
മൊഹാലി: മൊഹാലി ടെസ്റ്റില്‍ തകര്‍പ്പന്‍ റെക്കോര്‍ഡുമായി രവീന്ദ്ര ജഡേജ (Ravindra Jadeja). മൊഹാലിയില്‍ ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ 175 റണ്‍സുമായി താരം പുറത്താവാതെ നിന്നിരുന്നു. ഇതോടെ 36 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് ജഡേജ സ്വന്തം പേരിലാക്കി. ഏഴാമനായി ക്രീസിലെത്തി ഉയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കിയിരിക്കുകയാണ് ജഡേജ. കപില്‍ ദേവിനെയാണ് (Kapil Dev) താരം മറികടന്നത്. 1986ല്‍ കപില്‍ ശ്രീലങ്കയ്‌ക്കെതിരെ നേടിയത് 163 റണ്‍സായിരുന്നു. കാണ്‍പൂരിലായിരുന്നു മത്സരം.
ഇക്കാര്യത്തില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് മൂന്നാം സ്ഥാനത്തുണ്ട്. 2019ല്‍ സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്കെതിരെ 159 റണ്‍സാണ് പന്ത് അടിച്ചെടുത്തത്. താരം പുറത്താവാതെ നില്‍ക്കുകയായിരുന്നു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായിരുന്ന എം എസ് ധോണി നാലാമതുണ്ട്. 2011ല്‍ വിന്‍ഡീസിനെതിരെ കൊല്‍ക്കത്തയില്‍ ധോണി 144 റണ്‍സ് നേടിയിരുന്നു.
കൂടാതെ മൂന്ന് സെഞ്ചുറി കൂട്ടുകെട്ടിലും ജഡേജ പങ്കാളിയായി. ആദ്യം റിഷഭ് പന്തിനൊപ്പം 104 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പന്ത് 96 റണ്‍സെടുത്ത് പുറത്തായി. പിന്നാലെ അശ്വനിനൊപ്പവും (61) സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. 130 റണ്‍സിനാണ് അശ്വിനൊപ്പം നേടിയത്. പിന്നീട് മുഹമ്മദ് ഷമിക്കൊപ്പവും മൂന്നക്കം കടന്നു. 103 റണ്‍സാണ് ഷമിക്കൊപ്പം നേടിയത്. ഷമി 20 റണ്‍സുമായി പുറത്താവാതെ നിന്നു.
ഒരു ഇന്നിംഗ്‌സില്‍ മൂന്ന് തവണ 100 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് ജഡേജ. 1993ല്‍ വിനോദ് കാംബ്ലി സിംബാബ്‌വെയ്‌ക്കെതിരെ ആദ്യമായി ഈ നേടത്തില്‍ പങ്കളായിയായി. 2004ല്‍ പാകിസ്ഥാനെതിരെ റാവല്‍പിണ്ടിയില്‍ രാഹുല്‍ ദ്രാവിഡും മൂന്ന്് സെഞ്ചുറി കൂട്ടുകെട്ടുകളുണ്ടാക്കി.
തൊട്ടടുത്ത വര്‍ഷം മൊഹാലിയില്‍ പാകിസ്ഥാനെതിരെ വിരേന്ദര്‍ സെവാഗും മൂന്ന് സെഞ്ചുറി കൂട്ടുകെട്ടുകളുണ്ടാക്കി. 2016ല്‍ ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെ കരുണ്‍ നായരും ഈ നേട്ടത്തിന് അര്‍ഹനായി. കരുണ്‍ ട്രിപ്പിള്‍ സെഞ്ചുറിയ നേടിയ ടെസ്റ്റായിരുന്നു അത്. ഇപ്പോള്‍ രവീന്ദ്ര ജഡേജയും.
അഞ്ച് വിക്കറ്റ് നഷ്ടമായ ശേഷമാണ് മൂന്ന് സെഞ്ചുറി കൂട്ടുകെട്ടുകളും ഉണ്ടായതെന്നും സവിശേഷതയാണ്. മുമ്പ് ഇത്തരത്തില്‍ രണ്ട് തവണ മാത്രമാണ് സംഭവിച്ചിട്ടുള്ളത്.
1948ല്‍ ഇന്ത്യക്കെതിരെ വിന്‍ഡീസ് ഇത്തരത്തില്‍ കൂട്ടുകെട്ടുകളുണ്ടാക്കി. 2011ല്‍ ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടും അഞ്ച് വിക്കറ്റ് നഷ്ടമായ ശേഷം മൂന്ന് സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!