
ഗയാന: ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ നായകനാണ് എം എസ് ധോണി. ടീം ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടങ്ങള്‍ നേടി നല്‍കിയ ക്യാപ്റ്റന്‍. ധോണി യുഗത്തിന് ശേഷം വിരാട് കോലിയും രോഹിത് ശര്‍മ്മയും ഇപ്പോള്‍ ട്വന്‍റി 20 ക്രിക്കറ്റില്‍ മാത്രമെങ്കിലും ഹാര്‍ദിക് പാണ്ഡ്യയും ടീം ഇന്ത്യയെ നയിക്കുകയാണ്. കോലി മുതലിങ്ങോട്ടുള്ള എല്ലാ ക്യാപ്റ്റന്‍മാരുടേയും റോള്‍ മോഡലായ ധോണിയുടെ ശൈലി ഇപ്പോഴും ഇന്ത്യന്‍ ക്രിക്കറ്റിലുണ്ട് എന്നാണ് സ്‌പിന്നര്‍ യുസവേന്ദ്ര ചഹല്‍ പറയുന്നത്. വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ടാം ടി20ക്ക് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ ചഹലിന്‍റെ വാക്കുകള്‍ ഇങ്ങനെ.
'നിങ്ങളുടെ കുടുംബത്തില്‍ നാല് സഹോദരന്‍മാരുണ്ട്. ഇന്ത്യയുടെ ക്യാപ്റ്റന്‍സിയെ ഞാന്‍ കാണുന്നത് ഇത്തരത്തിലാണ്. എം എസ് ധോണി ഏറ്റവും മൂത്ത ചേട്ടന്‍. പിന്നെ വിരാട് കോലിയും രോഹിത് ശര്‍മ്മയും ഇപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയും. ഇവരുടെയെല്ലാം രീതി ഒന്നുതന്നെ. മാറ്റങ്ങളില്ല. ടീം ജയിക്കുകയാണ് മൈതാനത്ത് എല്ലാവര്‍ക്കും വേണ്ടത്. ബൗളര്‍ എന്ന നിലയില്‍ ധോണി എന്ത് സ്വാതന്ത്ര്യം നല്‍കുന്നോ അത് തന്നെയാണ് ഹാര്‍ദിക്കും അനുവദിക്കുന്നത്. ബൗളര്‍മാര്‍ക്ക് അവരുടേതായ ഫീല്‍ഡ് സെറ്റ് ചെയ്യാം. ഒരു ബൗളറുടെ പദ്ധതി വിജയിക്കുന്നില്ലെങ്കില്‍ വേണ്ട നിര്‍ദേശം പാണ്ഡ്യ നല്‍കും. അതിനാല്‍ ടീമിന്‍റെ ക്യാപ്റ്റന്‍സി നോക്കുമ്പോള്‍ അടിമുടി മാറ്റം പറയാനില്ല. ക്യാപ്റ്റനില്‍ നിന്ന് ബൗളര്‍ക്ക് എപ്പോഴും സ്വാതന്ത്ര്യം ലഭിക്കുന്നു' എന്നും ചഹല്‍ കൂട്ടിച്ചേര്‍ത്തു.
വെസ്റ്റ് ഇന്‍ഡീസിന് എതിരായ മൂന്ന് ഏകദിനങ്ങളിലു കളിക്കാതിരുന്ന യുസ്‌വേന്ദ്ര ചഹല്‍ ആദ്യ ടി20യില്‍ ടീമിലിടം പിടിച്ചപ്പോള്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. മൂന്ന് ഓവറില്‍ 24 റണ്‍സിന് വിന്‍ഡീസ് ഓപ്പണര്‍മാരായ ബ്രാണ്ടന്‍ കിംഗ്, കെയ്‌ല്‍ മെയേഴ്‌സ് എന്നിവരെ ഡ്രസിംഗ് റൂമിലേക്ക് പറഞ്ഞയച്ചു. ഇന്ന് ഗയാനയില്‍ നടക്കുന്ന രണ്ടാം ട്വന്‍റി 20യിലും യുസ്‌വേന്ദ്ര ചഹല്‍ പ്ലേയിംഗ് ഇലവനിലുണ്ടാകും എന്നുറപ്പ്. ആദ്യ മത്സരത്തില്‍ നാല് റണ്‍സിന് തോറ്റ ഇന്ത്യ അഞ്ച് കളികളുടെ ടി20 പരമ്പരയില്‍ ശക്തമായ തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!