സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ നടക്കുന്ന ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശ് പിന്മാറി. ഒരു രാജ്യത്തിന് (ഇന്ത്യക്ക്) നിഷ്പക്ഷ വേദി അനുവദിച്ച ഐസിസി തങ്ങൾക്ക് ആ പരിഗണന നൽകാത്തത് ഇരട്ടത്താപ്പാണെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ആരോപിച്ചു. 

ദില്ലി: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് ഇരട്ടത്താപ്പാണെന്നാരോപിച്ച് ബംഗ്ലാദേശ് രംഗത്ത്. ഇന്ത്യയിൽ നിന്ന് ടി20 ലോകകപ്പ് മത്സരങ്ങൾ മാറ്റണമെന്ന ആവശ്യം ഐസിസി തള്ളിയതിനെ തുടര്‍ന്ന് ബംഗ്ലാദേശ് ടൂര്‍ണമെന്‍റില്‍ നിന്ന് പിന്മാറിയിരുന്നു. പിന്നാലെയാണ് ആരോപണവുമായി രംഗത്തെത്തിയത്. സുരക്ഷാ കാരണങ്ങളാൽ ഫെബ്രുവരി 7 ന് ആരംഭിക്കുന്ന ടൂർണമെന്റിനായി ഇന്ത്യയിലേക്ക് പോകാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) വിസമ്മതിച്ചിരുന്നു. 

1996, 2003 വർഷങ്ങളിലെ ഏകദിന ലോകകപ്പുകളിൽ ചില വേദികളിൽ കളിക്കാൻ ഓസ്‌ട്രേലിയ, വെസ്റ്റ് ഇൻഡീസ്, ന്യൂസിലൻഡ്, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകൾ വിസ്സമ്മതിച്ചതിനെ തുടര്‍ന്ന് മത്സരങ്ങൾ ഉപേക്ഷിച്ചതിന്‍റെ മുൻകാല സംഭവങ്ങൾ ഐസിസി തങ്ങള്‍ക്ക് മുന്നിൽ അവതരിപ്പിച്ചതായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് അമിനുൾ ഇസ്ലാം വെളിപ്പെടുത്തി. എന്നാല്‍, സുരക്ഷാ കാരണങ്ങളാൽ പാകിസ്ഥാനിലേക്ക് പോകാൻ വിസമ്മതിച്ചതിന് ശേഷം ഇന്ത്യ ദുബൈയിൽ മത്സരങ്ങൾ കളിച്ച 2025 ചാമ്പ്യൻസ് ട്രോഫിയുടെ ഉദാഹരണം ഉദ്ധരിച്ചുകൊണ്ട് ബിസിബി ഐസിസിയുടെ വാദത്തെ എതിർത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1996 ലും 2003 ലും നടന്ന സംഭവങ്ങളെക്കുറിച്ച് ഐസിസി ഞങ്ങളോട് പറയാൻ ശ്രമിച്ചു. പക്ഷേ സമാനമായ കാര്യത്തിൽ അവരുടെ സമീപകാല നടപടികൾ ഞങ്ങൾ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഫെബ്രുവരിയിൽ ചാമ്പ്യൻസ് ട്രോഫിക്കായി ഒരു രാജ്യം മറ്റൊരു രാജ്യത്തേക്ക് പോകാൻ വിസമ്മതിച്ചപ്പോൾ, ഐസിസി അവർക്കായി നിഷ്പക്ഷ വേദി ഒരുക്കി. ആ ടീം അവരുടെ എല്ലാ ചാമ്പ്യൻസ് ട്രോഫി മത്സരങ്ങളും നിഷ്പക്ഷ വേദിയിൽ കളിച്ചു. അവർ ഒരു ഗ്രൗണ്ടിൽ കളിക്കുകയും ഒരു ഹോട്ടലിൽ താമസിക്കുകയും ചെയ്തു. അതൊരു പ്രിവിലേജായിരുന്നുവെന്നും ഇന്ത്യയെ സൂചിപ്പിച്ച് അമിനുൽ പറഞ്ഞു.

ശ്രീലങ്ക സഹ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്‍റില്‍, ബംഗ്ലാദേശിനും നിഷ്പക്ഷ വേദിയിൽ മത്സരങ്ങൾ കളിക്കാനുള്ള സൗകര്യം നൽകേണ്ടതായിരുന്നുവെന്ന് അമിനുൽ വാദിച്ചു. ശ്രീലങ്കയെ സഹ ആതിഥേയർ എന്ന് വിളിക്കുന്നുണ്ട്. പക്ഷേ അവർ യഥാർത്ഥത്തിൽ അവര്‍ സഹ ആതിഥേയത്വം വഹിക്കുന്നവരല്ല. ഒരു രാജ്യം മാത്രം കളിക്കാൻ ഷെഡ്യൂൾ ചെയ്തിട്ടുള്ള ഒരു ഹൈബ്രിഡ് മോഡലിന്‍റെ ഭാഗമാണ് ശ്രീലങ്ക. ഇന്ത്യയിൽ കളിക്കാൻ ഞങ്ങളുടെ സർക്കാർ മടിക്കുന്നതിനാൽ, അതേ സാധ്യത പ്രയോഗിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ഐസിസിയോട് സൂചിപ്പിച്ചു. എന്നിട്ടും, അവർ തങ്ങളുടെ അഭ്യർത്ഥന നിരസിച്ചുവെന്നും ശ്രീലങ്കയിൽ ലോകകപ്പ് കളിക്കാൻ ബംഗ്ലാദേശ് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക