സൂര്യകുമാർ അവതരിച്ചു, തിലക് തിളങ്ങി; മൂന്നാം ട്വന്‍റി 20യില്‍ ഏഴഴക് വിജയവുമായി ടീം ഇന്ത്യ

Published : Aug 08, 2023, 11:18 PM ISTUpdated : Aug 08, 2023, 11:32 PM IST
സൂര്യകുമാർ അവതരിച്ചു, തിലക് തിളങ്ങി; മൂന്നാം ട്വന്‍റി 20യില്‍ ഏഴഴക് വിജയവുമായി ടീം ഇന്ത്യ

Synopsis

44 പന്തില്‍ 10 ഫോറും നാല് സിക്സും സഹിതം 83 റണ്‍സെടുത്ത സൂര്യകുമാറിനെ അല്‍സാരി ജോസഫ് മടക്കി, പക്ഷേ ഫിനിഷ് ചെയ്ത് തിലക് വർമ്മയും ഹാർദിക് പാണ്ഡ്യയും

ഗയാന: ജീവന്‍മരണ പോരാട്ടമായി മാറിയ മൂന്നാം ട്വന്‍റി 20യില്‍ ഏഴ് വിക്കറ്റിന്‍റെ ത്രില്ലർ ജയവുമായി ടീം ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്. വെസ്റ്റ് ഇന്‍ഡീസ് മുന്നോട്ടുവെച്ച 160 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 17.5 ഓവറില്‍ ഇന്ത്യ സ്വന്തമാക്കി. ഇതോടെ അഞ്ച് ടി20കളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് പ്രതീക്ഷ നിലനിർത്തി. സൂര്യകുമാർ യാദവിന്‍റെ വെടിക്കെട്ടും തിലക് വർമ്മയുടെ തുടർച്ചയായ മൂന്നാം ഗംഭീര ഇന്നിംഗ്സുമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. 

മറുപടി ബാറ്റിംഗില്‍ അരങ്ങേറ്റക്കാരന്‍ യശസ്വി ജയ്‌സ്വാളിനെ ഇന്നിംഗ്‌സിലെ നാലാം പന്തില്‍ ഇന്ത്യക്ക് നഷ്‌ടമായി. 2 പന്തില്‍ ഒരു റണ്ണെടുത്ത ജയ്‌സ്വാളിനെ ഒബെഡ് മക്കോയി പുറത്താക്കുകയായിരുന്നു. മറ്റൊരു ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍(11 പന്തില്‍ 6) വീണ്ടും പരാജയമായി. ഇതിന് ശേഷം 23 പന്തില്‍ ഫിഫ്റ്റി തികച്ച സൂര്യകുമാര്‍ യാദവും തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ക്ലാസ് കാണിച്ച തിലക് വര്‍മ്മയും 50 റണ്‍സ് കൂട്ടുകെട്ടുമായി ടീമിനെ മുന്നോട്ടുനയിച്ചു. 10 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 97-2. 44 പന്തില്‍ 10 ഫോറും നാല് സിക്സും സഹിതം 83 റണ്‍സെടുത്ത സൂര്യകുമാറിനെ അല്‍സാരി ജോസഫ് 13-ാം ഓവറില്‍ മടക്കിയെങ്കിലും തിലക് വർമ്മയും(37 പന്തില്‍ 49*), ഹാർദിക് പാണ്ഡ്യയും(15 പന്തില്‍ 20*) ചേർന്ന് ടീമിനെ ജയിപ്പിച്ചു. 

നേരത്തെ, ടോസ് നേടി ബാറ്റിംഗിറങ്ങിയ വിന്‍ഡീസ് 20 ഓവറില്‍ 5 വിക്കറ്റിന് 159 റണ്‍സ് നേടുകയായിരുന്നു. 42 റണ്‍സെടുത്ത ഓപ്പണര്‍ ബ്രാണ്ടന്‍ കിംഗാണ് ആതിഥേയരുടെ ടോപ് സ്കോറര്‍. ഇന്ത്യക്കായി കുല്‍ദീപ് യാദവ് മൂന്നും അക്‌സര്‍ പട്ടേലും മുകേഷ് കുമാറും ഓരോ വിക്കറ്റും വീഴ്‌ത്തി. അവസാന ഓവറുകളില്‍ നായകന്‍ റോവ്‌മാന്‍ പവല്‍ നടത്തിയ വെടിക്കെട്ടാണ് വിന്‍ഡീസിനെ കാത്തത്. 

