
കറാച്ചി: പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ (PAK vs AUS) ശക്തമായ നിലയില്‍. കറാച്ചി നാഷണല്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ ഒന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ (Australia) മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 251 റണ്‍സെടുത്തിട്ടുണ്ട്. സെഞ്ചുറി നേടിയ ഉസ്മാന്‍ ഖവാജ (127), നൈറ്റ് വാച്ച്മാന്‍ നഥാന്‍ ലിയോണ്‍ (0) എന്നിവരാണ് ക്രീസില്‍. ഡേവിഡ് വാര്‍ണര്‍ (36), മര്‍നസ് ലബുഷെയ്ന്‍ (0), സ്റ്റീവ് സ്മിത്ത് (72) എന്നിവരുടെ വിക്കറ്റുകളാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്.
ഭേദപ്പെട്ട തുടക്കമാണ് ഓസ്‌ട്രേലിയക്ക് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ ഖവാജ- വാര്‍ണര്‍ (Usman Khawaja) സഖ്യം 82 റണ്‍സ് കൂട്ടിചേര്‍ത്തു. ഏകദിന ശൈലിയില്‍ കളിച്ച വാര്‍ണര്‍ക്ക് (David Warner) മികച്ച തുടക്കം മുതലാക്കാനായില്ല. മൂന്ന് ഫോറും രണ്ട് സിക്‌സും നേടിയ ഇടങ്കയ്യന്‍ ബാറ്റര്‍ ഹഹീം അഷ്‌റഫിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന് ക്യാച്ച് നല്‍കി.
പിന്നീട് ക്രീസിലെത്തിയ ലബുഷെയ്‌ന് ഒമ്പത് പന്ത് മാത്രമായിരുന്നു ആയുസ്. തകര്‍പ്പന്‍ ഫോമിലുള്ള താരം റണ്ണൗട്ടായി. ഇതോടെ ഓസീസ് രണ്ടിന് 91 എന്ന നിലയിലേക്ക് വീണു. പിന്നീട് ഒത്തുചേര്‍ന്ന ഖവാജ- സ്മിത്ത് സഖ്യമാണ് ഒന്നാംദിനം ഓസീസിന്റെ സ്‌കോര്‍ 250 കടത്തിയത്. 159 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. ഇതിനിടെ ഖവാജ സെഞ്ചുറി പൂര്‍ത്തിയാക്കി.
ഓസ്‌ട്രേലിയന്‍ ഓപ്പണറുടെ 11-ാം ടെസ്റ്റ് സെഞ്ചുറിയായിരുന്നിത്. 13 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ഖവാജയുടെ ഇന്നിംഗ്‌സ്. പാകിസ്ഥാനെതിരെ ആദ്യ സെഞ്ചുറി കൂടിയാണിത്. ജന്മനാട്ടില്‍ സെഞ്ചുറി നേടുന്ന ഓസ്‌ട്രേലിയക്കാരന്‍ എന്ന പ്രത്യേകതയും സെഞ്ചുറിക്കുണ്ട്. പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലമാബാദിലാണ് ഖവാജയുടെ ജനനം. അതേസമയം സ്മിത് ഇതുവരെ ഏഴ് ബൗണ്ടറികള്‍ കണ്ടെത്തി. എന്നാല്‍ ആദ്യദിനം അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള ഓവറില്‍ താരം പുറത്തായി. ഫഹീം അഷ്‌റഫിന്റെ പന്തില്‍ ഹസന്‍ അലിക്ക് ക്യാച്ച്.
മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. റാവല്‍പിണ്ടില്‍ നടന്ന ആദ്യ മത്സരം വിരസമായ സമനിലയില്‍ അവസാനിച്ചിരുന്നു. ബാറ്റ്‌സ്മാന്മാരെ സഹായിക്കുന്ന ഫ്‌ളാറ്റ് ട്രാക്കില്‍ അഞ്ച് ദിവസത്തിനിടെ 14 വിക്കറ്റുകള്‍ മാത്രമാണ് നഷ്ടമായിരുന്നത്. സ്‌കോര്‍ : പാകിസ്ഥാന്‍ 476/6 & 252, ഓസ്‌ട്രേലിയ 459.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!