ഈഡന്‍ ഗാര്‍ഡന്‍സില്‍ നാളെ പരമ്പര ജയത്തിന് ടീം ഇന്ത്യ; സാധ്യതാ ഇലവന്‍, വരുമോ ബൗളിംഗ് മാറ്റം

By Web TeamFirst Published Jan 11, 2023, 4:31 PM IST
Highlights

ഇന്ത്യ 67 റണ്‍സിന്‍റെ വിജയവുമായി മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ 1-0ന് മുന്നിലാണ്

കൊല്‍ക്കത്ത: 2023ലെ ആദ്യ ഏകദിന പരമ്പര ജയം തേടി ടീം ഇന്ത്യ നാളെ ഇറങ്ങുകയാണ്. കൊല്‍ക്കത്തയിലെ വിഖ്യാതമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഉച്ചയ്‌ക്ക് 1.30നാണ് മത്സരം ആരംഭിക്കുന്നത്. മത്സരത്തില്‍ ജയിച്ചാല്‍ ടീം ഇന്ത്യക്ക് പരമ്പര ജയം സ്വന്തമാക്കാം. ഗുവാഹത്തിയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ 67 റണ്‍സിന്‍റെ വമ്പന്‍ ജയം നേടിയതിനാല്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ മാറ്റത്തിന് സാധ്യതയില്ല. 

രണ്ടാം ഏകദിനത്തിലെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, യുസ്‌വേന്ദ്ര ചാഹല്‍. 

ഗുവാഹത്തിയിലെ ആദ്യ ഏകദിനത്തില്‍ വിരാട് കോലിയുടെ സെഞ്ചുറിയുടേയും രോഹിത് ശര്‍മ്മ, ശുഭ്‌മാന്‍ ഗില്‍ എന്നിവരുടെ അര്‍ധസെഞ്ചുറിയുടേയും കരുത്തില്‍ ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 373 റണ്‍സാണ് പടുത്തുയര്‍ത്തിയത്. 45-ാം ഏകദിന സെഞ്ചുറി കണ്ടെത്തിയ കോലി 87 പന്തില്‍ 113 റണ്‍സെടുത്തു. രോഹിത് 67 പന്തില്‍ 83 ഉം ഗില്‍ 60 പന്തില്‍ 70 ഉം റണ്‍സുമായി പുറത്തായി. ഇതോടെ ഇന്ത്യയുടെ ടോപ് ത്രീ ബാറ്റര്‍മാരുടെ കാര്യത്തില്‍ യാതൊരു ആശങ്കയുമില്ല. പിന്നാലെ ശ്രേയസ് അയ്യരും കെ എല്‍ രാഹുലും ഹാര്‍ദിക് പാണ്ഡ്യയും തുടരാനാണ് സാധ്യത. ആദ്യ ഏകദിനത്തില്‍ അയ്യര്‍ 28 ഉം രാഹുല്‍ 39 ഉം ഹാര്‍ദിക് 14  റണ്‍സും ഒരു വിക്കറ്റും നേടി. 

ഇന്ത്യയുടെ ബൗളിംഗ് നിരയിലും കാര്യമായ ആശങ്കകളില്ല. ഗുവാഹത്തിയില്‍ മൂന്ന് വിക്കറ്റ് നേടിയ ഉമ്രാന്‍ മാലിക്കും രണ്ട് വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് സിറാജും ഫോമിലാണ്. അക്‌സര്‍ പട്ടേല്‍ വിക്കറ്റൊന്നും നേടിയില്ലെങ്കിലും ബാറ്റിംഗ് കൂടി പരിഗണിച്ച് ടീമില്‍ തുടരാനാണിട. മുഹമ്മദ് ഷമിയും യുസ്‌വേന്ദ്ര ചാഹലും ഓരോ വിക്കറ്റ് സ്വന്തമാക്കിയിരുന്നു. ക്യാപ്റ്റന്‍ ദാസുന്‍ ശനക സെഞ്ചുറി(88 പന്തില്‍ 108) നേടിയെങ്കിലും 50 ഓവറില്‍ ലങ്കയെ എട്ട് വിക്കറ്റിന് 306ല്‍ ഒതുക്കിയാണ് ഇന്ത്യ 67 റണ്‍സിന്‍റെ വിജയവുമായി മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ 1-0ന് മുന്നിലെത്തിയത്. 

അടിച്ച ട്രിപ്പിള്‍ സെഞ്ചുറി വെറുതെയാവും, പൃഥ്വി ഷാ ഇന്ത്യന്‍ ടീമിലേക്ക് ഉടന്‍ മടങ്ങിയെത്തില്ല- റിപ്പോര്‍ട്ട്

click me!