
ബാര്‍ബഡോസ്: ഒരിക്കല്‍ക്കൂടി എല്ലാ പ്രതീക്ഷകളും നല്‍കി സഞ്ജു സാംസണിനെ പുറത്തിരുത്തിയിരിക്കുന്നു. വെസ്റ്റ് ഇന്‍ഡീസിന് എതിരായ ആദ്യ ഏകദിനത്തിനുള്ള ഇന്ത്യന്‍ പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ചപ്പോള്‍ സഞ്ജുവിന്‍റെ ആരാധകര്‍ കനത്ത നിരാശയിലാണ്. ഏകദിന ലോകകപ്പിന് മുമ്പ് നിര്‍ണായകമാണ് വെസ്റ്റ് ഇന്‍ഡീസിന് എതിരായ പരമ്പര എന്നിരിക്കേ സഞ്ജുവിനെ പുറത്തിരുത്തിയത് ആരാധകരെ തളര്‍ത്തി. സഞ്ജുവിനെ പുറത്തിരുത്തിയതില്‍ വലിയ പ്രതിഷേധമാണ് സാമൂഹ്യമാധ്യമമായ ട്വിറ്ററില്‍ ഉയരുന്നത്. രണ്ട് കാരണങ്ങളാണ് ആരാധകരെ പ്രധാനമായും ചൊടിപ്പിച്ചത്.
ആദ്യ ഏകദിനത്തില്‍ സഞ്ജു സാംസണിന് പകരം വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനെയാണ് ഇന്ത്യ കളിപ്പിക്കുന്നത്. മധ്യനിരയില്‍ ഇഷാനേക്കാള്‍ മികച്ച ബാറ്റര്‍ സഞ്ജുവാണ് എന്ന് കണക്കുകള്‍ നിരത്തി ഇന്ത്യന്‍ ആരാധകര്‍ വാദിക്കുന്നു. സഞ്ജുവിനെ സ്‌പെഷ്യലിസ്റ്റ് ബാറ്ററായി വേണമെങ്കിലും കളിപ്പിക്കാനുള്ള ഓപ്‌ഷന്‍ ടീം മാനേജ്‌മെന്‍റിന് മുന്നിലുണ്ട് എന്നിരിക്കേ ഏകദിനത്തില്‍ ഇതുവരെ അവസരങ്ങളോട് നീതി പുലര്‍ത്താത്ത സൂര്യകുമാര്‍ യാദവിന് ബാര്‍ബഡോസ് ഏകദിനത്തില്‍ അവസരം നല്‍കിയതാണ് ആരാധകര്‍ വിമര്‍ശിക്കുന്ന രണ്ടാമത്തെ കാര്യം. ഹാട്രിക് ഗോള്‍ഡന്‍ ഡക്കായിട്ടുള്ള താരമാണ് സൂര്യ. എന്തുകൊണ്ടാണ് സഞ്ജു ഇലവനിലില്ലാത്തത് എന്ന് ആരാധകര്‍ ചോദിക്കുന്നു. സഞ്ജുവിനെ മാറ്റനിര്‍ത്താന്‍ തക്ക ഒരു കാരണവും ആരാധകര്‍ക്ക് പിടികിട്ടുന്നില്ല.
സൂര്യയും ഇഷാനും ഏകദിന ടീമില്‍ ഇടംപിടിക്കാന്‍ യോഗ്യതയില്ലാത്തവരാണ് എന്നുവരെ ചിലര്‍ വാദിക്കുന്നു. പരിക്ക് മാറി ശ്രേയസ് അയ്യര്‍ ടീമിലെത്തിയാല്‍ പുറത്താകുന്ന താരമാണ് സൂര്യ എന്ന് ആരാധകര്‍ ഓര്‍മ്മിപ്പിക്കുന്നു. ഇടംകൈയന്‍ ബാറ്ററായ ഇഷാന്‍ ടീമില്‍ വന്നത് നല്ല കാര്യമാണ് എങ്കിലും സൂര്യകുമാറിന് പകരം സഞ്ജുവിനെ കളിപ്പിക്കാമായിരുന്നു എന്നാണ് ഒരു ആരാധകന്‍റെ ട്വീറ്റ്. സാധാരണയായി ഓപ്പണറായി കളിക്കാറുള്ള ഇഷാനെ മധ്യനിര ബാറ്ററാക്കി ഇറക്കിയാണ് സഞ്ജുവിനെ തഴഞ്ഞത് എന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഐപിഎല്‍ സൗഹൃദം അടിസ്ഥാനമാക്കിയാണോ ടീമിനെ തെരഞ്ഞെടുക്കുന്നതെന്ന ചോദ്യവും ആരാധകരില്‍ നിന്നുയരുന്നു.
ഇന്ത്യന്‍ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ(വൈസ് ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ഉമ്രാന്‍ മാലിക്, മുകേഷ് കുമാര്‍(അരങ്ങേറ്റം).
ഇന്ത്യ- വിന്‍ഡീസ് ആദ്യ ഏകദിനം: മുകേഷ് കുമാറിന് അരങ്ങേറ്റം, സഞ്ജു സാംസണ്‍ പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം