വിന്‍ഡീസ് ഓപ്പണര്‍മാരും ഇന്ത്യന്‍ താരങ്ങളും മൈതാനത്തെത്തിയ ശേഷമാണ് അംപയര്‍മാര്‍ ഒരു കാര്യം ശ്രദ്ധിച്ചത്

ഗയാന: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ട്വന്‍റി 20 ആരംഭിച്ചത് വൈകി. മത്സരം തുടങ്ങാന്‍ വൈകിയതിന് പിന്നാലെ കാരണമാണ് ഏറെ രസകരമായത്. ടോസ് കഴിഞ്ഞ് മത്സരം ആരംഭിക്കുന്നതിനായി ഇരു ടീമുകളും കളത്തിലിറങ്ങിയ ശേഷമാണ് ഈ മണ്ടത്തരം അംപയര്‍മാര്‍ തിരിച്ചറിഞ്ഞത്. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിന് വന്‍ നാണക്കേടായി ഈ സംഭവം. 

പരമ്പര നേടാന്‍ വിന്‍ഡീസും നാണക്കേട് ഒഴിവാക്കാന്‍ ടീം ഇന്ത്യയും പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ ഇറങ്ങുകയായിരുന്നു. എന്നാല്‍ വിന്‍ഡീസ് ഓപ്പണര്‍മാരും ഇന്ത്യന്‍ താരങ്ങളും മൈതാനത്തെത്തിയ ശേഷമാണ് അംപയര്‍മാര്‍ ഒരു കാര്യം ശ്രദ്ധിച്ചത്. മൈതാനത്ത് 30 വാര സര്‍ക്കിള്‍ വരച്ചിട്ടുണ്ടായിരുന്നില്ല. ഒഫീഷ്യല്‍സിന്‍റെയും ഗ്രൗണ്ട്‌സ്‌മാന്‍റേയും ഭാഗത്ത് നിന്നുണ്ടായ വീഴ്‌ചയായിരുന്നു ഇത്. ഇതോടെ താരങ്ങള്‍ മൈതാനത്തിന് പുറത്തേക്ക് മടങ്ങി. മിനുറ്റുകള്‍ക്കുള്ളില്‍ ഒഫീഷ്യല്‍സ് ഈ പ്രശ്‌നം പരിഹരിച്ചതോടെയാണ് മത്സരം ആരംഭിക്കാനായത്. പ്രശ്‌നം വളരെ പെട്ടെന്ന് പരിഹരിക്കപ്പെങ്കിലും ഒഫീഷ്യല്‍സിന്‍റെ ഭാഗത്ത് നിന്നുണ്ടായ വീഴ്‌ചയെ ട്രോളുകയാണ് ആരാധകര്‍. ഇത് രാജ്യാന്തര ക്രിക്കറ്റാണോ കണ്ടംക്രിക്കറ്റാണോ എന്നാണ് ആരാധകരുടെ ചോദ്യം. ഈയടുത്ത് റാവല്‍പിണ്ടിയില്‍ പാകിസ്ഥാന്‍- ന്യൂസിലന്‍ഡ് ഏകദിനം സമാന കാരണത്താല്‍ വൈകിയിരുന്നു. 

Scroll to load tweet…
Scroll to load tweet…

മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് നായകന്‍ റോവ്‌മാന്‍ പവല്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. പരിക്കേറ്റ ജേസന്‍ ഹോള്‍ഡറിന് പകരം റോസ്‌ടന്‍ ചേസ് വിന്‍ഡീസ് പ്ലേയിംഗ് ഇലവനിലെത്തി. ഇന്ത്യന്‍ നിരയില്‍ യശസ്വി ജയ്‌സ്വാള്‍ ട്വന്‍റി 20 അരങ്ങേറ്റം കുറിച്ചു. രവി ബിഷ്‌ണോയിക്ക് പകരം കുല്‍ദീപ് യാദവ് ഇലവനിലേക്ക് മടങ്ങിയെത്തിയതാണ് മറ്റൊരു മാറ്റം. അഞ്ച് മത്സര ട്വന്‍റി 20 പരമ്പരയിലെ ആദ്യ രണ്ട് കളികളും തോറ്റ ഇന്ത്യക്ക് ഇന്ന് കൂടി പരാജയപ്പെട്ടാല്‍ ടി20 പരമ്പര നഷ്‌ടമാകും. ഇതിനാല്‍ ജീവന്‍മരണ പോരാട്ടമാണ് ഹാര്‍ദിക് പാണ്ഡ്യക്കും സംഘത്തിനും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം