
ലഖ്‌നൗ: ശ്രീലങ്കയ്‌ക്കെതിരായ ടി20 (IND vs SL) പരമ്പരയ്‌ക്കൊരുങ്ങുകയാണ് ടീം ഇന്ത്യ. നാളെ ലഖ്‌നൗവിലാണ് മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പരയ്ക്ക് തുടക്കമാകുന്നത്. ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ധര്‍മശാലയിലാണ് നടക്കുക. വിന്‍ഡീസിനെതിരെ ഏകദിന- ടി20 പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. എന്നാല്‍ ആദ്യ മത്സരത്തിന് തയ്യറെടുക്കുമ്പോള്‍ ഇന്ത്യയെ അലട്ടുന്നത് പ്രധാന താരങ്ങളുടെ പരിക്കാണ്. ഓള്‍റൗണ്ടര്‍ ദീപക് ചാഹര്‍ (Deepak Chahar), മധ്യനിരയില്‍ വിശ്വസ്ഥ താരം സൂര്യകുമാര്‍ യാദവ് (Suryakumar Yadav) എന്നിവര്‍ക്ക് മത്സരം നഷ്ടമാവും.
ഇരുവര്‍ക്കും പകരക്കാരെ ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പ്ലയിംഗ് ഇലവനെ പ്രഖ്യാപിക്കുന്നത് ടീം മാനേജ്‌മെന്റിന് തലവേദനയായിരിക്കും. ടീമില്‍ മാറ്റമുണ്ടെന്ന് ഉറപ്പായിക്കഴിഞ്ഞു. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണ്‍ (Sanju Samson) കളിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഓപ്പണിംഗില്‍ റിതുരാജ് ഗെയ്കവാദിന് അവസരം നല്‍കിയേക്കും. അദ്ദേഹത്തൊടൊപ്പം ഇഷാന്‍ കിഷനും കളിക്കും. മോശം ഫോമിലെങ്കിലും താരത്തിന് വീണ്ടും അവസരം നല്‍കാന്‍ ടീം മാനേജ്‌മെന്റിന്റെ തീരുമാനം.
കോലിയുടെ അഭാവത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മൂന്നാം സ്ഥാനത്തേക്കിറങ്ങും. പിന്നാലെ ശ്രേയസ് അയ്യര്‍ ക്രീസിലെത്തും. വിന്‍ഡീസിനെതിരെ അവസാന ടി20യില്‍ ശ്രേയസ് മൂന്നാമനും രോഹിത് നാലാമനായിട്ടാണ് കളിച്ചിരുന്നത്. സൂര്യകുമാറിന് പരമ്പര നഷ്ടമായി സഹചര്യത്തില്‍ സഞ്ജു ടീമിലെത്തും. മധ്യനിര തകരാതെ കാക്കുകയെന്ന ഉത്തരവാദിത്തമാണ് സഞ്ജുവിന്. അഞ്ചാമതായിട്ടാണ് സഞ്ജു ബാറ്റിംഗിനെത്തുക. ശ്രേയസിന്റേയും സഞ്ജുവിന്റേയും ബാറ്റിംഗ് സ്ഥാനം മാറാനും സാധ്യതയേറെയാണ്. റിഷഭ് പന്ത് ടീമിലില്ലാത്തതിനാല്‍ വിക്കറ്റ് കീപ്പറുടെ ചുമതലയും സഞ്ജുവിനായിരിക്കും.
ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരാണ് തുടര്‍ന്ന് ക്രീസിലെത്തുക. ടീമിനെ സന്തുലിതമാക്കുന്നത് വെങ്കടേഷ് ആയിരിക്കും. പരിക്ക് മാറി തിരിച്ചെത്തിയ രവീന്ദ്ര ജഡേജയും ടീമില്‍ സ്ഥാനം പിടിക്കും. താരം നാല് ഓവര്‍ എറിയുന്നതിനൊപ്പം ഫീല്‍ഡിംഗിലും ബാറ്റിംഗ് നിരയ്ക്കും കരുത്ത് പകരും. ഹര്‍ഷല്‍ പട്ടേല്‍ വാലറ്റത്തിന് കരുത്ത്. സീനിയര്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ പേസ് വകുപ്പിന് കരുത്ത് നല്‍കും. വിശ്രമത്തിന് ശേഷം ടീമില്‍ തിരിച്ചെത്തിയ ജസ്പ്രിത് ബുമ്രയാണ് ബൗളിംഗ് വകുപ്പ് നയിക്കുക. വൈസ് ക്യാപ്റ്റനും അദ്ദേഹം തന്നെ. ടീമിലെ രണ്ടാം സ്പിന്നറായി യൂസ്‌വേന്ദ്ര ചാഹല്‍ ടീമിലുണ്ടാവും.
ഇന്ത്യയുടെ സാധ്യത ഇലവന്‍ : ഇഷാന്‍ കിഷന്‍, റിതുരാജ് ഗെയ്കവാദ്, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, വെങ്കടേഷ് അയ്യര്‍, രവീന്ദ്ര ജഡേജ, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രിത് ബുമ്ര, യൂസ്‌വേന്ദ്ര ചാഹല്‍.
ലഖ്നൗവില്‍ നാലു ടി20 മത്സരങ്ങളാണ് ഇതുവരെ കളിച്ചത്. ആദ്യം ബാറ്റ് ചെയ്ത ടീം നാല് മത്സരങ്ങളിലും ജയിച്ചു. ശരാശരി സ്‌കോര്‍ 166 റണ്‍സാണ്. ഉയര്‍ന്ന സ്‌കോര്‍ 195 റണ്‍സ്.