
പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ടെസ്റ്റ് ക്രിക്കറ്റിലെ 29-ാം സെഞ്ചുറി, അതും രാജ്യാന്തര കരിയറിലെ 500-ാം മത്സരത്തില്‍. വിരാട് കോലി ഇതിഹാസമായി മാറിയിട്ട് വര്‍ഷങ്ങളായി എങ്കിലും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഓരോ റെക്കോര്‍ഡുകളും തകര്‍ക്കുകയാണ് ഇനി മുന്നിലുള്ള ലക്ഷ്യം. വിന്‍ഡീസിനെതിരെ പോര്‍ട്ട് ഓഫ് സ്‌പെയിനിലെ സെഞ്ചുറിയോടെ കോലി സമകാലിക ഗോട്ട് എന്ന വിശേഷണം വീണ്ടും അരക്കിട്ടുറപ്പിക്കുമ്പോള്‍ വമ്പന്‍ പ്രശംസയുമായി എത്തിയിരിക്കുകയാണ് വിന്‍ഡീസ് ബൗളിംഗ് ഇതിഹാസം കോർട്‌ണി വാൽഷ്.
ഇന്ത്യന്‍ താരങ്ങളില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് തൊട്ടുപിന്നിലാണ് വിരാട് കോലിയുടെ സ്ഥാനം എന്ന് കോർട്ണി വാൽഷ് പറയുന്നു. താന്‍ നേരിട്ട് കളി കണ്ട താരങ്ങളില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ വരുന്ന മികച്ച ബാറ്ററാണ് കോലി എന്ന് വ്യക്തമാക്കിയ വാൽഷ്, കിംഗിന്‍റെ ക്രിക്കറ്റിനോടുള്ള സമീപനത്തേയും പ്രശംസിച്ചു. 'ക്രിക്കറ്റിനോട് അതിയായ അഭിനിവേശമുണ്ട് കോലിക്ക്. ക്രിക്കറ്റില്‍ തന്‍റെ പേര് അടയാളപ്പെടുത്തിയേ കോലി മടങ്ങൂ. ഞാന്‍ വെസ്റ്റ് ഇന്‍ഡീസിന്‍റെ ചീഫ് സെലക്‌ടറായിരുന്നപ്പോള്‍ കോലിയുമായി സംസാരിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും മികച്ച താരമാകണം എന്നാണ് തന്‍റെ ലക്ഷ്യം എന്നാണ് കോലി പറഞ്ഞത്. അതിനായി ആരുടേയും ഉപദേശം സ്വീകരിക്കാന്‍ മടിയില്ല. അതിനാല്‍ തന്നെ കോലിയുടെ നേട്ടങ്ങളില്‍ അമ്പരപ്പില്ല. ലോകത്തെ ഏറ്റവും മികച്ച താരങ്ങളിലൊരാളാവാനുള്ള എല്ലാ അഭിനിവേശവും കോലിയില്‍ കണ്ടിട്ടുണ്ട്' എന്നും കോർട്ണി വാൽഷ് കൂട്ടിച്ചേര്‍ത്തു.
പോര്‍ട്ട് ഓഫ് സ്‌പെയിനിലെ ക്വീന്‍സ് പാര്‍ക്ക് ഓവല്‍ ടെസ്റ്റിന്‍റെ രണ്ടാം ദിനം ഷാനോണ്‍ ഗബ്രിയേലിനെ പോയിന്‍റിലേക്ക് ബൗണ്ടറി കടത്തി കോലി 29-ാം സെഞ്ചുറി പൂര്‍ത്തിയാക്കിയപ്പോള്‍ ടെസ്റ്റ് സെഞ്ചുറികളുടെ എണ്ണത്തില്‍ സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന് ഒപ്പമെത്തി കിംഗ്. ബ്രാഡ‍്മാന്‍ 52 ടെസ്റ്റുകളില്‍ നിന്നാണ് 29 സെഞ്ചുറികള്‍ നേടിയെങ്കില്‍ കോലിയുടെ നേട്ടം 111 ടെസ്റ്റുകളില്‍ നിന്നാണ്. രാജ്യാന്തര കരിയറിലെ 76-ാം സെഞ്ചുറി കുറിച്ച കോലി അതിവേഗം ഈ നേട്ടത്തിലെത്തുന്ന ബാറ്ററുമായി. മൂന്ന് ഫോര്‍മാറ്റിലുമായി വിദേശത്ത് കോലി നേടുന്ന 28ാം സെഞ്ചുറി കൂടിയാണിത്.
Read more: 29-ാം ടെസ്റ്റ് സെഞ്ചുറി, സച്ചിന്‍റെ അതേ പാതയില്‍ വിരാട് കോലി; ഇരുവര്‍ക്കും അസാമാന്യമായ സാമ്യം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം