2002ല്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും 29-ാം ടെസ്റ്റ് സെഞ്ചുറി കണ്ടെത്തിയത് ട്രിനിഡാഡിലെ ക്വീന്‍സ് പാര്‍ക്ക് ഓവലിലായിരുന്നു
പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ടാം ടെസ്റ്റില്‍ മൂന്നക്കം തികച്ച് ഇന്ത്യന്‍ റണ്‍ മെഷിന്‍ വിരാട് കോലി 29-ാം ടെസ്റ്റ് സെഞ്ചുറി നേടിയിരിക്കുകയാണ്. സമകാലിക ക്രിക്കറ്റിലെ ഗോട്ട് താന്‍ തന്നെ എന്ന് അരക്കിട്ടുറപ്പിച്ചാണ് കോലി പോര്‍ട്ട് ഓഫ് സ്‌പെയിനിലെ ക്വീന്‍സ് പാര്‍ക്ക് ഓവലില്‍ മൂന്നക്കത്തിലേക്ക് എത്തിയത്. ടെസ്റ്റ് കരിയറിലെ ഇരുപത്തിയൊമ്പതാം സെഞ്ചുറി കോലി നേടിയപ്പോള്‍ ഇതിന് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ 29-ാം ടെസ്റ്റ് ശതകവുമായി അസാമാന്യമായ സാമ്യമുണ്ട്.
2002ല്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും 29-ാം ടെസ്റ്റ് സെഞ്ചുറി കണ്ടെത്തിയത് ട്രിനിഡാഡിലെ ക്വീന്‍സ് പാര്‍ക്ക് ഓവലിലായിരുന്നു. ക്രിക്കറ്റില്‍ സച്ചിന്‍റെ പാദമുദ്ര പിന്തുടരുന്ന കോലിക്കും ഇതേ മൈതാനത്ത് തന്‍റെ 29-ാം ശതകം കണ്ടെത്താനായി എന്നതാണ് അവിശ്വസനീയ സാമ്യത. ആദ്യ ടെസ്റ്റില്‍ സെഞ്ചുറി നഷ്‌ടമായ കോലി(76) പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ 206 പന്തില്‍ 121 റണ്‍സ് കണ്ടെത്തി. ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള 100-ാം ചരിത്ര ടെസ്റ്റിലാണ് കോലി സെഞ്ചുറി കണ്ടെത്തിയത്. ഇരു ടീമുകളും തമ്മിലുള്ള 50-ാം മത്സരത്തില്‍ സുനില്‍ ഗാവസ്‌കര്‍ 121 റണ്‍സ് നേടിയിരുന്നു എന്ന സവിശേഷതയുമുണ്ട്. 1983ലായിരുന്നു ഇത്. 40 വര്‍ഷത്തിന് ശേഷം ഇതേ സ്കോര്‍ ആവര്‍ത്തിച്ചിരിക്കുകയാണ് കിംഗ് കോലി.
ട്രിനിഡാഡില്‍ പുരോഗമിക്കുന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ മികച്ച സ്കോര്‍ നേടി. കോലി രാജാവായി വാണപ്പോള്‍ ഇന്ത്യ 128 ഓവറില്‍ 438 റണ്‍സ് പേരിലാക്കി. ഇന്ത്യക്കായി വിരാട് കോലിയുടെ സെഞ്ചുറിക്ക് പുറമെ രോഹിത് ശര്‍മ്മ(80), രവിന്ദ്ര ജഡേജ(61), യശസ്വി ജയ്‌സ്വാള്‍(57), രവിചന്ദ്രന്‍ അശ്വിന്‍(56) എന്നിവരും തിളങ്ങി. വിന്‍ഡീസിനായി കെമാര്‍ റോച്ചും ജൊമെല്‍ വാരിക്കനും മൂന്ന് വീതവും ജേസന്‍ ഹോള്‍ഡര്‍ രണ്ടും ഷാനന്‍ ഗബ്രിയേല്‍ ഒന്നും വിക്കറ്റ് നേടി. മറുപടി ബാറ്റിംഗില്‍ വെസ്റ്റ് ഇന്‍ഡീസ് 86-1 എന്ന സ്കോറില്‍ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിക്കും. ഇന്ത്യന്‍ സ്കോറിനേക്കാള്‍ 352 റണ്‍സ് പിന്നിലാണ് വിന്‍ഡീസ് ഇപ്പോള്‍.
Read more: 'ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്ന് വീണ്ടും പുറത്തേക്ക് അജിങ്ക്യ രഹാനെ'; തുറന്നുപറഞ്ഞ് മുന്‍ താരം