ബ്രാണ്ടന്‍ കിംഗും കെയ്‌ല്‍ മെയേഴ്‌സും കരുതലോടെ തുടങ്ങിയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 38 റണ്‍സിലെത്തി. തൊട്ടടുത്ത ഓവറില്‍ കുല്‍ദീപ് യാദവിനെതിരെ 12 റണ്‍സുമായി ഇരുവരും ടീമിനെ 50ലെത്തിച്ചു. എട്ടാം ഓവറിലെ നാലാം പന്തില്‍ മെയേഴ്‌സിനെ(20 പന്തില്‍ 25) മടക്കി അക്‌സര്‍ പട്ടേല്‍ ഇന്ത്യക്ക് ബ്രേ‌ക്ക്‌ത്രൂ നല്‍കി. അര്‍ഷ്‌ദീപ് സിംഗിനായിരുന്നു ക്യാച്ച്. 10 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ സ്കോര്‍ 73-1. ഇതിന് ശേഷം ജോണ്‍സണ്‍ ചാള്‍സ്(14 പന്തില്‍ 12), നിക്കോളാസ് പുരാന്‍(12 പന്തില്‍ 20), ബ്രാണ്ടന്‍ കിംഗ്(42 പന്തില്‍ 42) എന്നിവരെ മടക്കി കുല്‍ദീപ് യാദവ് മടങ്ങിവരവ് ആഘോഷിച്ചു. അപകടകാരിയായ പുരാനെ സഞ്ജു സാംസണ്‍ സ്റ്റംപ് ചെയ്യുകയായിരുന്നു. 

ഷിമ്രോന്‍ ഹെറ്റ്‌‌മെയര്‍ ഒരിക്കല്‍ കൂടി ബാറ്റിംഗ് പരാജയമായി. 8 പന്തില്‍ 9 റണ്‍സെടുത്ത താരത്തെ മുകേഷ് കുമാര്‍ പുറത്താക്കുകയായിരുന്നു. ഹെറ്റ്‌മെയര്‍ പുറത്താകുമ്പോള്‍ വിന്‍ഡീസിന് 17.1 ഓവറില്‍ 125 റണ്‍സേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ അര്‍ഷ്‌ദീപിനെ നായകന്‍ റോവ്‌മാന്‍ പവല്‍ പറത്തിയതോടെ സ്കോര്‍ 20 ഓവറില്‍ 159-5 എന്ന നിലയിലെത്തുകയായിരുന്നു. റോവ്‌മാന്‍ പവല്‍ 19 പന്തില്‍ 40* ഉം, റൊമാരിയോ ഷെഫേര്‍ഡ് 5 പന്തില്‍ 2* ഉം റണ്‍സുമായി പുറത്താവാതെ നിന്നു.

Read more: ആനമണ്ടത്തരം! ഇന്ത്യ- വിന്‍ഡീസ് മൂന്നാം ട്വന്‍റി 20 തുടങ്ങാന്‍ വൈകി, കാരണം വിചിത്രം; ട്രോളി ആരാധകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ക്ഷമ കെട്ടു, സെല്‍ഫി വീഡിയോ എടുത്തുകൊണ്ടിരുന്ന ആരാധകന്‍റെ കൈയില്‍ നിന്ന് ഫോണ്‍ പിടിച്ചുവാങ്ങി ജസ്പ്രീത് ബുമ്ര
'ചാമ്പ്യൻസ്' വൈബില്‍ മുംബൈ ഇന്ത്യൻസ്; ആറാം കിരീടം തന്നെ ലക്ഷ്യം, അടിമുടി ശക്തർ