IND vs SL: പൊരുതിയത് ശ്രേയസ് മാത്രം; പിങ്ക് ടെസ്റ്റില്‍ ഇന്ത് 252ന് പുറത്ത്

Published : Mar 12, 2022, 06:42 PM IST
IND vs SL: പൊരുതിയത് ശ്രേയസ് മാത്രം; പിങ്ക് ടെസ്റ്റില്‍ ഇന്ത് 252ന് പുറത്ത്

Synopsis

ആദ്യ ദിനത്തിലെ ആദ്യ മണിക്കൂറുകളില്‍ തന്നെ പിച്ചില്‍ നിന്ന് സ്പിന്നര്‍മാര്‍ക്ക് കാര്യമായ സഹായം ലഭിച്ചതോടെ ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ ഹനുമാ വിഹാരിയും വിരാട് കോലിയും ചേര്‍ന്ന് ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ഇരുവരും സ്പിന്നിന് മുന്നില്‍ വീണു.

ബെംഗലൂരു: ശ്രീലങ്കക്കെതിരായ ബെംഗലൂരു ക്രിക്കറ്റ് ടെസ്റ്റില്‍(India vs Sri Lanka, 2nd Test ) ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 252 റണ്‍സിന് പുറത്ത്. രോഹിത് ശര്‍മയും വിരാട് കോലിയും അടക്കമുള്ള മുന്‍നിര ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയപ്പോള്‍ മധ്യനിരയില്‍ അര്‍ധസെഞ്ചുറിയുമായി പൊരുതിയ ശ്രേയസ് അയ്യരാണ്(Shreyas Iyer) ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.

ഏകദിന ശൈലിയില്‍ ബാറ്റുവീശിയ ശ്രേയസ് 98 പന്തില്‍ 92 റണ്‍സെടുത്ത് ഇന്ത്യയുടെ ടോപ് സ്കോററായി. 26 പന്തില്‍ 39 റണ്‍സെടുത്ത റിഷഭ് പന്തും(Rishabh Pant) 31 റണ്‍സെടുത്ത ഹനുമാ വിഹാരിയും(Hanuma Vihari) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ശ്രീലങ്കക്കായി ലസിത് എംബുല്‍ഡെനിയയും പ്രവണ്‍ ജയവിക്രമയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ധനഞ്ജയ ഡിസില്‍വ രണ്ട് വിക്കറ്റെടുത്തു.

മായങ്ക് അഗര്‍വാള്‍(Mayank Agarwal), രോഹിത് ശര്‍മ(Rohit Sharma), വിരാട് കോലിയും(Virat kohli) ഹനുമാ വിഹാരി(Hanuma Vihari) റിഷഭ് പന്ത്(ishabh Pant)എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

തുടക്കം തകര്‍ച്ചയോടെ

പിങ്ക് പന്തില്‍ മോഹത്തുടക്കം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ അടിതെറ്റി. വിശ്വ ഫെര്‍ണാണ്ടോയുടെ നോ ബോളില്‍ എല്‍ബിഡബ്ല്യു അപ്പീല്‍ അതിജീവിച്ച മായങ്ക് അഗര്‍വാള്‍ ഇല്ലാത്ത റണ്ണിനോട് ഓടി റണ്ണൗട്ടായി. ഫെര്‍ണാണ്ടോയുടെ പന്ത് പാഡില്‍ തട്ടിയപ്പോള്‍ ലങ്ക ശക്തമായ അപ്പീല്‍ ചെയ്തെങ്കിലും അമ്പയര്‍ നോ ബോള്‍ വിധിച്ചു. എന്നാല്‍ ഇതിനിടെ റണ്ണിനായി ഓടിയ മായങ്ക് പിച്ചിന് നടുവിലെത്തിയെങ്കിലും രോഹിത് ഓടിയില്ല. തിരിച്ചോടാന്‍ ശ്രമിച്ച മായങ്ക് റണ്ണൗട്ടായി. ഏഴ് പന്തില്‍ നാലു റണ്‍സായിരുന്നു ഹോം ഗ്രൗണ്ടില്‍ മായങ്കിന്‍റെ നേട്ടം.

എട്ടാം ഓവറിലെ സ്പിന്നര്‍ ലസിത് എംബുല്‍ഡെനിയയെ കൊണ്ടുവന്ന ലങ്കന്‍ ക്യാപ്റ്റന്‍ കരുണരത്നെയുടെ തന്ത്രം ഫലിച്ചു. തുടക്കം മുതലെ പിച്ചില്‍ നിന്ന് നല്ല ടേണ്‍ ലഭിച്ച എംബുല്‍ഡെനിയ പത്താം ഓവറില്‍ രോഹിത്തിനെ സെക്കന്‍ഡ് സ്ലിപ്പില്‍ ധനഞ്ജയ ഡിസില്‍വയുടെ കൈകകളിലെത്തിച്ചു. 25 പന്തില്‍ ഒരു സിക്സും ഒരു ഫോറും പറത്തി രോഹിത് 15 റണ്‍സെടുത്തു.

