മത്സരത്തിന് ആള് ഇടിച്ചുകയറണേല്‍ സഞ്ജു സാംസണ്‍ തന്നെ വേണം, സഞ്ജുവിനെ പോസ്റ്റര്‍ ബോയി ആക്കി അയര്‍ലന്‍ഡ് ക്രിക്കറ്റ്, ബോര്‍ഡിനുണ്ടായത് വലിയ നേട്ടം! 

ഡബ്ലിന്‍: ടീം ഇന്ത്യക്ക് വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ശേഷം വരുന്ന പരമ്പര അയര്‍ലന്‍ഡിനെതിരായ മൂന്ന് ട്വന്‍റി 20കളാണ്. അയര്‍ലന്‍ഡില്‍ വച്ച് ഓഗസ്റ്റ് 18, 20, 23 തിയതികളിലായാണ് ഈ മത്സരങ്ങള്‍. സീനിയര്‍ താരങ്ങള്‍ വിട്ടുനില്‍ക്കുന്ന ഈ പരമ്പരയില്‍ ഇന്ത്യക്കായി കളിക്കുന്നത് ജസ്‌പ്രീത് ബുമ്രയുടെ ക്യാപ്റ്റന്‍സിയില്‍ യുവ താരങ്ങളാണ്. മൂന്ന് ടി20കളിലുടെ പരമ്പരയിലെ ആദ്യ രണ്ട് കളികളുടേയും ടിക്കറ്റുകള്‍ ഇതിനകം വിറ്റുതീര്‍ന്നു എന്നതാണ് വസ്‌തുത. ഇതിനൊരു കാരണക്കാരന്‍ മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണാണ്. സഞ്ജുവിനെ പോസ്റ്റര്‍ ബോയിയാക്കി ജൂലൈ 29ന് ക്രിക്കറ്റ് അയര്‍ലന്‍ഡ് പോസ്റ്റര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇത് ക്ലിക്ക് ആയി എന്നുവേണം മനസിലാക്കാന്‍. 

എത്ര ഫോമില്ല എന്ന് പറഞ്ഞാലും സഞ്ജു സാംസണ്‍ ടീമിലുണ്ടേല്‍ കളി കാണാന്‍ സ്റ്റേ‍ഡിയത്തില്‍ ആള് കയറും എന്നതൊരു യാഥാര്‍ഥ്യമാണ്. മലയാളികള്‍ ഏറെയുള്ള അയര്‍ലന്‍ഡില്‍ സഞ്ജുവിന്‍റെ കളി കാണാന്‍ കഴിഞ്ഞ തവണയും വലിയ ആരാധകക്കൂട്ടമുണ്ടായിരുന്നു. ഇത്തവണ ഇന്ത്യ- അയര്‍ലന്‍ഡ് പര്യടനം നടക്കുമ്പോള്‍ പോസ്റ്റര്‍ ബോയിയായി സഞ്ജുവിനെ അയര്‍ലന്‍ഡ് ക്രിക്കറ്റ് അവതരിപ്പിച്ചിരുന്നു. ഇതോടെ ആദ്യ രണ്ട് മത്സരങ്ങളുടെ ടിക്കറ്റ് ചൂടപ്പം പോലെ വിറ്റുതീര്‍ന്നു. മൂന്നാം മത്സരത്തിന്‍റെ ചുരുക്കം ടിക്കറ്റുകള്‍ മാത്രമാണ് ഇപ്പോള്‍ വില്‍പനയ്‌ക്കായി അവശേഷിക്കുന്നത്. സഞ്ജു സ്ക്വാഡിലുള്ളതിനാല്‍ മലയാളികളേറെ മത്സരത്തിനായി ടിക്കറ്റെടുത്തിട്ടുണ്ട് എന്നുറപ്പാണ്.

Scroll to load tweet…

2022ല്‍ ഇന്ത്യന്‍ ട്വന്‍റി 20 ടീം അയര്‍ലന്‍ഡില്‍ പര്യടനം നടത്തിയപ്പോള്‍ ആദ്യ മത്സരത്തില്‍ സഞ്ജു സാംസണ്‍ തകര്‍ത്തടിച്ചിരുന്നു. ഓപ്പണറായി ഇറങ്ങിയ സഞ്ജു 42 പന്തില്‍ 9 ഫോറും 4 സിക്‌സറും സഹിതം 77 റണ്‍സ് അടിച്ചുകൂട്ടി. സഞ്ജുവിന്‍റെ മത്സരം കാണാന്‍ നിരവധി മലയാളി ആരാധകരാണ് അന്ന് ഡബ്ലിനിലെ സ്റ്റേഡിയത്തിലെത്തിയത്. ടോസ് വേളയില്‍ സഞ്ജു സാംസണിനായി വലിയ മുറവിളിയായിരുന്നു അന്നുയര്‍ന്നത്. ഇക്കുറിയും ഇന്ത്യന്‍ ടീം അയര്‍ലന്‍ഡില്‍ എത്തുന്നത് സഞ്ജു സാംസണുമായാണ്. സഞ്ജുവിനെ ക്യാപ്റ്റനാക്കും എന്നൊരു അഭ്യൂഹമുണ്ടായിരുന്നെങ്കിലും ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് പേസര്‍ ജസ്‌പ്രീത് ബുമ്രയാണ്. പരിക്കിന് ശേഷമുള്ള തിരിച്ചുവരവിലെ ആദ്യ പരമ്പരയിലാണ് ബുമ്രയെ സെലക്ടര്‍മാര്‍ നായകനാക്കിയിരിക്കുന്നത്. 

Scroll to load tweet…

അയർലൻഡ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ജസ്പ്രീത് ബുമ്ര(ക്യാപ്റ്റന്‍), റുതുരാജ് ഗെയ്‌ക്‌വാദ്(വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാൾ, തിലക് വർമ്മ, റിങ്കു സിംഗ്, സഞ്ജു സാംസൺ(വിക്കറ്റ് കീപ്പര്‍), ജിതേഷ് ശർമ്മ(വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, ഷഹബാസ് അഹമ്മദ്, രവി ബിഷ്‌ണോയ്, പ്രസിദ് കൃഷ്‌ണ, അർഷ്‌ദീപ് സിംഗ്, മുകേഷ് കുമാർ, ആവേശ് ഖാൻ. 

Read more: ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ്; സഞ്ജു സാംസണ് മുന്നില്‍ പ്രതീക്ഷയുടെ മറ്റൊരു വഴി!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം