രോഹിത് ഏഴാമന്‍, കോലി ഇറങ്ങിയില്ല; 'പരീക്ഷണ' ഏകദിനത്തില്‍ ഇന്ത്യക്ക് ജയം

Published : Jul 27, 2023, 11:14 PM ISTUpdated : Jul 27, 2023, 11:23 PM IST
രോഹിത് ഏഴാമന്‍, കോലി ഇറങ്ങിയില്ല; 'പരീക്ഷണ' ഏകദിനത്തില്‍ ഇന്ത്യക്ക് ജയം

Synopsis

സഞ്ജുവിന് ഭീഷണിയായി ഇഷാന്‍ കിഷന്‍റെ ഫിഫ്റ്റി, 115 റണ്‍സ് വിജയലക്ഷ്യം നേടാന്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ 

ബാര്‍ബഡോസ്: ബാറ്റിംഗ് ഓർഡറില്‍ വന്‍ പരീക്ഷണം നടന്ന ആദ്യ ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരെ ഇന്ത്യക്ക് അഞ്ച് വിക്കറ്റിന്‍റെ ജയം. 115 റണ്‍സ് വിജയലക്ഷ്യം 5 വിക്കറ്റ് നഷ്ടപ്പെടുത്തി 22.5 ഓവറിലാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. ബൗളിംഗില്‍ മൂന്ന് ഓവറില്‍ 6 റണ്‍സിന് നാല് വിക്കറ്റുമായി കുല്‍ദീപ് യാദവ് തിളങ്ങിയപ്പോള്‍ ബാറ്റിംഗില്‍ 46 പന്തില്‍ 52 റണ്‍സുമായി ഇഷാന്‍ കിഷന്‍ താരമായി. റണ്‍മെഷീന്‍ വിരാട് കോലി ക്രീസിലിറങ്ങാതിരുന്നപ്പോള്‍ ഓപ്പണറും നായകനുമായ രോഹിത് ശർമ്മ ഏഴാമനായാണ് ക്രീസിലെത്തിയത്. മറ്റ് താരങ്ങള്‍ക്ക് ബാറ്റിംഗിന് അവസരം കൊടുക്കുകയായിരുന്നു ഇരുവരും. എന്നാല്‍ ഈ പരീക്ഷണം പാളാതെ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. 

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത വിന്‍ഡീസിനെ 23 ഓവറില്‍ 114 റണ്‍സില്‍ തളയ്‌ക്കുകയായിരുന്നു ഇന്ത്യന്‍ ബൗളിംഗ് നിര. ടീം ഇന്ത്യക്കായി കുല്‍ദീപ് യാദവ് നാലും രവീന്ദ്ര ജഡേജ മൂന്നും ഹാര്‍ദിക് പാണ്ഡ്യയും മുകേഷ് കുമാറും ഷര്‍ദുല്‍ താക്കൂറും ഓരോ വിക്കറ്റും നേടി. നായകന്‍ ഷായ് ഹോപ് മാത്രമാണ് വിന്‍ഡ‍ീസിനായി പൊരുതിനോക്കിയത്. 3 ഓവറില്‍ 6 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് കുല്‍ദീപിന്‍റെ നാല് വിക്കറ്റ് നേട്ടം. 