നടുവൊടിച്ച് സ്പിന്നര്‍മാര്‍

ആദ്യ ദിനത്തിലെ ആദ്യ മണിക്കൂറുകളില്‍ തന്നെ പിച്ചില്‍ നിന്ന് സ്പിന്നര്‍മാര്‍ക്ക് കാര്യമായ സഹായം ലഭിച്ചതോടെ ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ ഹനുമാ വിഹാരിയും വിരാട് കോലിയും ചേര്‍ന്ന് ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ഇരുവരും സ്പിന്നിന് മുന്നില്‍ വീണു. 29-2 എന്ന സ്കോറില്‍ പതറിയ ഇന്ത്യ ഇരുവരും ചേര്‍ന്ന് 44 റണ്‍സ് കൂട്ടുകെട്ടിലൂടെ 73 റണ്‍സിലെത്തിച്ചു. നേരത്തെ ശക്തമായ എല്‍ബിഡബ്ല്യു അപ്പീല്‍ റിവ്യൂവിലൂടെ അതിജീവിച്ച വിരാഹിയാണ്(31) ആദ്യം വീണത്. ജയവിക്രമയുടെ പന്തില്‍ ഡിക്‌വെല്ലക്ക് ക്യാച്ച്. പിന്നാലെ ചായക്ക് തൊട്ടു മുമ്പ് ധനഞ്ജയ ഡിസില്‍വയുടെ താണുവന്ന പന്തില്‍ വിരാട് കോലി(23) വിക്കറ്റിന് മുന്നില്‍ കുടുങ്ങി.

പ്രതീക്ഷ നല്‍കി പന്താട്ടം

വിരാട് കോലിയുടെ വിക്കറ്റ് വീണശേഷം ക്രീസിലെത്തിയ റിഷഭ് പന്ത് ടി20 പോലെ അടിച്ചു തകര്‍ത്തതോടെ ഇന്ത്യന്‍ സ്കോര്‍ 100 കടന്നു. ഓവറില്‍ അഞ്ച് റണ്‍സ് വെച്ച് സ്കോര്‍ ചെയ്ത ഇന്ത്യ ഏകദിന ശൈലിയിലാണ് ആദ്യ രണ്ട് സെഷനില്‍ ബാറ്റ് വീശിയത്. പ്രതീക്ഷ നല്‍കിയ പന്ത് എംബുല്‍ഡെനിയയുടെ പന്തില്‍(26 പന്തില്‍ 39) ഇന്ത്യ വീണ്ടു തകര്‍ച്ചയിലായി. കഴിഞ്ഞ മത്സരത്തിലെ ടോപ് സ്കോററായ രവീന്ദ്ര ജഡേജ(40 നിലയുറപ്പിക്കാതെ മടങ്ങിയപ്പോള്‍ അശ്വിനുമൊത്ത്(13) ശ്രേയസ് നിര്‍ണായക കൂട്ടുകെട്ടുണ്ടാക്കി. അക്സര്‍ പട്ടേലിനും(9) മുഹമ്മദ് ഷമിക്കും(5) പിച്ചിലെ സ്പിന്‍ ചുഴിയില്‍ അടിതെറ്റി. ബുമ്രയെ സാക്ഷി നിര്‍ത്തി ശ്രേയസ് തകര്‍ത്തടിച്ചാണ് ഇന്ത്യയെ 250 കടത്തിയത്.

നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ജയന്ത് യാദവിന് (Jayant Yadav) പകരം സ്‌പിന്നര്‍ അക്‌സര്‍ പട്ടേല്‍ (Axar Patel) ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. ലങ്കന്‍ നിരയില്‍ പാതും നിസങ്കയ്‌ക്കും ലഹിരു കുമാരയ്‌ക്കും പകരം കുശാല്‍ മെന്‍ഡിസും (Kusal Mendis) പ്രവീണ്‍ ജയവിക്രമയും (Praveen Jayawickrama) ഇടംപിടിച്ചു. മൊഹാലിയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ (Mohali Test 2022)  ജയിച്ച ഇന്ത്യക്ക് ബെംഗളൂരുവില്‍ (Bengaluru Test (D/N) വിജയിച്ചാല്‍ പരമ്പര തൂത്തുവാരാം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മൂടൽ മഞ്ഞ് ചതിച്ചു, സഞ്ജുവിനെ നിർഭാഗ്യം പിന്തുടരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു
ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും