സ്‌കൂള്‍ കുട്ടികള്‍ ഇതിനേക്കാള്‍ ഭേദമാടേ; സിറാജിന്‍റെ പിഴവില്‍ കലിച്ച് രോഹിത്തും ചാഹറും- വീഡിയോ

By Jomit JoseFirst Published Oct 5, 2022, 7:55 AM IST
Highlights

ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സിലെ 20-ാം ഓവറിലെ അഞ്ചാം പന്തില്‍ ദീപക് ചാഹറിന്‍റെ ഷോര്‍ട് പിച്ച് പന്തില്‍ സിക്‌സറിന് ശ്രമിക്കുകയായിരുന്നു ഡേവിഡ് മില്ലര്‍

ഇന്‍ഡോര്‍: ക്യാച്ചുകള്‍ മത്സരം ജയിപ്പിക്കും എന്ന് പറയുന്നത് വെറുതെയല്ല, ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന്‍റെ പിഴവില്‍ കൂടിയാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ടി20യില്‍ ഇന്ത്യ ദയനീയ പരാജയം രുചിച്ചത്. മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയ റിലീ റൂസ്സോയുടെ ക്യാച്ച് അദ്ദേഹം 24 റണ്‍സില്‍ നില്‍ക്കേ സിറാജ് കൈവിട്ടിരുന്നു. അവിടംകൊണ്ട് അവസാനിച്ചില്ല സിറാജിന്‍റെ കൈവിട്ട കളി. ഇന്നിംഗ്‌സിലെ അവസാന ഓവറില്‍ ഡേവിഡ് മില്ലറുടെ ക്യാച്ചെടുത്ത ശേഷം സ്‌കൂള്‍ കുട്ടികള്‍ പോലും വരുത്താത്ത പിഴവിലൂടെ വിക്കറ്റ് അവസരം നഷ്‌ടപ്പെടുത്തി സിറാജ്. ഇത് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയെയും ബൗളര്‍ ദീപക് ചാഹറിനേയും ദേഷ്യം പിടിപ്പിക്കുകയും ചെയ്‌തു. 

ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സിലെ 20-ാം ഓവറിലെ അഞ്ചാം പന്തില്‍ ദീപക് ചാഹറിന്‍റെ ഷോര്‍ട് പിച്ച് പന്തില്‍ സിക്‌സറിന് ശ്രമിക്കുകയായിരുന്നു ഡേവിഡ് മില്ലര്‍. ഡീപ് സ്‌ക്വയര്‍ ലെഗില്‍ ഫീല്‍ഡ് ചെയ്‌തിരുന്ന മുഹമ്മദ് സിറാജ് പന്ത് കൈക്കലാക്കിയെങ്കിലും അനായാസ ക്യാച്ചിനൊടുവില്‍ അശ്രദ്ധ കൊണ്ടുമാത്രം സിറാജിന്‍റെ കാല്‍ ബൗണ്ടറിയില്‍ തട്ടി. ഇതോടെ ഇത് സിക്സായി അംപയര്‍ വിധിച്ചു. ഇത് രോഹിത് ശര്‍മ്മയ്ക്കും ദീപക് ചാഹറിനും സഹിക്കാനായില്ല. ഇവരും ദേഷ്യം പരസ്യമായി പ്രകടിപ്പിച്ചു. ചാഹര്‍ എന്തൊക്കയോ പരുഷമായി പറയുന്നത് ടെലിവിഷന്‍ റീപ്ലേകളില്‍ വ്യക്തമായിരുന്നു. ക്യാച്ചുകള്‍ പാഴാക്കിയതിന് പുറമെ നാല് ഓവര്‍ പന്തെറിഞ്ഞ സിറാജിന് ബൗളിംഗില്‍ തിളങ്ങാനുമായില്ല. നാലോവറില്‍ 44 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ സിറാജിന് വിക്കറ്റൊന്നും ലഭിച്ചില്ല. 

pic.twitter.com/ElkZ1E8zNV

— Guess Karo (@KuchNahiUkhada)

പ്രോട്ടീസിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യ 49 റണ്‍സിന്‍റെ തോല്‍വി വഴങ്ങി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സന്ദര്‍ശകര്‍ റിലീ റൂസ്സോ(48 പന്തില്‍ 100), ക്വിന്‍റണ്‍ ഡികോക്ക്(43 പന്തില്‍ 68), ഡേവിഡ് മില്ലര്‍(5 പന്തില്‍ 19*) എന്നിവരുടെ കരുത്തില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 227 റണ്‍സെടുത്തു. ഇന്ത്യയുടെ മറുപടി 18.3 ഓവറില്‍ 178 റണ്‍സില്‍ അവസാനിച്ചു. രോഹിത് ശര്‍മ്മ പൂജ്യത്തിനും ശ്രേയസ് അയ്യര്‍ ഒന്നിനും റിഷഭ് പന്ത് 27നും സൂര്യകുമാര്‍ യാദവ് എട്ടിനും പുറത്തായപ്പോള്‍ സ്ഥാനക്കയറ്റം കിട്ടി 21 പന്തില്‍ 46 റണ്‍സെടുത്ത ദിനേശ് കാര്‍ത്തിക്കാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. വാലറ്റത്ത് ഹര്‍ഷല്‍ പട്ടേല്‍(12 പന്തില്‍ 17), ദീപക് ചാഹര്‍(17 പന്തില്‍ 31), ഉമേഷ് യാദവ്(17 പന്തില്‍ 20) എന്നിവരുടെ പോരാട്ടം തോല്‍വി ഭാരം കുറച്ചു. എങ്കിലും പരമ്പര 2-1ന് ഇന്ത്യക്ക് സ്വന്തമായി. 

ഹിറ്റ്‌മാന്‍ ഡക്ക്‌മാനായി; രോഹിത് ശര്‍മ്മ വഴുതിവീണത് നാണക്കേടിന്‍റെ റെക്കോര്‍ഡിലേക്ക്

click me!