വിന്‍ഡീസ് ഇന്നിംഗ്‌സിലെ ആദ്യ മൂന്ന് വിക്കറ്റുകള്‍ ഇന്ത്യന്‍ പേസര്‍മാരും അവശേഷിച്ച ഏഴ് വിക്കറ്റുകള്‍ സ്‌പിന്നര്‍മാരും സ്വന്തമാക്കി. കെയ്‌ല്‍ മെയേഴ്‌സിനെ(9 പന്തില്‍ 2) ഹാര്‍ദിക് പാണ്ഡ്യയും എലിക് അഥാന്‍സയെ(18 പന്തില്‍ 22) അരങ്ങേറ്റക്കാരന്‍ മുകേഷ് കുമാറും ബ്രാണ്ടന്‍ കിംഗിനെ(23 പന്തില്‍ 17) ഷര്‍ദുല്‍ താക്കൂറും തുടക്കത്തിലെ പറഞ്ഞയച്ചു. ഇതിന് ശേഷം സ്‌പിന്നര്‍മാരായ രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും വിന്‍ഡീസിനെ കറക്കിവീഴ്‌ത്തുന്നതാണ് കണ്ടത്. ഷിമ്രോന്‍ ഹെറ്റ്‌മെയര്‍(19 പന്തില്‍ 11), റോവ്‌മാന്‍ പവല്‍(4 പന്തില്‍ 4), റൊമാരിയ ഷെഫോര്‍ഡ്(2 പന്തില്‍ 0) എന്നിവരെ ജഡേജയും ഡൊമിനിക്ക് ഡ്രാക്‌സ്(5 പന്തില്‍ 3), യാന്നിക് കാരിയ(9 പന്തില്‍ 3), ഷായ് ഹോപ്(45 പന്തില്‍ 43), ജെയ്‌ഡന്‍ സീല്‍സ്(3 പന്തില്‍ 0) എന്നിവരെ കുല്‍ദീപും പുറത്താക്കി.

മറുപടി ബാറ്റിംഗില്‍ നായകന്‍ രോഹിത് ശര്‍മ്മ സ്വയം മാറി ഇഷാന്‍ കിഷന് ഓപ്പണിംഗില്‍ ശുഭ്‌മാന്‍ ഗില്ലിനൊപ്പം അവസരം കൊടുത്തു. എന്നാല്‍ ഗില്ലിന്‍റെ(16 പന്തില്‍ 17) ഇന്നിംഗ്‌സ് നാല് ഓവറിനപ്പുറം നീണ്ടില്ല. ജെയ്‌ഡന്‍ സീല്‍സിന്‍റെ പന്തില്‍ സ്ലിപ്പില്‍ ബ്രാണ്ടന്‍ കിംഗിനായിരുന്നു ക്യാച്ച്. മൂന്നാം നമ്പറിലും രോഹിത് ക്രീസിലെത്തിയില്ല. പകരമെത്തിയ സൂര്യകുമാര്‍ യാദവ്(25 പന്തില്‍ 19) നന്നായി തുടങ്ങിയെങ്കിലും ഗുഡകേഷ് മോട്ടീയെ സ്വീപ് കളിക്കാന്‍ ശ്രമിച്ച് എല്‍ബിയില്‍ മടങ്ങി. നാലാമനായി ക്രീസിലെത്തിയ ഹാർദിക് പാണ്ഡ്യ 7 പന്തില്‍ 5  റണ്ണെടുത്ത് പുറത്തായി. അർധസെഞ്ചുറി നേടിയ ഇഷാന്‍ കിഷനെയും(46 പന്തില്‍ 52) മോട്ടീ മടക്കി. 4 പന്തില്‍ 1 റണ്ണുമായി ഷർദുല്‍ ഠാക്കൂറും മടങ്ങി. രവീന്ദ്ര ജഡേജയും(16*), രോഹിത് ശർമ്മയും(12*)  കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ ജയിപ്പിക്കുകയായിരുന്നു. 

Read more: 'ബാസ്‌ബോള്‍' ഗുണവും ദോഷവുമായി; ഇംഗ്ലണ്ടിനെ 283ല്‍ എറിഞ്ഞിട്ട് ഓസ്‌ട്രേലിയ

PREV
Read more Articles on
click me!

Recommended Stories

റെക്കോര്‍ഡുകളുടെ മാല തീര്‍ത്ത് വിരാട് കോലി; ഇതിഹാസങ്ങള്‍ ഇനി ഇന്ത്യന്‍ താരത്തിന് പിന്നില്‍
ആഷസ് ടെസ്റ്റ്: മൈക്കല്‍ നെസറിന് അഞ്ച് വിക്കറ്റ്, ഓസീസിന് 65 റണ്‍സ് വിജയലക്ഷ്യം