

ഇന്‍ഡോറില്‍ സ്റ്റാര്‍ പേസര്‍ കാഗിസോ റബാഡയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു രോഹിത് ശര്‍മ്മ. രണ്ട് പന്ത് നേരിട്ട ഹിറ്റ്‌മാന് അക്കൗണ്ട് തുറക്കാനായില്ല. 43-ാം തവണയാണ് രോഹിത് ശര്‍മ്മ ടി20 ക്രിക്കറ്റില്‍ ഒറ്റ അക്ക സ്കോറില്‍ പുറത്താവുന്നത് എന്ന പ്രത്യേകതയുമുണ്ട്. രോഹിത്തിനെ പുറത്താക്കിയതോടെ ഒരു തകര്‍പ്പന്‍ റെക്കോര്‍ഡ് റബാഡ സ്വന്തമാക്കുകയും ചെയ്തു. രാജ്യാന്തര ക്രിക്കറ്റില്‍ രോഹിത്തിനെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയ ബൗളര്‍മാരില്‍ ന്യൂസിലന്‍ഡ് സ്റ്റാര്‍ പേസര്‍ ടിം സൗത്തിക്കൊപ്പമെത്തി റബാഡ. 11 തവണ വീതമാണ് ഇരുവരും രോഹിത്തിനെ പുറത്താക്കിയത്. 

രോഹിത് ശര്‍മ്മ നിരാശപ്പെടുത്തിയ മത്സരം ഇന്ത്യ 49 റണ്‍സിന് തോറ്റെങ്കിലും പരമ്പര 2-1ന് സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പ്രോട്ടീസ് റിലീ റൂസ്സോ(48 പന്തില്‍ 100), ക്വിന്‍റണ്‍ ഡികോക്ക്(43 പന്തില്‍ 68), ഡേവിഡ് മില്ലര്‍(5 പന്തില്‍ 19*) എന്നിവരുടെ കരുത്തില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 227 റണ്‍സെടുത്തു. ദീപക് ചാഹറും ഉമേഷ് യാദവും ഓരോ വിക്കറ്റ് വീഴ്‌ത്തി. മറുപടി ബാറ്റിംഗില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ് 18.3 ഓവറില്‍ 178 റണ്‍സില്‍ അവസാനിച്ചു. 

രോഹിത് ശര്‍മ്മ പൂജ്യത്തിനും ശ്രേയസ് അയ്യര്‍ ഒന്നിനും റിഷഭ് പന്ത് 27നും സൂര്യകുമാര്‍ യാദവ് എട്ടിനും പുറത്തായപ്പോള്‍ 21 പന്തില്‍ 46 റണ്‍സെടുത്ത ദിനേശ് കാര്‍ത്തിക്കാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. വാലറ്റത്ത് ഹര്‍ഷല്‍ പട്ടേല്‍ 12 പന്തില്‍ 17ഉം ദീപക് ചാഹര്‍ 17 പന്തില്‍ 31 ഉം ഉമേഷ് യാദവ് 17 പന്തില്‍ 20 ഉം റണ്‍സെടുത്തത് തോല്‍വി ഭാരം കുറച്ചു. വിരാട് കോലി, കെ എല്‍ രാഹുല്‍, അര്‍ഷ്‌ദീപ് സിംഗ് എന്നിവരില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ആദ്യ രണ്ട് ടി20കളും വിജയിച്ച് ഇന്ത്യ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു. 

ജഡേജ, ബുമ്ര, ഇപ്പോള്‍ അര്‍ഷ്‌ദീപ് സിംഗിനും പരിക്ക്; ലോകകപ്പിന് മുമ്പ് ആശങ്കപ്പെടേണ്ടതുണ്ടോ?

click me!