
മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്‍റെ (IND vs SL 1st Test) ആദ്യ ഇന്നിംഗ്‌സില്‍ ഡിക്ലയര്‍ ചെയ്‌ത തീരുമാനത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയ്‌ക്കെതിരെ (Rohit Sharma) ആരാധക രോക്ഷം. തകര്‍പ്പന്‍ സെഞ്ചുറിയുമായി കുതിക്കുകയായിരുന്ന സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ (Ravindra Jadeja) ഇരട്ട സെഞ്ചുറിയടിപ്പിക്കാന്‍ രോഹിതും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും (Rahul Dravid) സമ്മതിച്ചില്ല എന്നാണ് ആക്ഷേപം. അതേസമയം ക്യാപ്റ്റന്‍റെ തീരുമാനത്തിന് പിന്തുണയുമായെത്തിയ ആരാധകരുമുണ്ടായിരുന്നു സാമൂഹ്യമാധ്യമങ്ങളില്‍.
മൊഹാലി ടെസ്റ്റിന്‍റെ രണ്ടാംദിനം ടീം ഇന്ത്യ 574-8 എന്ന സ്‌കോറില്‍ നില്‍ക്കേയാണ് നായകന്‍ രോഹിത് ശര്‍മ്മ ഡിക്ലയര്‍ വിളിച്ചത്. രവീന്ദ്ര ജഡേജ 228 പന്തില്‍ 175* ഉം മുഹമ്മദ് ഷമി 34 പന്തില്‍ 20* ഉം റണ്‍സുമായി ഈ സമയം ക്രീസില്‍ നില്‍ക്കുകയായിരുന്നു. ടെസ്റ്റ് കരിയറിലെ ജഡേജയുടെ രണ്ടാം സെഞ്ചുറിയായിരുന്നു ഇത്. രണ്ടുമൂന്ന് ഓവര്‍ കൂടി അനുവദിച്ചിരുന്നെങ്കില്‍ ജഡേജ കന്നി ഇരട്ട സെഞ്ചുറി പേരിലാക്കുമായിരുന്നു എന്നാണ് ഒരു വിഭാഗം ആരാധകരുടെ വാദം. ജഡേജയുടെ കരിയറിലെ ഏറ്റവും വലിയ നേട്ടമാണ് രോഹിത്ത് നിഷേധിച്ചത് എന്ന് മറ്റൊരു ആരാധകന്‍ ട്വീറ്റ് ചെയ്‌തു.
അതേസമയം രോഹിത് ശര്‍മ്മയുടെ തീരുമാനം മറ്റൊരു കൂട്ടം ആരാധകര്‍ ശരിവെക്കുന്നു. താരങ്ങളോ വ്യക്തിഗത നേട്ടങ്ങളോ അല്ല ടീമിന്‍റെ ജയമാണ് പ്രധാനം എന്നാണ് ഇവരുടെ പക്ഷം. ടെസ്റ്റില്‍ ദീര്‍ഘനേരം ബാറ്റ് ചെയ്ത് ക്ഷീണിതനായ ഒരു താരത്തിന് 2-3 ഓവര്‍ കൊണ്ട് 25 റണ്‍സ് നേടുക എളുപ്പമല്ല എന്നാണ് ഒരു ആരാധകന്‍റെ വാദം. ഫ്ലാറ്റ് പിച്ചില്‍ രണ്ടുവട്ടം ലങ്കയെ പുറത്താക്കേണ്ട ആവശ്യകത ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. 2004ല്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 194*ല്‍ നില്‍ക്കേ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് ഡിക്ലയര്‍ വിളിച്ച പഴയ തീരുമാനം ഓര്‍മ്മിപ്പിച്ചു ചില ആരാധകര്‍. അതേ ദ്രാവിഡാണ് ഇപ്പോള്‍ ഇന്ത്യന്‍ പരിശീലകന്‍ എന്നത് വിമര്‍ശനങ്ങള്‍ കൂടാന്‍ കാരണമായി.
എന്തായാലും ടെസ്റ്റ് ചരിത്രത്തില്‍ ഒരു ഓള്‍റൗണ്ടറുടെ എക്കാലത്തെയും മികച്ച ബാറ്റിംഗ് പ്രകടനങ്ങളിലൊന്നാണ് മൊഹാലിയില്‍ ജഡേജ കാഴ്‌ചവെച്ചത്. മൂന്ന് സെഞ്ചുറി കൂട്ടുകെട്ടുകളില്‍ ജഡ്ഡു പങ്കാളിയായി. ആദ്യദിനം തകര്‍ത്തടിച്ച വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്(96) പുറമെ രണ്ടാംദിനം ആര്‍ അശ്വിന്‍റെ (61) പ്രകടനവും ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ നിര്‍ണായകമായി. ഏഴാം വിക്കറ്റില്‍ അശ്വിനൊപ്പം 130 റണ്‍സിന്‍റെ കൂട്ടുകെട്ട് ജഡ്ഡു പടുത്തുയര്‍ത്തിയത് ശ്രദ്ധേയം. ഹനുമാ വിഹാരി (58), വിരാട് കോലി (45) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം ആദ്യദിനം പുറത്തെടുത്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!