
മുംബൈ: ടി20യ്ക്ക് പിന്നാലെ മൂന്ന് മത്സരങ്ങള്‍ അടങ്ങിയ ഏകദിന പരമ്പരയിലും ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേര്‍ക്കുനേര്‍ വരുന്നുണ്ട്. എന്നാല്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഈമാസം 6, 9, 11 തിയ്യതികളിലാണ് മത്സരങ്ങള്‍. ടി20 ലോകകപ്പിന് പുറപ്പെടുന്ന താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാണ് ടീം പ്രഖ്യാപിക്കുക. അതുകൊണ്ടുതന്നെ ശിഖര്‍ ധവാനായിരിക്കും ടീം ക്യാപ്റ്റന്‍. മലയാളി താരം സഞ്ജു സാംസണ്‍ വൈസ് ക്യാപ്റ്റനായേക്കും. ചില അപ്രതീക്ഷിത താരങ്ങളും ടീല്‍ ഉള്‍പ്പെടാന്‍ സാധ്യതയേറെയാണ്. അവര്‍ ആരൊക്കെയെന്ന് നോക്കാം.
ഉമ്രാന്‍ മാലിക്ക്
ഐപിഎല്ലിലെ കണ്ടുപിടുത്തമാണ് ഉമ്രാന്‍. നിരന്തരം 150 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിയാനുള്ള കരുത്ത് ഉമ്രാനുണ്ട്. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ നെറ്റ്‌സില്‍ പന്തെറിയാന്‍ ഉമ്രാന്‍ ഉണ്ടാവുമെന്നാണ് അറിയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമൊന്നും വന്നിട്ടില്ല. ഓസ്‌ട്രേലിയയിലേക്ക് പുറപ്പെടും മുമ്പ് ഉമ്രാനെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിപ്പിക്കാനാണ് സെലക്റ്റര്‍മാരുടെ നീക്കം. ന്യൂസിലന്‍ഡ് എയ്‌ക്കെതിരായ ഏകദിനത്തില്‍ ഇന്ത്യ എയ്ക്ക് വേണ്ടി കളിച്ചിരുന്നു ഉമ്രാന്‍. ഇപ്പോള്‍ ഇറാനി ട്രോഫിയില്‍ റെസ്റ്റ് ഓഫ് ഇന്ത്യക്ക് വേണ്ടി കളിക്കുകയാണ് ഉമ്രാന്‍.
പൃഥ്വി ഷാ
ഫിറ്റ്‌നെസിന്റെ പേരില്‍ പലപ്പോഴായി തഴയപ്പെട്ട താരമാണ് പൃഥ്വി ഷാ. ഇതിനിടെ റിതുരാജ് ഗെയ്കവാദ്, ശുഭ്മാന്‍ ഗില്‍ തുടങ്ങിയ താരങ്ങള്‍ ഇന്ത്യക്കായി കളിച്ചു. ഇപ്പോഴും പ്രഥമ പരിഗണന അവര്‍ക്ക് തന്നെയാണ്. തുടക്കകാലത്തേ ഏറെ പ്രതീക്ഷ നല്‍കിയിരുന്നു താരമാണ് പൃഥ്വി. എന്നാല്‍ ഫിറ്റ്‌നെസും പരിക്കുമെല്ലാം ചതിച്ചു. ഇന്ത്യ എയ്ക്ക് വേണ്ടി അടുത്തിടെ പൃഥ്വി കളിച്ചിരുന്നു. ന്യൂസിലന്‍ഡ് എയ്‌ക്കെതിരെ രണ്ടാം ഏകദിനത്തില്‍ വേഗത്തില്‍ അര്‍ധ സെഞ്ചുറി നേടാനും പൃഥ്വിക്കായിരുന്നു.
ചേതേശ്വര്‍ പൂജാര
ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ ചേതേശ്വര്‍ പൂജാരയെ ഇന്ത്യയുടെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ അതില്‍ ആശ്ചര്യപ്പെടേണ്ടതില്ല. കാരണം കൗണ്ടിയിലും റോയല്‍ ലണ്ടന്‍ കപ്പിലും തകര്‍പ്പന്‍ ഫോമിലായിരുന്നു പൂജാര. റോയല്‍ ലണ്ടന്‍ കപ്പില്‍ ഒമ്പത് മത്സരങ്ങളില്‍ 624 റണ്‍സാണ് താരം അടിച്ചെടുത്തത്. 89.14 റണ്‍സാണ് താരത്തിന്റെ ശരാശരി. സ്‌ട്രൈക്ക് റേറ്റ് 111.62 ഉം. സസെക്‌സിന് വേണ്ടി പുറത്തെടുത്ത ഈ പ്രകടനം മാത്രം മതി ഇന്ത്യയുടെ ഏകദിന ടീമിലേക്ക് താരത്തിന്റെ തിരിച്ചുവരവിന്. അടുത്തകാലത്ത് ഇന്ത്യയുടെ ഏകദിന ടീമിലേക്ക് തിരിച്ചുവരുന്നതിനെ കുറിച്ചും പൂജാര സംസാരിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!